കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഗണപതിവട്ടജി എന്ന് വിളിച്ച് പരിഹസിക്കുകയും മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം തുടങ്ങിയവ ചർച്ചയാക്കുകയും ചെയ്ത സജീവ സംഘ്പരിവാർ സഹയാത്രികൻ ശ്രീജിത്ത് പണിക്കർക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത്. ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ്, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, യുവമോർച്ച തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ വിഷ്ണുനാരായണൻ, സംഘ്പരിവാർ സഹയാത്രികനും കുരുക്ഷേത്ര ബുക്സ് മുൻ ജനറൽ മാനേജറുമായ ഷാബു പ്രസാദ് എന്നിവരാണ് വിഷയത്തിൽ പരസ്യമായി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘ആക്രി നിരീക്ഷകനായ കള്ളപ്പണിക്കർ’ എന്ന് ശ്രീജിത്തിനെ സുരേന്ദ്രൻ അധിക്ഷേപിച്ചതോടെയാണ് വിഴുപ്പലക്കൽ പരസ്യമായത്. ഇതിനുപിന്നാലെ ‘പ്രിയപ്പെട്ട ഗണപതിവട്ടജി’ എന്ന് പരിഹസിച്ച് ശ്രീജിത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തുടർന്ന് വിവാദം കത്തിപ്പടരുകയായിരുന്നു.
സംസ്ഥാന പ്രസിഡൻ്റിനെ അപമാനിക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് വരുന്ന ബി.ജെ.പി പ്രവർത്തകർക്ക് കണ്ടു നിൽക്കാനാവിെല്ലന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ് മുന്നറിയിപ്പ് നൽകി.
‘ആക്രി നിരീക്ഷകൻമാരുടെ ശ്രദ്ധയ്ക്ക്.... ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നത് പാർട്ടിയുടെ ദേശീയ നേതൃത്വമാണ്. പ്രസിഡന്റ് ആരായാലും അദ്ദേഹം നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും ജെപി നദ്ദയുടെയുമെല്ലാം പ്രതിനിധിയാണ്. പ്രസിഡന്റിനെ അപമാനിക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് വരുന്ന ബി.ജെ.പി പ്രവർത്തകർക്ക് കണ്ടു നിൽക്കാനാവില്ല. സ്വന്തം സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിക്കുന്ന നേതാക്കൻമാർ താങ്കളുടെ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടാകുമായിരിക്കും. അത് വെച്ച് ബിജെപിയെ അളക്കരുത്. ഇത് പാർട്ടി വേറെയാണ്.’ എന്നാണ് രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്.
യുവമോർച്ച തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ വിഷ്ണുനാരായണനും രൂക്ഷമായ ഭാഷയിൽ ശ്രീജിത്തിനെതിരെ പ്രതികരിച്ചു. ‘ഇന്ത്യയുടെ പടമുള്ള കോട്ടിട്ട് രാജ്യസ്നേഹം മുഴക്കുന്ന ഈശ്വരന്മാരെയും മറുനാടനെയും ഇതുവരെ തിരിച്ചറിയാൻ സാധികാത്ത നിങ്ങൾ കുരുട്ട് ബുദ്ധി കൊണ്ട് ജീവിച്ച് പോകുന്ന പണിക്കരെ മനസ്സിലാക്കുമ്പോളേക്കും ഒരുപാട് വൈകും !!!’ എന്നാണ് വിഷ്ണു എഴുതിയത്.
ആരുടേയും വാഴ്ത്ത്പാട്ടുകൾ കൊണ്ടോ നിരീക്ഷകരുടെ പിന്തുണയോടെയോ അല്ല സംഘപ്രചാരകനിൽ നിന്ന് പ്രധാനമന്ത്രി വരെ മോദി എത്തിയതെന്ന് മോദിയുടെ ചിത്രം പങ്കുവെച്ചുള്ള കുറിപ്പിൽ പറയുന്നു. ‘മോദിക്ക് ഇന്നത്തെ കേരളത്തിലെ അവസ്ഥപോലെ എതിരഭിപ്രായങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂ !! ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ നിന്ന് ഇന്ന് ഉയരത്തിലെത്തി നിൽക്കുന്ന സംഘടനയെ കെട്ടിപ്പടുത്തിയത് ഒരു ചാനൽ ചർച്ചക്കാരുടെയും യൂട്യൂബർമാരുടെയും തണലില്ല !!!
ഒന്നുമില്ലാതിരുന്ന കേരളത്തിൽ എന്തെങ്കിലുമൊക്കെ ആയത് എത്രയോപേരുടെ പ്രവർത്തനമികവുകൊണ്ടാണെന്ന് നമ്മളാദ്യം ചിന്തിക്കണം ! "ഗ്രൗണ്ടിൽ ഇറങ്ങി പണിയെടുക്കുന്നവരേക്കാൾ വിജയം തങ്ങളുടെ നാവിനായിരുന്നു " എന്ന ചിന്തയുള്ള കപടവാദികളെ ഒരുനാൾ പലരും തിരിച്ചറിയും !!!’ -വിഷ്ണു പറഞ്ഞു.
ആക്രി നിരീക്ഷകരുടെ കഠിന പ്രയത്നങ്ങളെ നിഷ്പ്രഭമാക്കിയാണ് കേരളത്തിൽ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ 20 ശതമാനം വോട്ടും ഒരു പാർലമെന്റ് സീറ്റും നേടിയതെന്നും പുരപ്പുറത്തിരുന്ന് കുറുക്കന്മാരും പണിക്കന്മാരും ഓളിയിട്ടിട്ട് ഒരു കാര്യവുമില്ലെന്നും ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു പറഞ്ഞു.
"സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കാത്ത ചില ആക്രി നിരീക്ഷകരുടെ കഠിനമായ പ്രയത്നങ്ങളെ നിഷ്പ്രഭമാക്കിയാണ് കേരളത്തിൽ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ 20% വോട്ടും ഒരു പാർലമെന്റ് സീറ്റും നേടിയത്. സ്വന്തം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ആക്രി നിരീക്ഷകർ വിചാരിക്കും പോലെ ഇത് കോൺഗ്രസല്ല. നരേന്ദ്രമോദിയുടെ ബിജെപിയാണ്. നദ്ദാജിയും കെ. സുരേന്ദ്രനും നയിക്കുന്ന ബിജെപി യാണ്... പുര പുറത്തിരുന്ന് ഇനിയും കുറുക്കന്മാരും പണിക്കന്മാരും ഓളിയിടും.... ഒരു കാര്യവുമില്ല...’ -ഷൈജു ഫേസ്ബുക്കിൽ കുറിച്ചു.
ഉള്ളി എന്ന് ഉപയോഗിച്ചാൽ അത് കെ സുരേന്ദ്രൻ എന്ന നരേറ്റീവ് സിപിഎം ബോധപൂർവം സൃഷ്ടിച്ചതാണെന്നും അതിപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ആസ്വദിക്കുന്നതും സംഘികളാണെന്നും മറ്റൊരു സംഘ്പരിവാർ സഹയാത്രികനും കുരുക്ഷേത്ര ബുക്സ് മുൻ ജനറൽ മാനേജറുമായ ഷാബു പ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
ഷാബുവിന്റെ കുറിപ്പ്: ‘‘മലബാർ ഭാഗത്ത് ജ്യോത്സ്യന്മാരെ പൊതുവേ വിശേഷിപ്പിക്കുന്നത് പണിക്കർ എന്നാണ്... ജ്യോത്സ്യനെ കാണാൻ പോകുന്നു എന്ന് തിരുവിതാംകൂറിൽ പറയുന്നത് പോലെ പണിക്കരെ കാണാൻ പോകുന്നു എന്നാണ് മലബാറിൽ പറയുക...
ബിജെപിയുടെയും സുരേഷ്‌ഗോപിയുടെയും സാധ്യതകളെപ്പറ്റി ഘോരഘോരം വാദിച്ച് അവസാനം കേന്ദ്രനേതൃത്വത്വത്തിന്റെയും മോദിയുടെയും ഇടപെടലിലൂടെ സുരേഷ് ഗോപി വന്നതിൽ അമർഷമുള്ള ബിജെപി നേതൃത്വം തന്നെ അദ്ദേഹത്തെ തോൽപ്പിക്കും എന്ന് വാദിച്ചിരുന്നത് കേരളത്തിലെ മാധ്യമ പണിക്കർമാരും ഇടതുവലതുപക്ഷ പണിക്കന്മാരും റെജി ലൂക്കോസ്, ലാൽ കുമാർ എന്നിവരടക്കമുള്ള നിരീക്ഷണ പണിക്കന്മാരുമാണ്...
ഈ പണിക്കന്മാരെയാണ് കെ സുരേന്ദ്രൻ ഉദ്ദേശിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്ക് തോന്നുന്നത്.
ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് വിശ്വസിക്കാനും പ്രതികരിക്കാനുമുള്ള ശ്രീജിത്ത് പണിക്കരുടെ ജനാധിപത്യപരമായ അവകാശത്തെ മാനിക്കുന്നു... എവിടെയൊക്കെ പണിക്കർ എന്ന് കേട്ടാലും അത് ഞാൻ തന്നെ എന്ന് വിശ്വസിക്കാനുള്ള അവകാശത്തെയും ബഹുമാനിക്കുന്നു...
ഉള്ളി എന്ന് ഉപയോഗിച്ചാൽ അത് കെ സുരേന്ദ്രൻ എന്ന നരേറ്റീവ് സിപിഎം ബോധപൂർവം സൃഷ്ടിച്ചതാണ്... അതിപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ആസ്വദിക്കുന്നതും സംഘികളും... നോക്കൂ, എത്ര സമർത്ഥമയാണ് അവർ വലിയ ബുദ്ധിജീവികളെപ്പോലും തങ്ങളുടെ വഴിക്ക് നടത്തുന്നത് എന്ന്...
കെ സുരേന്ദ്രൻ അതിമാനുഷനൊന്നുമല്ല... തിരുത്തപ്പെടേണ്ട പോരായ്മകൾ ധാരാളമുണ്ട് താനും... ഇങ്ങനെയൊക്കയാണെങ്കിലും ഒരിക്കൽ ബിജെപി അധ്യക്ഷനാകും, തുടർച്ചയായി കേന്ദ്രഭരണം പിടിക്കും എന്നൊന്നും സ്വപ്നം കാണാൻ പോലും സാധിക്കാത്ത കാലത്ത് ദേശീയപ്രസ്ഥാനങ്ങളുടെ ഒപ്പം യാത്രയാരംഭിച്ച ഒരു ചരിത്രം അയാൾക്കുണ്ട്... അത് മാത്രം മതി ഒരു പ്രതിസന്ധിഘട്ടത്തിൽ എന്നെപ്പോലുള്ളവർക്ക് അയാളുടെ എല്ലാ പോരായ്മകളെയും മറക്കാൻ... നരേന്ദ്രമോദി എന്ന പ്രതിഭാസം സൃഷ്‌ടിച്ച എക്കോ സിസ്റ്റത്തിൽ, അവനവന്റെ കംഫര്ട്ട് സോണിൽ നിന്ന് വാഴ്ത്തുപാട്ടുകൾ മാത്രം കേട്ട് വളർന്ന ആർക്കും അത് മനസ്സിലാകണമെന്നില്ല...അവർക്ക് ശാഖയിൽ പോയവരോട് പുച്ഛമുണ്ടാകും.. അവർ ത്യാഗനിർഭരമായ ജീവിതം നയിച്ചവരെ പരിഹസിക്കും.. സോഷ്യൽ മീഡിയ യുഗത്തിലെ അറിവുകൾ മാത്രമാണ് അൾട്ടിമേറ്റ് എന്ന് കരുതും...
ചരിത്രം അങ്ങനെയൊക്കെ ആകാം... നമ്മൾ ഇപ്പോഴത്തെ കാര്യം മാത്രം നോക്കിയാൽ പോരേ എന്ന ചോദ്യമുണ്ടാകും... പറ്റില്ല... അങ്ങനെയെങ്കിൽ നാം ചരിത്രം പഠിക്കേണ്ട ആവശ്യമില്ല.. പറയേണ്ട ആവശ്യമില്ല... ചരിത്രം എന്നത് വെറും കണക്കുകളല്ല.. അതൊരു ജീവശ്വാസമാണ്...
ഒരിക്കൽ കൂടി കെ സുരേന്ദ്രന്റെയും എല്ലാ പണിക്കന്മാരുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന് ഐക്യദാർഢ്യം...’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.