കൽപറ്റ: ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ് എൻറോള്‍മെന്റും ക്യു.ആര്‍ കോഡ് പതിപ്പിക്കലും കോട്ടത്തറ പഞ്ചായത്തില്‍ പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശസ്ഥാപനമാണ് കോട്ടത്തറ. ഹരിത കര്‍മസേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എൻറോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തിയാക്കിയത്.
ഇതോടെ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണവും ശേഖരണവും ഡിജിറ്റലായി നിരീക്ഷിക്കാനും ഇടപെടല്‍ നടത്താനും പഞ്ചായത്തിന് സാധിക്കും. 24 ഹരിത കര്‍മസേനാംഗങ്ങളാണ് കോട്ടത്തറയില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ് എൻറോള്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
വീടുകളും സ്ഥാപനങ്ങളുമായും 4698 എൻറോള്‍മെന്റുകളാണ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ഇവര്‍ ഒരു മാസംകൊണ്ട് പൂര്‍ത്തീകരിച്ചത്. ഒരു വാര്‍ഡില്‍ രണ്ടു പേര്‍ക്കായിരുന്നു ചുമതല. ഹരിത സഹായ സ്ഥാപനമായ നിറവിന്റെയും കെല്‍ട്രോണിന്റെയും പിന്തുണയും ഹരിത കര്‍മസേനക്ക് ലഭിച്ചു.
ജില്ലയില്‍ അമ്പലവയല്‍, എടവക, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി, മീനങ്ങാടി, കണിയാമ്പറ്റ, കോട്ടത്തറ, മുട്ടില്‍ ഗ്രാമപഞ്ചായത്തുകള്‍, കല്‍പറ്റ നഗരസഭ എന്നി ഒമ്പത് തദ്ദേശ സ്ഥാപനങ്ങളെയാണ് ഹരിതമിത്രം ആപ് നടപ്പാക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
നവ കേരളം കര്‍മ പദ്ധതിയില്‍ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്.
ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക, എല്ലാ ഗാര്‍ഹിക, സ്ഥാപന ഉടമകളെയും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ ഉപഭോക്താകളാക്കി മാറ്റുക, ഏകീകൃത മോണിറ്ററിങ് സാധ്യമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം.
മീനങ്ങാടി എല്‍ദോ മാര്‍ ബാസോലിയോസ് കോളജ്, കൽപറ്റ ഗവ. കോളജ്, മാനന്തവാടി ഗവ. കോളജ്, കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്ക് കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഇതിനോടകം എൻറോള്‍മെന്റ് പരിശീലനം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഇടംപിടിക്കാത്ത മറ്റു തദ്ദേശ സ്ഥാപങ്ങളിലേക്കും ഹരിത മിത്രം ആപ്ലിക്കേഷന്‍ പദ്ധതി ഉടന്‍ വ്യാപിപ്പിക്കും.
ഓരോ വീട്ടിലും സ്ഥാപനത്തിലും പ്രത്യേക ക്യു.ആര്‍ കോഡ് പതിപ്പിച്ച് എൻറോള്‍മെന്റ് ചെയ്യുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ ഏകീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് ഹരിത്രമിത്രം ആപ്പിന്റെ പ്രത്യേകത
എൻറോള്‍മെന്റ് ചെയ്യുമ്പോള്‍, മാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും ആപ്പില്‍ രേഖപ്പെടുത്തും. തദേശ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള മാലിന്യ അവലോകനം, മാലിന്യം സംബന്ധിച്ച വാര്‍ഡ് തിരിച്ചുള്ള സര്‍വേ/പ്ലാന്‍ എൻറോള്‍മെന്റ് വിശദാംശങ്ങള്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു വാര്‍ഡ് തിരിച്ചുള്ള സേവനം, പരാതികള്‍, യൂസര്‍ഫീ ശേഖരണം എന്നിവയുടെ വിശദാംശങ്ങളെല്ലാം വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്.
ഉപഭോക്താക്കളുടെ വിവരങ്ങള്‍, നിലവില്‍ ലഭ്യമായ മാലിന്യ സംസ്‌കരണ നടപടികള്‍, പൊതുജനങ്ങള്‍ക്ക് അഭിപ്രായം പറയാനും സേവനം വിലയിരുത്താനും പരാതികള്‍ അറിയിക്കാനുള്ള സൗകര്യം ആപ്പിലുണ്ട്.
പ്രതിദിനം രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ്, ശേഖരിച്ചു സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് എന്നിവ പ്രതിദിന അപ്ഡേഷനിലൂടെ ലഭ്യമാകുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ആസൂത്രണം ചെയ്യാൻ സഹായകരമാകും.
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ ഹരിത കർമസേനയുമായി സഹകരിക്കാത്ത വീടുകളെയും സ്ഥാപങ്ങനളെയും ആപ് വഴി എളുപ്പത്തില്‍ കണ്ടെത്താൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.