ചാലിയാറിൽ വെള്ളം ഉയരുന്നു: നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് പഞ്ചായത്ത് പ്രസിഡൻറുമാര്‍

കൊണ്ടോട്ടി: ചാലിയാറിൽ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ പ്രളയ മുന്‍കരുതലെന്ന നിലയില്‍ കണ്ടെയ്​ൻമെൻറ്​ സോണില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിൽ ഇളവ് വേണമെന്ന് ആവശ്യം. വാഴക്കാട്, വാഴയൂര്‍, ചീക്കോട് പഞ്ചായത്ത്​ ​പ്രസിഡൻറുമാരാണ്​ ജില്ലാ കലക്ടർ, എസ്.പി, ടി.വി ഇബ്രാഹീം എം.എല്‍.എ എന്നിവരോട്​ ഈ ആവശ്യമുന്നയിച്ചത്​.

ഈ മൂന്നു പഞ്ചായത്തുകളും ചാലിയാറിൻെറ തീരത്താണ്. ശക്തമായ മഴ പെയ്യുന്നതിനാല്‍ വെള്ളം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന്​ മാറി താമസിക്കാനും സുരക്ഷാക്രമീകരണങ്ങൾ നടത്തുന്നതിനുമായി നിയന്ത്രണങ്ങളില്‍ അടിയന്തിരമായി ഇളവ് വരുത്തണമെന്നാണ് ആവശ്യം. കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ കൊണ്ടോട്ടി താലൂക്ക് ഒന്നാകെ കണ്ടെയ്‌ൻമെൻറ്​ സോണിലാണ്.

ചാലിയാറിൻെറ തീരത്തുള്ള വാഴക്കാട്, ചീക്കോട് പഞ്ചായത്ത് പ്രസിഡൻറുമാര്‍ നേരത്തെതന്നെ ഈ ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. നിയന്ത്രണത്തിൻെറ ഭാഗമായി ഇവിടങ്ങളിലെ റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ റോഡുകളെല്ലാം തുറന്ന് കൊടുത്താലേ ചാലിയാറിൻെറ തീരത്തുള്ള വീടുകളിലുള്ളവര്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാന്‍ കഴിയൂ. കൂടാതെ വാഴക്കാട് ഉള്‍പ്പെടയുള്ള അങ്ങാടികളിലെല്ലാം വെള്ളം കയറാറുണ്ട്. കടകളിലെ സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് ആവശ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.