ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകൾ കൂടുതൽ ഉയർത്തും

ചെറുതോണി: മൂന്ന് ഷട്ടറുകൾ ഞായറാഴ്ച തുറന്നിട്ടും ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് കുറയുന്നില്ല. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഡാമിലെ ജലനിരക്ക് കുറയാതെ നിൽക്കുന്നത്. നിലവിൽ 2,385.18 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഈ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് റിപ്പോർട്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 138.85 അടിയാണ് നിലവിലെ ജലനിരപ്പ്. നേരത്തെ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. 2122 ഘനയടിയാണ് തമിഴ്‌നാട് എടുക്കുന്നതെങ്കിലും പത്ത് സ്പിൽവേ ഷട്ടറുകളിലൂടെ 3166 ഘനയടി വെള്ളം പുറത്തു വിടുന്നുണ്ട്.

മഴ ശക്തമായതോടെ കേരളത്തിലെ കൂടുതൽ ഡാമുകൾ ഇന്ന് തുറക്കും. വയനാട് ബാണാസുര സാഗർ ഡാം ഇന്ന് തുറക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം നാളെ തുറക്കും. ഡാമിലെ ഉയർന്ന ജലവിതാനം 163 മീറ്ററാണ്. ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്ന് വിടുക.

ഇടുക്കി ഡാമിനൊപ്പം ഇടമലയാർ ഡാമുകൂടി തുറക്കുന്നതോടെ രണ്ട് ഡാമുകളിൽ നിന്നുള്ള വെള്ളം പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ല ഭരണകൂടം അറിയിച്ചു.

Tags:    
News Summary - Water level rises in Idukki; The shutters will be raised further

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.