കണ്ണൂർ: വേനൽ കനത്തതോടെ തീപിടിത്തത്തിനുള്ള സാധ്യതകളും വർധിച്ചിരിക്കുകയാണ്. ഉണങ്ങിയ അടിക്കാടുകളിലും കൊയ്ത്തുകഴിഞ്ഞ വയലുകളിലും തീപടരുന്നത് അഗ്നിരക്ഷസേനക്ക് തലവേദനയാകുന്നുണ്ട്.
മലയോര മേഖലയിൽ അടക്കം വേനൽക്കാലത്ത് തീപിടിത്തം വലിയ ഭീഷണിയാണ്. ഈവർഷം തീപിടിത്തം അധികമാണെന്നാണ് ഫയർഫോഴ്സിെൻറ കണ്ടെത്തൽ. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതും സാമൂഹികവിരുദ്ധർ തീയിടുന്നതുമടക്കം മനുഷ്യെൻറ ഇടപെടലുകൾകൊണ്ടും തീപിടിത്തമുണ്ടാകുന്നുണ്ട്. വേനൽ കനക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുേമ്പാൾ അഗ്നിബാധ തടയാനായി വെള്ളം ശേഖരിക്കാൻ ബുദ്ധിമുട്ടുകയാണ് ഫയർഫോഴ്സ്.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി തീപിടിത്തം സംബന്ധിച്ച് നിരവധി ഫോൺവിളികളാണ് ജില്ലയിലെ 10 ഫയർ സ്റ്റേഷനുകളിലും എത്തുന്നത്. മാടായിപ്പാറയിലെ തീപിടിത്തം ജില്ലയിലെ ഫയർഫോഴ്സിന് എന്നും ഭീഷണിയാണ്. ഏക്കർകണക്കിന് പുൽമേടുകളും അടിക്കാടുകളുമാണ് വർഷാവർഷം അഗ്നിക്കിരയാകുന്നത്. ഫെബ്രവരിയിലുണ്ടായ വലിയ തീപിടിത്തത്തിൽ ഏക്കറുകളാണ് കത്തിയത്.
മാടായിപ്പാറയുടെ പല മേഖലകളിലും വാഹന സൗകര്യമില്ലാത്തത് തീകെടുത്താൻ ഫയർഫോഴ്സിന് വെല്ലുവിളിയാണ്. നടന്നുപോയി പച്ചിലക്കൊമ്പുകൾ ഉപയോഗിച്ചുവേണം തീ നിയന്ത്രിക്കാൻ. മണിക്കൂറുകളാണ് ഇതിനായി ചെലവഴിക്കേണ്ടിവരുന്നത്. കൂടുതൽ സ്ഥലത്തേക്ക് തീപടരുേമ്പാൾ പയ്യന്നൂർ സ്റ്റേഷനുപുറമെ മറ്റിടങ്ങളിൽനിന്നും ഫയർഫോഴ്സെത്തിയാണ് തീ നിയന്ത്രിക്കുന്നത്.
മാർച്ച് അവസാനത്തോടെ പയ്യന്നൂർ ഫയർ സ്റ്റേഷനിൽ ജലക്ഷാമവും രൂക്ഷമാവും. രാമൻകുളം, കണ്ടോത്ത് കുളം എന്നിവിടങ്ങളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ ചാവശ്ശേരി പറമ്പിലും കണ്ണൂർ വിമാനത്താവളത്തിെൻറ കൈവശമുള്ള ഭൂമിയിലും സ്ഥിരമായി തീപിടിത്തമുണ്ടാകാറുണ്ട്.
കാർഗോ കേന്ദ്രത്തിനായി ഏറ്റെടുത്ത സ്ഥലം കാടുപിടിച്ചുകിടക്കുന്നതിനാൽ തീപിടിത്തം സ്ഥിരമാണ്. ഒരുമാസത്തിനിടെ രണ്ടുവട്ടമാണ് ഇവിടെ വലിയ തീപിടിത്തമുണ്ടായത്. ആറളം ഫാമും സ്ഥിരം തീപിടിത്ത കേന്ദ്രമാണ്. ഏക്കറുകളിലേക്ക് പടരുന്ന തീ പേരാവൂർ, ഇരിട്ടി ഫയർ സ്റ്റേഷനുകളുടെ നേതൃത്വത്തിലാണ് നിയന്ത്രിക്കാറുള്ളത്. പത്താം ബ്ലോക്കിൽ കഴിഞ്ഞ ദിവസവും തീപിടിത്തമുണ്ടായി.
ഫാമിൽ ഏക്കർ കണക്കിന് സ്ഥലമാണ് കാടുമൂടി കിടക്കുന്നത്. മലയോര മേഖലയിൽ റബർ, കശുവണ്ടി തോട്ടങ്ങളിൽ അടിക്കാട് വെട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. ഏലപ്പീടിക ഭാഗത്ത് ഏക്കർകണക്കിന് പുൽമേടുകളാണ് ഈയിടെ കത്തിയത്. വനംവകുപ്പ് ഫയർലൈൻ ഇടുന്നുണ്ടെങ്കിലും മലയോരമായതിനാൽ വനത്തിലേക്കും തീ വ്യാപിക്കാനുള്ള സാധ്യതയേറെയാണ്. ഇരിട്ടി ഗവ. ആശുപത്രിക്ക് സമീപം കത്തിച്ച മാലിന്യത്തിൽനിന്ന് പടർന്ന തീ അടിക്കാടുകളിലേക്ക് പടർന്ന് വലിയ അഗ്നിബാധയുണ്ടായിരുന്നു.
കല്യാട്, ബ്ലാത്തൂർ ഭാഗങ്ങളിലെ തീപിടിത്തവും ഇരിട്ടി ഫയർഫോഴ്സിനെ അലട്ടുന്നുണ്ട്. സ്വന്തമായി ടാങ്കില്ലാത്തതും രക്ഷാപ്രവർത്തനത്തിന് ഭീഷണിയാണ്. നിലവിലെ 20000 ലിറ്ററിെൻറ ടാങ്ക് ചോരുന്നതിനാൽ ഉപയോഗിക്കാനാവില്ല.
വികാസ് നഗറിൽ പി.ഡബ്ല്യു.ഡി സ്ഥലത്ത് സ്വന്തം കെട്ടിടമൊരുക്കാൻ തീരുമാനമായത് ഫയർഫോഴ്സിന് ആശ്വാസമായിട്ടുണ്ട്. കണ്ണൂർ ചാലക്കുന്നിൽ അടുത്തിടെ രണ്ടുതവണയാണ് തീ പടർന്നത്. സോഷ്യൽ ഫോറസ്ട്രി വിഭാഗം നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങളും കുറ്റിക്കാടും അഗ്നിക്കിരയാകുന്നത് പതിവാണ്.
പ്രതിദിനം 20000 ലിറ്റർ വെള്ളമാണ് കണ്ണൂരിൽ മാത്രം വേണ്ടത്. വേനലാകുേമ്പാൾ ആനക്കുളത്ത് നിന്നാണ് വെള്ളമെടുക്കുന്നത്. വീതികുറഞ്ഞ റോഡായതിനാൽ ടാങ്കറുകളിൽ വെള്ളംനിറക്കൽ വെല്ലുവിളിയാണ്. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലടക്കം സാമൂഹികവിരുദ്ധർ തീയിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് ഫയർഫോഴ്സ് കത്ത് നൽകിയിട്ടുണ്ട്.
ബി. രാജ് (ജില്ല ഫയർ ഓഫിസർ)
''സ്ഥിരമായി തീപിടിത്തമുണ്ടാകുന്ന ഭാഗങ്ങളിൽ സിവിൽ ഡിഫൻസ് വളൻറിയർമാരുടെ സഹകരണത്തോടെ ഫയർലൈനുകൾ ഒരുക്കുന്നത് പുരോഗമിക്കുകയാണ്.
അലക്ഷ്യമായി മാലിന്യം കത്തിക്കുന്നത് തടയാനായി ഫയർഫോഴ്സിെൻറ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. വേനൽ കനക്കുന്ന സാഹചര്യത്തിൽ തീപിടിത്തം തടയാൻ നല്ല കരുതൽ വേണം. നിസ്സാരമായി നാം പകരുന്ന തീനാളംപോലും വലിയ അഗ്നിബാധക്ക് കാരണമായേക്കാം''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.