കൽപറ്റ: വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മിന്നും ജയം നേടിയതോടെ മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർ പ്രതീക്ഷയിൽ. കേന്ദ്രസർക്കാർ സഹായധനം നൽകാത്തതടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് സമ്മർദം ശക്തമാക്കുകയും തങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികളുണ്ടാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അതിജീവിതർ. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ചമുതൽ ഡിസംബര്‍ 20 വരെയാണ് നടക്കുക.
പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍തന്നെ ഉണ്ടാകും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് കോൺഗ്രസ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പ്രിയങ്കയിൽ ഏറെ പ്രതീക്ഷയർപ്പിക്കുന്ന രീതിയിലാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾദുരന്തബാധിതർ വോട്ടുചെയ്ത ബൂത്തുകളിലെ വിവരങ്ങൾ. കൽപറ്റ നിയോജകമണ്ഡലത്തിലെ 167, 168, 169 ബൂത്തുകളിലാണ് അതിജീവിതർ വോട്ടുചെയ്തത്. ഇവിടെ പ്രിയങ്കക്ക് വലിയ മുന്നേറ്റമാണുണ്ടായത്. 167ാം നമ്പർ ബൂത്തിൽ യു.ഡി.എഫിന് 335 വോട്ടാണ് ലഭിച്ചത്. ഇവിടെ എൽ.ഡി.എഫിന്റെ സത്യൻ മൊകേരിക്ക് 142 വോട്ടും എൻ.ഡി.എക്ക് 97 വോട്ടുമാണ് ലഭിച്ചത്. 169ാം ബൂത്തിൽ പ്രിയങ്കക്ക് 483 വോട്ടു ലഭിച്ചപ്പോൾ എൽ.ഡി.എഫിന് 165ഉം എൻ.ഡി.എക്ക് 108 വോട്ടുമാണ് ലഭിച്ചത്.
168ാം ബൂത്തിൽ പ്രിയങ്ക 500 വോട്ടു നേടിയപ്പോൾ എൽ.ഡി.എഫിന് 134ഉം എൻ.ഡി.എക്ക് 77 വോട്ടുമാണ് കിട്ടിയത്. കൽപറ്റയിൽ നടത്തിയ റോഡ്ഷോക്കുശേഷം നാമനിർദേശ പത്രിക സമർപ്പിച്ച പ്രിയങ്കയും സഹോദരൻ രാഹുൽ ഗാന്ധിയും ഉരുൾദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനത്തിൽ ആദരാഞ്ജലിയർപ്പിക്കാനാണ് നേരെ പോയത്. ഉരുൾ ദുരന്തം, മുത്തങ്ങയിലെ രാത്രിയാത്ര നിരോധം, ആരോഗ്യമേഖലയിലെ രൂക്ഷമായ അസൗകര്യങ്ങൾ, കാർഷിക-ആദിവാസി പ്രശ്നങ്ങൾ തുടങ്ങി വയനാടിന്റെ വിവിധ വിഷയങ്ങൾ സൂക്ഷ്മമായി പഠിച്ച രീതിയിലായിരുന്നു പ്രചാരണ യോഗങ്ങളിലെ പ്രിയങ്കയുടെ പ്രസംഗം. രാഹുലിനെക്കാൾ കൂടുതൽ സമയം പ്രിയങ്ക മണ്ഡലത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക വെള്ളിയാഴ്ച വയനാട്ടിൽ എത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.