തൃശൂർ: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇത് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ എസ്റ്റിമേറ്റ് ആണെന്നും സര്‍ക്കാർ വിശദീകരിച്ചെങ്കിലും ഈ വിഷയത്തില്‍ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സത്യസന്ധമായ നിലപാട് കൈക്കൊള്ളുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും വേണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തു വന്ന എസ്റ്റിമേറ്റില്‍ ആക്ച്വൽസ് എന്ന് കാണിച്ച ഭാഗം യഥാര്‍ഥത്തില്‍ ചെലവഴിച്ച തുകയാണോ.? ഈ പേമെന്റുകള്‍ യഥാര്‍ഥത്തില്‍ നടത്തിയിട്ടുണ്ടോ. അതിന്റെ ബില്ലുകള്‍ സര്‍ക്കാര്‍ വശം ഉണ്ടോ. ആക്ച്വൽസ് എന്നതിലൂടെ എന്താണ് അര്‍ഥമാക്കിയിരിക്കുന്നത്?
മൃതദേഹം സംസ്‌കരിച്ചതിന് ശരാശരി 75000 രൂപ ആക്ച്വൽസ് എന്ന അക്കൗണ്ട് ഹെഡിലാണ് കാണിച്ചിരിക്കുന്നത്. അതിനര്‍ഥം ഇത്രയും തുക ചെലവിനത്തില്‍ മാറ്റിയിട്ടുണ്ട് എന്നാണോ?.
ദുരിതാശ്വാസ ക്യാമ്പില്‍ ഉണ്ടായിരുന്ന 4100 പേരില്‍ 1871 പേര്‍ ഒഴികെയുള്ളവര്‍ ഒന്നു രണ്ടാഴ്ചക്കുള്ളിള്ളില്‍ ക്യാമ്പ് വിട്ടു. എന്നിട്ടും ഇവര്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണത്തിന് ചെലവഴിച്ചതായി കാണിച്ചിരിക്കുന്നത് എട്ടു കോടി രൂപയാണ്. അതും ആക്ച്വൽസ് എന്ന ഹെഡില്‍. അതായത് ശരാശരി 1000 രൂപയിലധികം ഒരാള്‍ക്ക് ദിനംപ്രതി ഭക്ഷണത്തിന് ചിലഴിച്ചതായി കാണിച്ചിരിക്കുന്നു. ഇതിന്റെ അര്‍ഥം എന്താണ്?
കേരളത്തിലും പുറത്തുമായി മലയാളികള്‍ വന്‍ തോതില്‍ ദുരിതബാധിതര്‍ക്കു വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. കട കാലിയാക്കി വയനാടിന് അയച്ചു കൊടുത്തവരുണ്ട്. എന്നിട്ടും വസ്ത്രങ്ങളുടെ ചെലവ് എങ്ങനെ ആക്ച്വൽസ് എന്ന ഹെഡില്‍ 11 കോടി വന്നു? 17 ക്യാമ്പുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച വകയില്‍ ഏഴ് കോടി രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതൊക്കെ സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കണക്കുകളാണോ. ഈ കണക്കുകള്‍ പ്രകാരമുള്ള തുക ചെലവഴിച്ചിട്ടുണ്ടോ.. യഥാര്‍ഥത്തില്‍ നല്‍കിയ തുക എത്രയാണ്..
ഈ വിഷയങ്ങളില്‍ കൃത്യമായ മറുപടി തന്ന് വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള എല്ലാ ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ ദുരീകരിക്കണം.
ജനങ്ങള്‍ സംശയിക്കുന്നതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല. പ്രളയത്തിന് സംഭരിച്ച തുകയില്‍ നടന്ന ക്രമക്കേടുകള്‍ ജനം മറന്നിട്ടില്ല. സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാരിനെ ജനങ്ങള്‍ക്കു തരിമ്പും വിശ്വാസമില്ല എന്നു കാണിക്കുന്ന സംഭവങ്ങളാണിതൊക്കെയെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.