പുഞ്ചിരിമട്ടം(വയനാട്): സമയം ഉച്ച ഒരുമണി. നൂറുകണക്കിന് ജീവനെടുത്ത മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടത്ത് കോടമഞ്ഞ് ഇപ്പോഴും പെയ്തിറങ്ങുന്നുണ്ട്. ചൂരൽമലയിൽനിന്ന് മൂന്ന് കി.മീറ്റർ കയറുമ്പോൾ കാണുന്ന മുണ്ടക്കൈയിൽനിന്ന് കഷ്ടിച്ച് ഒന്നര കി.മീറ്ററാണ് പുഞ്ചിരിമട്ടത്തേക്കുള്ള ദൂരം. കണ്ണെടുക്കാതെ നോക്കി നിന്നുപോകുന്ന അത്രമേൽ സുന്ദരമാണ് പുഞ്ചിരിമട്ടവും മുണ്ടക്കൈയും ഉൾപ്പെടുന്ന പ്രദേശം. കുന്നും മലകളും തേയിലത്തോട്ടങ്ങളും മാടിവിളിക്കുന്ന ഇവിടം ഇന്ന് ആനയെക്കാൾ വലുപ്പമുള്ള പാറക്കൂട്ടങ്ങളും ചളിയും മണ്ണും നിറഞ്ഞ വലിയ ഗർത്തങ്ങളായി രൂപാന്തരപ്പെട്ടു.
50ലധികം വീടുകളുണ്ടായിരുന്ന പുഞ്ചിരിമട്ടത്ത് അവശേഷിക്കുന്നത് 10ൽ താഴെ മാത്രം. ഒന്നിൽപോലും ആൾ താമസമില്ല. ഉരുൾദുരന്തം ബാധിക്കാത്ത ചില വീടുകൾ ദൂരെയുണ്ടെങ്കിലും പ്രാണഭയത്താൽ അവരൊക്കെ മറ്റിടങ്ങൾ തേടിപ്പോയിരിക്കുന്നു. ദിവസങ്ങളായി പുഞ്ചിമട്ടത്തെ ദുരന്തഭൂമിയിൽ സന്നദ്ധപ്രവർത്തകരുടെ സാന്നിധ്യവും മണ്ണുമാന്തി യന്ത്രങ്ങളുടെ ഇരമ്പലും മാത്രമായിരുന്നു. എന്നാൽ, മൃതദേഹങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ ബുധനാഴ്ച കണ്ടില്ല. ദുരന്തങ്ങളുടെ കണക്കെടുക്കുന്ന ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും മാത്രമായിരുന്നു ഇവിടെ. തകർന്ന വീടുകളിൽ എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് തിരയാൻ പലവീട്ടുകാരും പുഞ്ചിരിമട്ടത്തേക്ക് വരുന്നുണ്ടായിരുന്നു.
പലരും തകർന്ന വീടിനു മുന്നിലെത്തുമ്പോൾ വിതുമ്പി. നാട്ടുകാർ ദിവസങ്ങൾക്കുശേഷം പരസ്പരം കണ്ടതോടെ കെട്ടിപ്പിടിച്ചു. വീട് നിന്ന സ്ഥലത്ത് പാറകളും മണ്ണും മാത്രം ബാക്കിയായവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
തലേന്ന് കനത്തമഴ പെയ്തിട്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ടായിട്ടും തങ്ങളോട് മാറിത്താമസിക്കാൻ ആരും പറഞ്ഞില്ലെന്നാണ് പുഞ്ചിരിമട്ടത്തുകാർ പലരും പറയുന്നത്. ഒരു നാടിനെയൊന്നാകെ കശക്കിയെറിഞ്ഞ ദുരന്തത്തിന്റെ പ്രഭവസ്ഥാനത്തുനിന്ന് താഴേക്കിറങ്ങുമ്പോഴും തങ്ങളുടെ എന്തെങ്കിലും ബാക്കിയുണ്ടോയെന്നറിയാൻ നിരവധി കുടുംബങ്ങൾ കുന്നുകയറുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.