ഫോട്ടോ: ബൈജു കൊടുവള്ളി 

ഉരുൾ ദുരന്തത്തിന് ഇന്ന് ഏഴാംനാൾ; മരണം 352, കാണാമറയത്ത് 209 പേർ

മേപ്പാടി: മുണ്ടക്കൈയെയും ചൂരൽമലയെയും തകർത്തെറിഞ്ഞ ഉരുൾപൊട്ടലിന് ഇന്ന് ഏഴാംനാൾ. ദുരന്തഭൂമിയിൽ ഇന്നും തിരച്ചിൽ തുടരും. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ ഇന്നലെ സർവമത പ്രാർഥനയോടെ പുത്തുമലയിൽ സംസ്കരിച്ചു. ഉരുൾപൊട്ടലിൽ 352 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 221 മരണമാണ്. 209 പേരെ കാണാതായിട്ടുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തിരച്ചിൽ തുടരുക. കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്. ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം ഇന്ന് നിയന്ത്രിക്കും. കൂടുതൽ ആളുകളെത്തുന്നത് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി. 


അതിനിടെ, സൂചിപ്പാറയ്ക്ക് അടുത്ത് കാന്തൻപാറയിൽ ഇന്നലെ തെരച്ചിലിന് പോയി വനത്തിൽ അകപ്പെട്ടവർ ഇന്ന് തിരികെയെത്തും. ഇവിടെ കണ്ട മൃതദേഹം എടുക്കാൻ പോയതായിരുന്നു ഇവർ. കാട്ടാന ശല്യമുള്ളതിനാൽ രാത്രി തിരികെയെത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് ഇവർ വനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചത്.

തുടർച്ചയായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷൻ സെന്‍ററുകളുമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി തുടരും. 

ജൂലൈ 30ന് പുലർച്ചെ ഒരു മണിയോടെയാണ് മേപ്പാടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. 2.30ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റർ അകലെയുള്ള ചൂരൽമലയിലും കനത്ത നാശമുണ്ടാവുകയായിരുന്നു.  

Tags:    
News Summary - Wayanad landslide death toll updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-05 04:25 GMT