കൊല്ലം: കേരള നോളജ് ഇക്കോണമി മിഷന് കീഴിൽ തൊഴിൽതേടി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 17 ലക്ഷത്തോളം തൊഴിലന്വേഷകര്‍. സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) കീഴില്‍ കേരള സര്‍ക്കാര്‍ തുടക്കംകുറിച്ച പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷന്.
2026നുള്ളില്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനവും സ്വകാര്യമേഖലയില്‍ 20 ലക്ഷം വിജ്ഞാന തൊഴിലവസരങ്ങളും ലഭ്യമാക്കുക എന്ന ദൗത്യമാണ് മിഷൻ ലക്ഷ്യംവെക്കുന്നത്. ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി.ഡബ്യു.എം.എസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് കെ.കെ.ഇ.എമ്മിന്റെ സേവനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. നിലവിൽ ഒരു ലക്ഷത്തിലേറെപ്പേര്‍ ആഗ്രഹിച്ച തൊഴിലുകളില്‍ എത്തിച്ചേരുകയും ചെയ്തു. പ്ലസ് ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 59നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരാണ് പദ്ധതികളുടെ ഗുണഭോക്താക്കള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എന്റെ തൊഴില്‍ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് (സ്ത്രീ തൊഴിലന്വേഷകര്‍ക്ക്), ബാക്ക് ടു വര്‍ക്ക് (കരിയര്‍ ബ്രേക്ക് വന്ന സ്ത്രീകള്‍ക്ക്), കൂടാതെ അഞ്ച് ഡൈവേഴ്സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതികളുമാണ് നോളജ് മിഷന് നിലവിലുള്ളത്. എസ്.ടി-എസ്.സി വിഭാഗത്തിനായുള്ള ഉന്നതി, മത്സ്യത്തൊഴിലാളി വിഭാഗത്തിനായി തൊഴില്‍തീരം, ട്രാന്സ്ജന്ഡര് വ്യക്തികള്‍ക്കായി പ്രൈഡ്, ഭിന്നശേഷി വിഭാഗത്തിനായി സമഗ്ര, ഗോത്രവിഭാഗത്തിനായി ഒപ്പറ എന്നിവയാണ് ഡൈവേഴ്സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതികളില്‍ വരുന്നത്. ലൈഫ് മിഷന് ഉപഭോക്താക്കള്‍ക്ക് ജീവനം എന്ന പേരില്‍ ഒരു പദ്ധതി പ്രാരംഭഘട്ടത്തിലാണ്.
നോളജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡി.ഡബ്യു.എം.എസ്(ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം)ല്‍ പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും തൊഴില്‍ തയാറെടുപ്പിനുള്ള പിന്തുണ മിഷന്റെ സംവിധാനത്തിലൂടെ നല്‍കും. തൊഴിലന്വേഷകരും തൊഴില്‍ ദാതാക്കളും ഒരേ പ്ലാറ്റ്ഫോമില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഡി.ഡബ്ല്യു.എം.എസിനുണ്ട്. വിദഗ്ധ പരിശീലനം, കരിയര്‍ കൗണ്‍സലിങ്, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് സ്കോര്‍ ടെസ്റ്റ്, റോബോട്ടിക് ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്നതാണ് മിഷന് ലഭ്യമാക്കുന്ന സേവനങ്ങള്‍. വിദേശത്തും നാട്ടിലുമുള്ള തൊഴില്‍ദാതാക്കളുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങള്‍ കണ്ടെത്തി ആവശ്യമായ പരിശീലനം നല്കി തൊഴിലന്വേഷകരെ ജോലിയിലേക്കെത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിലും ഉള്ള തൊഴിലവസരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഡി.ഡബ്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. ഇതിന് തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി തദ്ദേശസ്ഥാപനവുമായി ബന്ധപ്പെട്ടുകൊണ്ട് ജോബ് സ്റ്റേഷനുകളും ഫെസിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ഗനിർദേശം നല്‍കുന്നതിനുള്ള കരിയര്‍ കൗണ്‍സിലര്‍മാരും സാങ്കേതിക സൗകര്യവും അവിടെ ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായോ ജോബ് സ്റ്റേഷനുകള്‍ വഴിയോ ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.