വയനാട് ദുരന്തം: വീട് വാടകക്കെടുക്കാൻ സർക്കാർ സഹായം; കുടുംബത്തിന് 6000 രൂപ വീതം

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് വാടകക്ക് വീടെടുക്കാൻ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും 6000 രൂപ വീതമാണ് വാടകയായി നൽകുക. സ്ഥിരംപുനരധിവാസം ഉറപ്പാക്കുന്നതു വരെ വാടകവീടുകളിൽ ദുരന്തബാധിതരെ പാർപ്പിക്കുന്നതിന് സർക്കാർ ധനസഹായം നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടർന്ന് വാടക സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി.

പ്രദേശത്ത് 4000 മുതൽ 6000 രൂപ വരെ വീടുകൾ വാടകയ്ക്ക് ലഭിക്കുമെന്നായിരുന്നു കലക്ടറുടെ റിപ്പോർട്ട്. ഇതു കണക്കിലെടുത്താണ് ഉയർന്ന നിരക്കായ 6000 രൂപ വീതം നൽകാൻ തീരുമാനിച്ച് ഉത്തരവിറക്കിയത്. കിടക്ക, പാത്രങ്ങൾ, അടുപ്പ് തുടങ്ങിയ വീട്ടുപകരണങ്ങൾ ഒരുക്കി നൽകാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ആദ്യമിറങ്ങിയ ഉത്തരവിൽ ഇക്കാര്യം പരാമർശിക്കുന്നില്ല. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

കുടുംബത്തിൽ ഒരാൾ മാത്രമാണെങ്കിലും വാടകയായ 6000 രൂപ അനുവദിക്കും. രണ്ട് കുടുംബങ്ങൾ ഒന്നിച്ച് വീടെടുത്താലും 6000 രൂപ വീതം ഇരുകുടുംബങ്ങൾക്കും ലഭിക്കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും സർക്കാർ നിശ്ചയിച്ച വാടക നൽകാനാണ് തീരുമാനം. എന്നാൽ, സർക്കാർ ഒരുക്കി നൽകുന്ന ക്വാർട്ടേഴ്സ് അടക്കം താമസ സൗകര്യങ്ങളിലേക്ക് മാറുന്നവർക്ക് വാടകയുണ്ടാവില്ല. സ്പോൺസർഷിപ്പിലൂടെ വാടക വീട് ലഭിച്ചവർക്കും സഹായത്തിന് അർഹതയുണ്ടാവില്ല.

ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുന്നതിന്‍റെ തുടക്കമായാണ് വാടകക്കാണെങ്കിലും ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മാറ്റുന്നത്. ആശ്വാസ ധനസഹായം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ വീതം അനുവദിക്കുന്നത്.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിലെ രണ്ടു വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. 30 ദിവസത്തേക്കാണ് ഈ ആശ്വാസ ധനസഹായം. 

Tags:    
News Summary - Wayanad Landslide: Govt help to rent house; 6000 each for the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.