കല്‍പറ്റ: സ്വന്തം ജീവനെ പോലെ സ്നേഹിച്ച ജീപ്പ് ഉരുൾപൊട്ടലിൽ തകർന്ന് തരിപ്പണമായപ്പോൾ പകച്ചുനിന്ന ചൂരല്‍മല സ്വദേശി നിയാസിന് വേണ്ടി കൈകോർത്ത് യൂത്ത് കോൺഗ്രസ്. ഇദ്ദേഹത്തിന്റെ ഉപജീവനമാർഗമായിരുന്ന 'വായ്പ്പാടന്‍' എന്ന ജീപ്പിന് പകരം മറ്റൊന്ന് വാങ്ങി നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. പുതിയത് വേണ്ടെന്നും പഴയ മോഡൽ താർ ജീപ്പ് മതിയെന്നുമാണ് നിയാസ് പറഞ്ഞത്.
വാഹനത്തോടുള്ള വൈകാരികത മനസ്സിലാവുമെന്നും ഉടന്‍ തന്നെ വാഹനം വാങ്ങി നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പരപ്പനങ്ങാടിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ഫണ്ണീസും ജീപ്പ് വാങ്ങാനുള്ള പണത്തിന്റെ പകുതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ തകർന്ന വാഹനം ജ്യേഷ്ടൻ വാങ്ങിക്കൊടുത്തതായിരുന്നു. മൂന്നരകൊല്ലത്തിനടുത്തായി ഇത് വാങ്ങിയിട്ട്. ലോണ്‍ അടവ് ഏകദേശം തീരാനാവുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
ജീപ്പ് വാങ്ങുന്നതിനായി പരിചയത്തിലുള്ള സെക്കൻഡ് ഹാൻഡ് വാഹന വ്യാപാരികളുമായി ബന്ധപ്പെട്ടിരുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ‘കുറേ വണ്ടികളുടെ ഡീറ്റെയിൽസ് ഒക്കെ കിട്ടിയെങ്കിലും നിയാസിനു കൊടുക്കാൻ പറ്റിയത് എന്ന് തോന്നിയ ഒരു വണ്ടി കിട്ടിയിട്ടില്ല. നിയാസിനു എത്രയും പെട്ടെന്ന് വണ്ടി വാങ്ങി നൽകണം. അതിനു നിങ്ങളുടെ സഹായം അനിവാര്യമാണ്. നിങ്ങളുടെ പരിചയത്തിൽ അത്തരത്തിലൊരു വാഹനം പരിചയമുണ്ടെങ്കിൽ പറയുമല്ലോ?’ -അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
‘നിയാസിനെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ വന്ന Thar DI 4*4 വിവരങ്ങൾ ഒക്കെ കാണിച്ചു. അതിനെ പറ്റി അന്വേഷിച്ചു... നമ്മൾ ഉടൻ തന്നെ നിയാസിന്റെ Thar വാങ്ങും… നല്ല വണ്ടി പരിചയത്തിൽ ഉണ്ടെങ്കിൽ പറയാൻ മറക്കണ്ട, ഒന്ന് അന്വേഷിക്കണേ’ -നിയാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.