ഉരുൾപൊട്ടൽ: പുനരധിവാസ നടപടികൾ പുരോഗമിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിന്‍റെ വിവിധ വശങ്ങള്‍ വിദഗ്ധരുമായും ദുരന്തമേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്ലാവരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചാകും പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപംനല്‍കുക.

ദുരന്തമേഖലയിലെ ജപ്തി നടപടികൾ തൽക്കാലം നിര്‍ത്തിക്കും. വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളുന്നത് അതത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിച്ച് തീരുമാനമെടുക്കും. ദുരന്തമേഖലയിലുള്ളവരില്‍നിന്ന് ജൂലൈ 30ന് ശേഷം ഈടാക്കിയ വായ്പ തിരിച്ചട് തവണകൾ അതത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടയ്ക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി നിർദേശം നല്‍കിയിട്ടുണ്ട്. പുതിയ വായ്പകൾക്ക് നിബന്ധനകള്‍ ലഘൂകരിച്ച് വേഗത്തില്‍ നല്‍കാനുള്ള തീരുമാനങ്ങളും കൈക്കൊള്ളും. പെട്ടെന്നുള്ള ആശ്വാസത്തിനായി ഈടില്ലാതെ 25,000 രൂപ വരെ വായ്പ നൽകും. 30 മാസമായിരിക്കും തിരിച്ചടവ് സമയം.

729 കുടുംബങ്ങളായിരുന്നു ക്യമ്പുകളിലുണ്ടായിരുന്നത്. ഇപ്പോൾ 219 കുടുംബങ്ങളുണ്ട്. മറ്റുള്ളവര്‍ വാടക വീടുകളിലേക്കോ കുടുംബവീടുകളിലേക്കോ മാറി. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഉടൻ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു.

കൂടുതൽ വീടുകള്‍ കണ്ടെത്തി നല്‍കാൻ തടസ്സമില്ല. 179 പേരുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽനിന്ന് 65 പേരാണ് മരിച്ചത്. 119 പേരെ ഇനി കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കോടി നൽകി സാന്‍റിയാഗോ മാർട്ടിന്‍റെ ബന്ധുക്കൾ

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സഹായപ്രവാഹം തുടരുന്നതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാദ ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍റെ അടുത്ത ബന്ധുക്കൾ ഒരു കോടി രൂപയുടെ ചെക്ക് നൽകി.

വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘തമിഴ്നാട്ടിലെ റോട്ടറി ക്ലബ് ഭാരവാഹികളില്‍ ചിലര്‍ ഓഫിസില്‍ എത്തിയിരുന്നു.

ഒരു കോടി രൂപയുടെ ചെക്ക് അവര്‍ കൈമാറി. പിന്നീട് പരിശോധിച്ചപ്പോള്‍ ‘ഫ്യൂച്ചര്‍ ഗെയിമിങ്’ എന്നാണ് ചെക്കില്‍ കണ്ടത്. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ അടുത്ത ബന്ധുക്കളാണ് ചെക്ക് നല്‍കിയതെന്നാണ് മനസ്സിലാക്കാനായത്. ആരുടേതാണ് എന്ന് വ്യക്തമാക്കാതെ വരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Wayanad Landslides: Rehabilitation work in progress - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.