കെ.എസ്.എഫ്.ഇയിൽ ഒരു കോടിയുടെ തട്ടിപ്പ് അഞ്ചു പേർക്കെതിരെ കേസ്

വളാഞ്ചേരി: കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ അഞ്ചുപേർക്കെതിരെ കേസെടുത്തു. കെ.എസ്.എഫ്.ഇ അപ്രൈസർ വളാഞ്ചേരി സ്വദേശി രാജൻ (67), തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുൽ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷരീഫ് (40), പനങ്ങാട്ടുതൊടി റഷീദ് അലി (37), പാറത്തോട്ടത്തിൽ മുഹമ്മദ് അഷ്റഫ് (34) എന്നിവർക്കെതിരെയാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. 221 പവൻ മുക്കുപണ്ടം പണയംവെച്ച് ഒരു കോടി നാൽപത്തി ഏഴായിരം രൂപയാണ് തട്ടിയെടുത്തത്.

കഴിഞ്ഞവർഷം ഒക്ടോബർ 28 മുതൽ ജനുവരി 18 വരെയുള്ള കാലയളവിൽ 10 അക്കൗണ്ടുകളിലായി 221 പവൻ മുക്കുപണ്ടമാണ് സ്വർണമെന്ന വ്യാജേന പണയംവെച്ചത്. ജീവനക്കാർക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും അദ്ദേഹം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചിട്ടിക്ക് ജാമ്യമായി നൽകിയ സ്വർണവും ഇതിലുണ്ട്. പ്രതികൾ വർഷങ്ങളായി കെ.എസ്.എഫ്.ഇയിൽ കോടികളുടെ ഇടപാട് നടത്തുന്നവരാണ്.

മറ്റു ജീവനക്കാർക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    
News Summary - Case against five people for fraud of 1 crore in KSFE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.