വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള മൈക്രോപ്ലാൻ പ്രവർത്തനോദ്‌ഘാടനം മേപ്പാടി എം.എസ്.എ.ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കു

വയനാട് പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്; മൈക്രോ പ്ലാന്‍ പ്രധാന മുന്നേറ്റം

കൽപറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുബശ്രീ മിഷന്‍ തയാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവര്‍ത്തനം മേപ്പാടി എം.എസ്.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയാറാക്കിയ മൈക്രോ പ്ലാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാന്‍ കൂട്ടായ പരിശ്രമമാണ് നാടെല്ലാം ഏറ്റെടുക്കുന്നത്. അതിദാരിദ്ര നിർമാർജനത്തിനായി കർമ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുള്‍ പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായി. ആറ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അതിജീവന പദ്ധതികള്‍ സൂഷ്മതലത്തിലുള്ള പുനരധിവാസം സാധ്യമാക്കും.

ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകള്‍ ഏകോപിപ്പിച്ചത്. ഇവയുടെ പൂര്‍ത്തീകരണവും മാതൃകാപരമായിരിക്കും. ഒരുഘട്ടം മാത്രമാണ് മൈക്രോപ്ലാനിലൂടെ സാധ്യമാകുന്നത്. ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം കുറ്റമറ്റ രീതയില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ എല്ലാ ആശങ്കകളും ദുരീകരിച്ച് നടപ്പാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു. വ്യവസായ വകുപ്പ് എം.എം.ജി, പി.എം.ഇ.ജി.പി ധനസഹായവിതരണവും മന്ത്രി നിർവഹിച്ചു.

പട്ടികജാതി-പട്ടിക വർഗ ക്ഷേമ മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷത വഹിച്ചു. കുടുബശ്രി പ്രത്യാശ ആര്‍.എഫ് ധനസഹായ വിതരണം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാമൂഹിക നീതി വകുപ്പ് സ്വാശ്രയധനസഹായം വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ കർമ പദ്ധതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എസ്. സാംബശിവറാവുവും കുടുംബശ്രീ ആക്ഷന്‍ പ്ലാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശനും അവതരിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു നിർവഹിച്ചു. ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. നാസര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജുഹെജമാഡി, ബ്ലോക്ക് പഞ്ചായത്തംഗം സി. രാഘവന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Wayanad rehabilitation will be implemented quickly, Minister M.B. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.