ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് മുന്നിൽ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലാത്തവരുടെ കേസുകളിലെ നടപടികള്‍ അവസാനിപ്പിക്കുമെന്ന് കേരളം സുപ്രീംകോടതിയിൽ. ഇത്തരം കേസുകളിലെ നടപടികൾ അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോർട്ട് നൽകാമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം ഹേമ കമ്മിറ്റിയിലെ മൊഴികളിൽ നടക്കുന്ന അന്വേഷണത്തിനെതിരായ ഹരജികളില്‍ ഡിസംബര്‍ 19-ന് സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും അന്ന് തീരുമാനമെടുക്കുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇരകള്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്ന് കാട്ടി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍, കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലാത്തവരുടെ പരാതികൾ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷാകന്‍ രഞ്ജിത്ത് കുമാര്‍ സൂചന നല്‍കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ നടപടി എടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും, കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും മാല പാര്‍വതിക്ക് വേണ്ടി അഭിഭാഷാകന്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് താല്‍പര്യമില്ലാത്തവരുടെ മൊഴി എടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.