തിരുവനന്തപുരം: വയനാട്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകളിലെ ദുരിതബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മാതൃക ടൗൺഷിപ് നിർമിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. 632 കോടിക്ക് പദ്ധതി നടത്തിപ്പിന് കരാറുകാരായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റിയെയാണ് നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വയയാട് പുനർനിർമാണ സമിതി, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രമുഖ സ്പോൺസർമാർ ഉൾക്കൊള്ളുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി ചെയർപേഴ്സണായ ഏകോപന സമിതി എന്നിവ പദ്ധതിക്കായി പ്രവർത്തിക്കും. ടൗൺഷിപ്പുകളിൽ അനുവദിക്കേണ്ട പ്ലോട്ടുകളുടെ വിസ്തീർണം സംബന്ധിച്ച് പദ്ധതി ആസൂത്രണ ഏജൻസിയായ കിഫ്കോണിന്റെ പ്രോജക്ട് ശിപാർശ തന്നെ അംഗീകരിച്ചു. കൽപറ്റയിലെ ടൗൺഷിപ്പിൽ അഞ്ച് സെന്റ് പ്ലോട്ടുകളും നെടുമ്പാലയിൽ 10 സെന്റ് പ്ലോട്ടുകളും എന്ന കിഫ്കോണിന്റെ ശിപാർശയാണ് അംഗീകരിച്ചത്. രണ്ടിടത്തും 10 സെന്റ് ഭൂമി അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവും പ്രതിപക്ഷ എം.എൽ.എമാരും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചില്ലെന്നാണ് ഉത്തരവിറക്കിയതോടെ വ്യക്തമാകുന്നത്.
കൽപറ്റയിൽ 467, നെടുമ്പാലയിൽ 266 എന്നിങ്ങനെ പാർപ്പിട യൂനിറ്റുകൾ നിർമിക്കാൻ ഏകദേശം പദ്ധതി ചെലവ് 632 കോടി രൂപയായിരിക്കും. ടൗൺഷിപ്പിൽ താൽപര്യമില്ലാത്ത പട്ടികവർഗ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ താൽപര്യപ്രകാരം വനമേഖലയോടുചേർന്ന് ഗ്രാമസഭയുടെ അംഗീകാരത്തോടെ വനാവകാശ നിയമത്തിന് വിധേയമായി ഭൂമിയോ അനുവദിക്കും. പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സംസ്ഥാന ദുരന്തപ്രതികരണ നിധി, സ്പോൺസർഷിപ്, സി.എസ്.ആർ ഫണ്ട്, കേന്ദ്ര സഹായം എന്നിവ ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.