തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ വനിതാ സി.പി.ഒ. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. മുടി മുറിച്ചാണ് പ്രതിഷേധിച്ചത്.
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ വ്യക്തമാക്കി. ഇതിനുപിന്നാലെയായിരുന്നു ഉദ്യോഗാർഥികളുടെ മുടി മുറിക്കൽ സമരം. ആഗസ്റ്റ് നാലിനാണ് ലിസ്റ്റുകളുടെ കാലാവധി തീരുന്നത്.
പ്രളയ, കോവിഡ് കാലഘട്ടങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ റാങ്ക് ലിസ്റ്റിൻെറ കാലാവധി നീട്ടണമെന്നുമാണ് ആവശ്യം. സമരം തുടങ്ങിയിട്ട് ആഴ്ചകളായി. സർക്കാർ ചർച്ചക്ക് പോലും തയാറാകുന്നില്ല. സർക്കാർ ഘോര ഘോരം പറയുന്ന ലിംഗനീതി എവിടെയെന്നും വനിതാ ഉദ്യോഗാർഥികൾ ചോദിക്കുന്നു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റ് നീട്ടിനൽകുകയും ചെയ്യുന്നത് സർക്കാർ നയമല്ലെന്നാണ് മുഖ്യമന്ത്രി ദിവസങ്ങൾക്ക് മുമ്പ് സഭയിൽ പറഞ്ഞത്. റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ ഉദ്യോഗാർഥികളുടെ പ്രതിഷേധം ഉയർന്നെങ്കിലും ഇന്നും സഭയിൽ ഇക്കാര്യം മുഖ്യമന്ത്രി ആവർത്തിക്കുകയായിരുന്നു.
മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നതെന്നും ഇതിൽ കൂടുതൽ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.