വർക്കല: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന ഒന്നിപ്പ് പര്യടനത്തിെൻറ ഭാഗമായി വർക്കല ശിവഗിരി മഠം സന്ദർശിക്കുകയുണ്ടായി. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാനന്ദ റസാഖ് പാലേരിയേയും സംഘത്തെയും സ്വീകരിച്ചു. മഠത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌ത റസാഖ് പാലേരി അരമണിക്കൂറിലേറെ മഠത്തിൽ ചെലവഴിച്ചു.
ശ്രീനാരായണഗുരുവിന്റെ മാനവിക ദർശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജാതീയ മേധാവിത്വങ്ങൾക്കെതിരായ ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും സ്വാമി ശുഭാനന്ദയുമായി അദ്ദേഹം സംസാരിച്ചു. സവർണ ഫാഷിസത്തിെൻറ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയിൽ യാഥാർത്ഥ്യമാകേണ്ടതെന്ന് വെൽഫെയർ പാർട്ടി കരുതുന്നു. മഹാത്മ അയ്യൻകാളി, ശ്രീനാരായണഗുരു, വക്കം അബ്ദുൽ ഖാദർ തുടങ്ങിയവർ നയിച്ച കേരളീയ നവോത്ഥാനത്തിൽ പങ്കാളികളായ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങൾക്ക് ഇതിൽ സുപ്രധാനമായ പങ്കു വഹിക്കാൻ കഴിയും.
മുസ്ലിങ്ങൾ, ദലിത്-ആദിവാസി വിഭാഗങ്ങൾ, ക്രൈസ്തവർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ, മത്സ്യതൊഴിലാളി സമൂഹം തുടങ്ങി സവർണ്ണ വംശീയ വാദികളല്ലാത്ത മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുന്ന, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിക്കു രൂപം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. അതിെൻറ ഭാഗമായുള്ള പര്യടനമാണ് ഒന്നിപ്പിലൂടെ പാർട്ടി ലക്ഷ്യം വെക്കുന്നതെന്നും റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
റസാഖ് പാലേരിയുടെ സന്ദർശനം സന്തോഷകരമായ അനുഭവമായിരുന്നുവെന്നും സാമൂഹിക സഹവർത്തിത്വത്തിനും വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിർത്താൻ വേണ്ടിയുള്ള വെൽഫെയർ പാർട്ടിയുടെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്നും സ്വാമി ശുഭാനന്ദ കൂട്ടിച്ചേർത്തു.
സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഒന്നിപ്പു പര്യടനത്തിലൂടെ ശ്രമിക്കുന്നത്. വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് ജോൺ, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ , ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ലാ ട്രഷറർ എം കെ ഷാജഹാൻ,എൻ. എം അൻസാരി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.