തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണത്തിന് പണം കണ്ടെത്തുന്നതിനും കുടിശ്ശിക തീർക്കുന്നതിനും സഹകരണ ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ച് 2000 കോടി കടമെടുക്കുന്നു. പെൻഷൻ വിതരണത്തിനായുള്ള സാമൂഹിക സുരക്ഷ പെൻഷൻ കമ്പനിക്ക് 8.8 ശതമാനം പലിശനിരക്കിലാണ് കൺസോർട്യം വായ്പ നൽകുക.
വായ്പക്ക് സർക്കാർ ഗാരന്റി നിൽക്കും. നിലവിൽ മൂന്നുമാസത്തെ പെൻഷൻകുടിശ്ശികയുണ്ട്. രണ്ടുമാസത്തെ പെൻഷൻ വിതരണത്തിനുതന്നെ 1600 കോടി വേണം. കൺസോർട്യം വായ്പ തരപ്പെടുത്തി സാധ്യമാകും വേഗം വിതരണം ചെയ്യാനാണ് പെൻഷൻ കമ്പനിയുടെ ശ്രമം. ഓണത്തോടനുബന്ധിച്ച് ആഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പെൻഷൻ നൽകിയത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെയും എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റികളെയും ഉൾപ്പെടുത്തിയാണ് കൺസോർട്യം രൂപവത്കരിക്കുക. കണ്ണൂരിലെ മാടായി കോഓപറേറ്റിവ് റൂറൽ ബാങ്ക് ഫണ്ട് മാനേജരായി പ്രവർത്തിക്കും. ഇവർ ക്ഷേമപെൻഷൻ കമ്പനിയുമായി കരാർ ഒപ്പിടും. 12 മാസത്തേക്കാണ് കൺസോർട്യം വായ്പ അനുവദിക്കുക.
സംസ്ഥാനത്തെ 50.57 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷനുള്ള സാമ്പത്തിക സമാഹരണത്തിന് 2018-2019 ലാണ് പെൻഷൻ കമ്പനി രൂപവത്കരിച്ചത്. പെൻഷൻ കമ്പനി ഇതിനകം 11,373.29 കോടി കടത്തിലാണ്. 6.85 ശതമാനം മുതൽ 10 ശതമാനം വരെ പലിശക്ക് വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പയാണ് തിരിച്ചടക്കാനുള്ളത്.
കെ.എസ്.എഫ്.ഇ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (കെ.എസ്.ബി.സി), കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) എന്നിവിടങ്ങളിൽ നിന്നാണ് വായ്പ.
കേന്ദ്രവിഹിതകാര്യത്തിലെ കേന്ദ്ര നിലപാടും സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതക്ക് കാരണമാകുന്നുണ്ട്. 50 ലക്ഷത്തോളം പേർക്ക് സംസ്ഥാന സർക്കാർ പെൻഷൻ നൽകുമ്പോൾ കേന്ദ്രവിഹിതം ലഭിക്കുന്നവർ 5.7 ലക്ഷം മാത്രമാണ്. ഇവർക്കുള്ള തുക പോലും സമയത്ത് കിട്ടാറില്ല.
കേന്ദ്രവിഹിതം കൂടി കൈയിൽനിന്ന് ഇട്ട് 1600 രൂപ തികച്ച് പെൻഷൻ കൊടുത്ത ഇനത്തിൽ ഇനിയും കേന്ദ്രത്തിൽനിന്ന് പണം കിട്ടാനുണ്ട്. വിധവകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കുള്ള പെൻഷനിലാണ് 200 മുതൽ 500 രൂപവരെ കേന്ദ്രവിഹിതം. എല്ലാ വിഭാഗത്തിലും സംസ്ഥാനവിഹിതം കൂടി ചേർത്ത് 1600 രൂപയാണ് പെൻഷൻ. സംസ്ഥാനം മാസം 750 കോടി രൂപ പെൻഷനായി ചെലവിടുമ്പോൾ കേന്ദ്രവിഹിതം 33 കോടി രൂപ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.