നിങ്ങളുടെ സാഹിത്യം ഞങ്ങൾക്കെന്ത് തന്നു?

ഇന്ന് അന്തരിച്ച മലയാളത്തിലെ ആദ്യ ഗോത്ര സാഹിത്യകാരൻ നാരായൻ 2018 ൽ 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖം

കാടോരങ്ങളിലെ ആദിവാസികളെ ചിത്രക്കൂടിനകത്താക്കി ഭാവനയും ദുരൂഹതയും സമംചേർത്താൽ ഗോത്രസാഹിത്യമായി എന്ന ധാരണ പൊളിച്ചെഴുതിയാണ് നാരായൻ എന്ന സാഹിത്യകാരൻ കുടയത്തൂർ മലയിറങ്ങിവന്നത്. വെറും കൈയോടെയായിരുന്നില്ല വരവ്. ആദിവാസി സംസ്കാരവും െഎതിഹ്യങ്ങളും അറിവുകളും സമാഹരിച്ച് 'നിങ്ങളേക്കാൾ ഒട്ടും കുറവല്ല ഞങ്ങൾ' എന്ന് വിളിച്ചുപറഞ്ഞവയായിരുന്നു അദ്ദേഹത്തിെൻറ കഥകളും കവിതകളും.

അങ്ങിനെയാണ് നാരായൻ മലയാളി സാഹിത്യത്തിനെ ഗോത്ര വഴിയിലൂടെ നടത്തിച്ച നേരെഴുത്തുകാരനായത്. നാട്ടുവാസികൾ കണ്ടുശീലിച്ച സംസ്കൃതിക്ക് ബദൽവെക്കാൻ പറ്റിയതൊക്കെ അദ്ദേഹത്തിെൻറ കൈയിലുണ്ടായിരുന്നു. 1998ൽ പുറത്തിറക്കിയ 'കൊച്ചരേത്തി' എന്ന ആദ്യകൃതിക്ക് പകരം വെക്കാൻ പാകത്തിൽ ഇനിയും ഗോത്രസാഹിത്യം വളർന്നിട്ടില്ല.


ഏഴ് ഭാഷകളിൽ മൊഴിമാറ്റം നടത്തിയ ഇൗ നോവലിന് കേരള സാഹിത്യഅക്കാദമി അവാർഡ് നേടിയിരുന്നു. അരയ വുമൻ എന്ന പേരിൽ ഒാക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ് ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. ഇതിനകം 18 പുസ്തകങ്ങൾ അദ്ദേഹം എഴുതിക്കഴിഞ്ഞു. അലങ്കാരത്തിനും ദലിത് കേരള സാഹിത്യ അക്കാദമി അംഗത്വം നൽകിയതൊഴിച്ചാൽ അർഹിക്കുന്ന അംഗീകാരം ഈ റിട്ടയേർഡ് പോസ്റ്റൽ ജീവനക്കാരന് കിട്ടിയിട്ടില്ല. എറണാകുളം എളമക്കരയിലെ വാടക വീട്ടിലിരുന്ന് നാരായൻ 'മാധ്യമ'വുമായി ജീവിതവും വിചാരങ്ങളും പങ്കിടുന്നു.

  • രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളുടെ കൂടിച്ചേരലാണ് താങ്കളുടെ കൃതികളിലേറെയും. പഴയ തലമുറയുടെ െഎതിഹ്യങ്ങളെ തേടിയുള്ള താങ്കളുടെ അലച്ചിലിലാണ് താങ്കളുടെ കഥകൾ ഉടലെടുക്കുന്നത്. അതേ സമയം പുതുതലമുറയിലൂടെ ജീവിത സാഹചര്യങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.താങ്കളുടെ നാടിനെക്കുറിച്ചും ഗോത്രത്തെക്കുറിച്ചും പറയാമോ ?

തൊടുപുഴയിൽ നിന്ന് മൂലമറ്റത്തേക്ക് പോകുമ്പോൾ കാണുന്ന കുടയത്തൂർ മലയുടെ അടിവാരത്തായിരുന്നു അച്ഛൻറ വീട്. ഞങ്ങളടക്കം ആദിവാസി സമൂഹത്തിൽ പ്പെട്ട മലയരയന്മാരുടെ മുപ്പതോളം കുടുംബങ്ങളാണ് അവിടെ താമസിച്ചിരുന്നത്. കീഴ്മലനാട് എന്ന പഴയനാട്ടുരാജ്യമായിരുന്നു പണ്ട് ഞങ്ങളുടെ നാട്. കാരിക്കോട് ആയിരുന്നു ആസ്ഥാനം.തിരുവിതാകംകൂറിെൻറ ഭാഗമായി മാറി. കോതവർമ്മൻ എന്ന രാജാവ് കാരിക്കോട് ഭരിച്ചിരുന്നതായി രേഖകളിലുണ്ട്. കാടുവെട്ടികൃഷി ചെയ്യാൻ ഞങ്ങളുടെ പിതൃക്കന്മാർക്ക് രാജാക്കന്മാർ അനുവാദം നൽകിയിരുന്നു. അവിടെ ചെയ്തുവരുന്ന കൃഷിയായിരുന്നു ജീവിതമാർഗം. കുരുമുളകുംഏലവും നെല്ലുമൊക്കെ കൃഷി ചെയ്യും. വിളവെടുക്കുേമ്പാൾ ആറിലൊന്ന് രാജാവിനുള്ളതെന്നായിരുന്നു പൂർവികർ പറഞ്ഞുതന്നിരുന്നത്. കാട്ടുകല്ല്, ഇൗറ്റ, മണ്ണ് ഉപയോഗിച്ച വീടുകളായിരുന്നു പാരമ്പര്യമായി ഞങ്ങളുടെത്. ഒട്ടുംമടിക്കാതെ ദാരിദ്യ്രം ഞങ്ങളോടൊത്ത് വന്നിരുന്നു.

  • പോസ്റ്റൽ ജീവനക്കാരനിൽ നിന്ന് സാഹിത്യകാരൻ എന്ന മേൽവിലാസത്തിലേക്ക് എത്തിപ്പെട്ട സാഹചര്യം വിശദമാക്കാമോ?

കടം വാങ്ങിയ പുസ്തകങ്ങൾ പഠിച്ചാണ് ഞാൻ പത്താംക്ലാസ് പാസായത്.സ്കൂളിൽ പോയതിന് പിന്നിൽ അക്ഷരങ്ങൾ പഠിക്കുക എന്നതായിരുന്നില്ല, ഉച്ചക്ക് ഭക്ഷണം കിട്ടുക എന്നതായിരുന്നു ലക്ഷ്യം. കോളജിൽ പഠിക്കാൻ സാഹചര്യമുണ്ടായിരുന്നില്ല. അടക്കാ പറിക്കാൻ സഹായിയായി പോകുന്നതിനിടക്കാണ് എംേപ്ലായ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുന്നതും പിന്നീട് പോസ്റ്റൽ ഡിപ്പാർട്മെൻറിൽ ക്ലർക്കായി ജോലി ലഭിക്കുന്നതും.

അക്ഷരങ്ങൾ വായിച്ചു തുടങ്ങിയ കാലത്ത് വായനയിലുള്ള താൽപര്യം കണ്ടറിഞ്ഞ മഹാത്മ വായനശാല സെക്രട്ടറി നീട്ടിത്തന്ന പുസ്തകങ്ങളായിരുന്നു വഴികാട്ടി. അധികം താമസിയാതെ ഞാൻ നല്ല വായനക്കാരനായി മാറി. പുസ്തകങ്ങൾ ജീവിതത്തിെൻറ ഭാഗമായി.

പുറമെ നിന്നുള്ള ആളുകളുടെ പ്രകോപനപരമായ സൃഷ്ടിയാണ് എന്നെ എഴുതാൻ പ്രചോദനമായത്.പല പ്രസിദ്ധീകരണങ്ങളിലും ആദിവാസി വിഭാഗവുമായി ബന്ധപ്പെട്ട് അവാസ്തവവും പുലബന്ധമില്ലാത്ത രചനകളും കെട്ടുകഥകളും വന്നുതുടങ്ങിയപ്പോൾ അതിനെതിരെ പ്രതികരിക്കാൻ എഴുതണമെന്ന് തോന്നി. ആദിവാസികൾ പ്രതികരണശേഷി ഇല്ലാത്തവരായതുകൊണ്ട് എന്തും ചൂടപ്പം പോലെ ചെലവായിപ്പോകും എന്ന ധാരണ പല എഴുത്തുകാർക്കുമുണ്ട്. ആ രീതിയിൽ ഇവിടെ ഒരുപാട് എഴുത്തുകാരന്മാർ ഉണ്ടായിട്ടുമുണ്ട്. അവയിൽ ചിലത് ഞാൻ വായിച്ചിട്ടുണ്ട്. രൂക്ഷമായി പ്രതികരിച്ചിട്ടുമുണ്ട്.

സത്യസന്ധമായി ആദിവാസി ജീവിതത്തെ പരിചയപ്പെടുത്താൻ കഴിയുന്ന രചന വായിക്കാൻ കഴിയുമോ എന്ന അന്വേഷണം സ്വാഭാവികമായി ഉള്ളിലുണ്ടായിരുന്നു. ആ അന്വേഷണം എെൻറ വായനയുടെ ദിശ നിർണയിച്ചു. അത് ചെന്നെത്തിയത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പേൾ എസ്.ബക്കിെൻറ 'നല്ല ഭൂമി' എന്ന നോവലിലേക്കായിരുന്നു. അതായിരുന്നു എന്നെ എഴുതാൻ പ്രേരിപ്പിച്ച കൃതി.

  • 'കൊച്ചരേത്തി' എന്ന കഥാപാത്രം താങ്കളുടെ വഴിയിൽ എത്തിയത് എങ്ങനെയായിരുന്നു?

1980നുശേഷമാണ് കൊച്ചരേത്തിഎഴുതാൻ തുടങ്ങിയത്. ഗ്രാമത്തിൽ ചെട്ടിയും കലവുമൊക്കെ വിൽക്കാൻ വരുന്നവർ ചെറുപ്പക്കാരികളെ കൊച്ചരേത്തിയെന്നാണ് വിളിച്ചിരുന്നത്. അതാണ് നോവലിനിട്ടത്.നോവലെഴുതിയ ശേഷം 15 വർഷം പുറംലോകം കാണാതെ പെട്ടിയിലിരുന്നു. പെൻഷൻ പറ്റിയ ശേഷം ആ നോവൽ ഡി.സിബുക്സിന് അയച്ചുകൊടുക്കുകയായിരുന്നു. പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ആ സ്വപ്നം യാഥാർഥ്യമായി.

  • 'ദ അരയ വുമൻ.' എന്ന പേരിൽ ഒാക്സ്ഫോർഡ് യൂനിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷിൽ തർജമ ചെയ്ത് പ്രസിദ്ധീകരിച്ച നോവലാണ് കൊച്ചരേത്തി. ഇത്ര പ്രശസ്തമായ നോവലാണ് 15 വർഷം വെളിച്ചം കാണാതെ കിടന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിരുന്നുന്നോ?

വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നു. ഒരുപാട് ദുരനുഭവങ്ങളും ഉണ്ടായി. സഹായിച്ചവരും നിന്ദിച്ചവരും ഏറെ. 1999 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഇൗ നോവലിെൻറ ഹിന്ദി പരിഭാഷ കേന്ദ്രസാഹിത്യ അക്കാദമിയാണ് പുറത്തിറക്കിയത്.

  • ഗോത്രഭാഷയിൽ തന്നെയാണ് താങ്കളുടെ കൃതികളും. താങ്കൾ ആ ഭാഷയുടെ സാധ്യതയും പരിമിതിയും എങ്ങനെ വിലയിരുത്തുന്നു?

ഞാനെഴുതുന്ന കഥകൾ പലർക്കും ഒറ്റവായനകൊണ്ട് മനസ്സിലാവില്ല എന്ന പരിമിതി തിരിച്ചറിയുന്നുണ്ട്. ആദിവാസികളുമായി ബന്ധപ്പെട്ട സംഭവങ്ങളും സാഹചര്യങ്ങളും അവരുമായി ബന്ധപ്പെടുന്നവർക്ക് വളരെപ്പെട്ടന്ന് പിടികിട്ടും. പഴയ തലമുറയുടെ ആ ഭാഷ പുതുതലമുറക്ക് പോലും കൈമോശം വന്നിരിക്കുന്നു. എെൻറ തലമുറയിൽ പോലും സംസാരത്തിനിടെ അപൂർവമായി വന്നുപോകുന്ന വാക്കുകൾ മാത്രമായി ഞങ്ങളുടെ ഭാഷ. പൊതുസമൂഹവുമായുണ്ടായ കൂടിച്ചേരലാണ് അതിന് കാരണം. നഷ്ടപ്പെട്ട ആ ഭാഷയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമായിരുന്നു കൊച്ചരേത്തി.

  • ദലിത് എഴുത്തുകാർ ഏറെ വരുന്നുണ്ടെങ്കിലും ഗോത്രസാഹിത്യ രചന അത്രയധികമില്ലല്ലോ?

ഗോത്രസാഹിത്യത്തിൽ അധികമൊന്നും മലയാളത്തിലുള്ള രചനകൾ വന്നിട്ടില്ല. അവരുടെ ജീവിതവും ചരിത്രവും എഴുതാൻ ആത്മാർഥതയുള്ള എഴുത്തുകാർ വരണം. അവർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രാദേശിക ഭാഷയിലാവണം എഴുത്ത്. അതിന് അവരുമായി സമ്പർക്കം ഉണ്ടാകണം. അവരുടെ ഭാഷയും ചിന്തയും അറിഞ്ഞേ തീരൂ. മുതിർന്നവരുമായി സംവദിക്കണം. അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കണം. കയ്യേറ്റക്കാരുമുണ്ട് അവിടെ. അവർ സംസാരിക്കുന്ന ഭാഷ വേറെയാണ്. എഴുതിക്കഴിഞ്ഞാൽ അത് പ്രസിദ്ധീകരിക്കുംമുമ്പ് തെറ്റ് തിരുത്താൻ ശ്രദ്ധിക്കണം. അതിന് രണ്ടാം അഭിപ്രായം സ്വരൂപിക്കണം. ഇതൊക്കെ ശ്രദ്ധിച്ചാൽ നിങ്ങൾക്കും ആദിവാസി സാഹിത്യകാരൻ ആകാം. 'നല്ല ഭൂമി' എന്ന കൃതി എഴുതാൻ പേൾ എസ്. ബക്ക് 20 വർഷക്കാലം ചൈനീസ് കുഗ്രാമത്തിൽ ആ ജനവിഭാഗത്തോടൊപ്പം താമസിച്ചു എന്നറിയാമോ...ദലിത് എഴുത്തുകൾ ഇപ്പോൾ ഏറെ വരുന്നുണ്ട്. അവരുടെ ജനസംഖ്യ ഒരുപാടുണ്ട് എന്നതാണ് കാരണം. വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തിക ശേഷി ഉള്ളവരും അവരിൽ ഉണ്ട്. അവരേക്കാൾ എത്രയോ സാമൂഹികമായും സാമ്പത്തികമായും പിറകിലാണ് ആദിവാസികൾ.

  • മതപരിവർത്തനം കൂുടതലായി നടന്ന ആദിവാസി വിഭാഗമാണല്ലോ നിങ്ങളുടെത്. ആ മാറ്റം സമുദായത്തിൽ എത്തരത്തിൽ ബാധിച്ചു.?

ഏഷ്യയെ ബാപ്റ്റൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫാ. ഹെൻറി ബേക്കറിെൻറ നേതൃത്വത്തിൽ 1847_ 50 കാലത്ത് ഇന്ത്യയിലെത്തിയ സംഘം കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടത്തി. അന്നത്തെ രാജാക്കന്മാർ ബ്രാഹ്മണർ ഉൾപ്പെടെ സവർണരെ മതപരിവർത്തനം ചെയ്യാൻ സമ്മതിച്ചില്ല. ''ശാരീരികക്ഷമത, വിശ്വസ്തത ഉള്ളവരെ മാത്രമേ മതംമാറ്റുവെന്ന ഉറപ്പിലാണ് മിഷണറിമാർ മലയോരങ്ങളിലെത്തിയത്. അതേസമയം പ്രബല ഹൈന്ദവ സമുദായങ്ങളിൽ നിന്ന് നീതി കിട്ടാതിരിക്കുന്ന അവസ്ഥയിലായിരുന്ന മലയരയർ വ്യാപകമായി മതംമാറി. ഇതോടെ സമുദായം രണ്ടായി പിളരുകയായിരുന്നു.

  • ഒരു മതവും ആദിവാസികളെ തുണച്ചില്ലെന്ന് പറഞ്ഞു. വിശദീകരിക്കാമോ?

ആദിവാസികൾ എക്കാലവും പൊതുഇടങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. ഞങ്ങളുടെ കുലദൈവവും ആരാധനയുമായി കഴിഞ്ഞുകൂടുകയായിരുന്ന ഞങ്ങളുടെ കുടുംബങ്ങളിൽ ഒാരോ വീട്ടിലും ഒരു നാരായണൻ എന്ന പേരുകാരൻ ഉണ്ടായത് പിന്നീടാണ്. ആദ്യകാലങ്ങളിൽ ആദിത്യൻ, ഇട്ട്യാലി, മുണ്ടൻ,കേള, കുഞ്ഞൻ എന്നിങ്ങനെയായിരുന്നു പേരുകൾ. ഇത് സാമൂഹികമായി ഉണ്ടായ മാറ്റമാണ്. അതേസമയം ഇവരുടെ ജീവിതങ്ങളിൽ മാറ്റം സംഭവിച്ചില്ല. ഹിന്ദു ക്ഷേത്രങ്ങളിലേക്ക് പുല്ലും,ഒാലയും കൊടുക്കുക. ഇല കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ സാധിക്കാനുള്ള ജോലിക്കാർ മാത്രമായിരുന്ന ഞങ്ങൾക്ക് ആദ്യഘട്ടങ്ങളിൽ ക്ഷേത്ര പ്രവേശം സാധ്യമായിരുന്നില്ല. ഞങ്ങളുടെ ക്ഷേത്രങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. പിന്നീടാണ് സവർണ ക്ഷേത്ര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഭാവന കൊടുക്കേണ്ടിവന്നതും പ്രവേശം സാധ്യമായതും. ഞങ്ങളുടെ വീട്ടുതൊടിയിൽ കുരുമുളക് ഉള്ളതുകൊണ്ട് അത്കൊടുത്ത് വസ്ത്രങ്ങളും മറ്റും വാങ്ങുന്ന കാലമായിരുന്നു. അതിനാൽ ഞങ്ങളുടെ കാർഷിക ഉൽപന്നങ്ങളാണ് ക്ഷേത്രങ്ങൾക്ക് സംഭാവനയായി നൽകിയത്.അങ്ങനെ ഉൽസവങ്ങളുമായി അവരുടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു.അങ്ങനെ ഹൈന്ദവ മതം ക്രമേണ ആദിവാസി ആചാരങ്ങളുമായി കൂടിക്കലരുകയായിരുന്നു.

  • ആദിവാസി സംസ്കൃതി തകർക്കപ്പെട്ടതിെൻറ തുടക്കമായിരുന്നോ അത്?. വിദ്യാഭ്യാസം ആദിവാസി സമൂഹത്തിൽ എന്ത് മാറ്റമാണ് വരുത്തിയത്.?

ആദിവാസി സംസ്കൃതി തകർക്കപ്പെടുകയായിരുന്നില്ല. അത് താനെ തകരുകയായിരുന്നു. സമൂഹിക സാഹചര്യത്തിെൻറ സ്വാഭാവിക ഇടപെടലുകളിലൂടെയാണ് അത് വന്നുചേർന്നത്.വാമൊഴിയിലൂടെയായിരുന്നു ആദിവാസികൾ തങ്ങളുടെ അറിവുകൾ പകർന്നുനൽകിയത്. അന്നത്തെ വിദ്യാഭ്യാസം എന്നത് ഇന്നത്തെ വിദ്യാഭ്യാസവുമായി പുലബന്ധം പോലുമില്ല. വിദ്യാഭ്യാസമെന്നത് അന്ന് ചെലവേറിയതായിരുന്നു. കാരണം വിശാലമായ മുറ്റം വേണം. പുറത്തുനിന്നുള്ള ആളെയാണ് ആശാനായി തെരഞ്ഞെടുക്കുക. അക്ഷരവിദ്യയും പുരാണ കഥകളുമാണ് പഠിപ്പിക്കുക. അത്യാവശ്യം കണക്കും.

എനിക്ക് സ്കൂളിൽ പഠിക്കാൻ അവസരം കിട്ടിയെങ്കിലും എെൻറ അഛാച്ചെൻറ കാലത്ത് ഇങ്ങനെയായിരുന്നു. ആശാൻ ചെമ്പുതകിടിലെ പഴയ മലയാളത്തിലെ േശ്ലാകങ്ങൾ പഠിപ്പിക്കും. വിദ്യാർഥികൾ നിലത്ത് വിരിച്ച മണലിൽ എഴുതിപ്പഠിക്കും.വിദ്യാഭ്യാസം പൂർത്തിയാവുേമ്പാൾ ദക്ഷിണ വെയ്ക്കും. രണ്ട് ചക്രം, ഇടങ്ങഴി അരി. കാൽ വീഴുന്ന മിടുക്കനായ വിദ്യാർഥിക്ക് ആശാൻ എഴുത്തോല നൽകി 'നീ ഗുരുവാകുക' എന്ന് പറഞ്ഞ് അനുഗ്രഹിക്കും. വിഷ ചികിത്സയും പഠനത്തിെൻറ ഭാഗമായിരുന്നു.

സാമ്പത്തിക അവസ്ഥ മാത്രമല്ല സമൂഹത്തിനായി നല്ലത് ചെയ്യണമെന്ന ആഗ്രഹം ഉള്ളവരെ വിദ്യാഭ്യാസത്തിന് മെനക്കെട്ടിരുന്നുള്ളൂ. എെൻറ അച്ഛൻ നാലാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ആ സ്കൂളിൽ തന്നെയാണ് ഞാൻ പഠിച്ചത്. ആ സ്കൂളുകൾ തുടങ്ങിയത് ജനകീയ സർക്കാർ അല്ല. അവിടെ ഉണ്ടായിരുന്ന രാജാക്കന്മാരാണ്.ആ പ്രദേശത്ത് വേറെ പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നും ഉണ്ട് അവിടെ ആ സ്കൂൾ.

  • സ്കൂൾ പഠന കാലത്ത് കൂടുതലും ഡ്രോപ്പ് ഒൗട്ടുകളായിരുന്നു അല്ലേ.?

അതിന് കാരണമുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെതായ സംസാര ഭാഷ ഉണ്ട്. ഒന്നിലും ലിപികളില്ല. ഞങ്ങളുടെ ഒരു വാക്കുപോലും പഠന വിഷയത്തിൽ വരുന്നില്ല. ഞങ്ങളേപ്പോലുള്ളവർ ഭൂമിയിൽ ഉണ്ട് എന്ന അറിവുപോലും പാഠ പുസ്തകങ്ങളിൽ നിന്ന് ലഭിച്ചില്ല. അഞ്ചുകിലോ മീറ്ററെങ്കിലും അകലെയാകും ഞങ്ങളുടെ സ്കൂൾ. അവിടെ നടന്നെത്തേണ്ടതായതിനാൽ ആറുവയസ്സു മുതലുള്ളവരെയേ സ്കൂളിൽ വിടൂ. കൂടുതൽ പേരും ഉച്ചഭക്ഷണത്തിനായിരിക്കും പോകുന്നത്. വയസ്സുമൂപ്പുകൊണ്ടുതന്നെ അവർ ക്ലാസ്സിൽ ഒറ്റപ്പെട്ടുപോകും. അന്തർമുഖരാകും. അവർ പഠനം ഉപേക്ഷിച്ച് കാടുകയറും. ഇതാണ് തെൻറ ജീവിതമെന്ന് അവർതന്നെ നിശ്ചയിക്കും. കൊലചെയ്യപ്പെട്ട മധുവിനേപ്പോലുള്ളവർ സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്.

  • പഠനവും തൊഴിലും ആദിവാസികളെ മണ്ണിനോട് ബന്ധിപ്പിക്കുന്നതാകണം എന്നല്ലേ പറഞ്ഞുവരുന്നത്?

മണ്ണുമായി ബന്ധപ്പെട്ടതാണ് ആദിവാസികളുടെ സംസ്കാരം. കൃഷിയാണ് അവരുടെ ജീവിതങ്ങളെ ബന്ധിപ്പിക്കുന്നത്. കാടോരങ്ങൾക്ക് നിലവിൽ ഒരു വികസന പദ്ധതിയും ഇല്ല. മണ്ണിനോട് അടുപ്പിക്കുന്ന വിദ്യാഭ്യാസമാണ് അവർക്ക് കൊടുക്കേണ്ടത്. ലോവർ ഡിവിഷൻ വിദ്യാഭ്യാസം ഞാൻ നേടിയിട്ടുണ്ട്. ക്ലാർക്കായി ആണ് ജോലി ലഭിക്കുന്ന ഒരുവനെ ആദിവാസികൾക്കോ അവരുടെ മണ്ണിനോ ആവശ്യമില്ല. അവരുടെ മണ്ണുമായുള്ള പ്രക്രിയകളിലും അവരുടെ ജീവിതവുമായും ഇത്തരത്തിലുള്ളവർക്ക് റോളില്ലല്ലോ. സർക്കാർ ജോലി കിട്ടിയാൽ തന്നെ പട്ടണത്തിലാകും നിയമനം. അതിനാൽ രക്ഷിതാക്കൾക്കോ, നാട്ടുകാർക്കോ പ്രയോജനം ഇല്ല.

കാടോരങ്ങൾക്ക് വേണ്ടി പദ്ധതികൾ വികസിപ്പിച്ച് മനുഷ്യവിഭവശേഷിക്കായി ആദിവാസികളെ പ്രയോജനപ്പെടുത്താം. പദ്ധതികളുടെ പ്രയോജനം അവർക്ക് ലഭിക്കുകയും ചെയ്യും. വനമേഖലകളിലെ മണ്ണൊലിപ്പ് തടയാൻ കയ്യാലകൾ വെച്ചാൽ ആദിവാസി സമൂഹത്തിന് സുഗമമായി കൃഷി ചെയ്യാനാകും. അവിടെ വിളഞ്ഞുള്ള ധാന്യങ്ങൾ പൊതുസമൂഹത്തിൽതന്നെയാണ് എത്തുന്നത്.അവർക്ക് ആ അധ്വാനത്തിന് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളാണ് വളരേണ്ടത്.

  • ആദിവാസി സമൂഹത്തിന് മേൽ മുഖ്യധാര സമൂഹത്തിെൻറ അടിച്ചമർത്തലുകളും പീഡനങ്ങളും പുതിയതല്ല. അന്നത്തെ കാലത്ത് തലക്കരമായും മുലക്കരമായും പല കരങ്ങളും ഇൗടാക്കിയിരുന്നല്ലോ?

പെലമറുത എെൻറ കഥയിൽ തലക്കും മുലക്കും കരം ചുമത്തുന്ന കാര്യം വിശദമാക്കുന്നുണ്ട്. അത് നടന്ന സംഭവമാണ്. കൃഷിക്കാർ വിളവിെൻറ ആറിലൊന്ന് രാജമുഖം എന്ന ടാക്സ് ആയികൊടുക്കണമായിരുന്നു. പ്രമാണിമാരാണ് പിരിക്കുക. കുടികളിൽ ചട്ടമ്പികൾ വന്ന് പണം ബലമായി വാങ്ങിക്കൊണ്ടുപോകും.ഇത്തരം വാങ്ങലുകൾ പലതും രാജാവിെൻറ ട്രഷറികളിൽ എത്തില്ല. മേലധികാരികളോട് 'ഇവന്മാർ ഒന്നും തരില്ല' എന്ന് പറഞ്ഞൊഴിയും. 'രാജഭോഗം കൊടുക്കാത്തവർ ഇൗ നാട്ടിൽ ജീവിക്കാൻ അവകാശമില്ല' എന്ന് പറഞ്ഞ് വീണ്ടും പീഡനമാണ്.കൃഷി, കുടി ഒക്കെ കത്തിച്ചുകളയും. പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തും. ഇൗ ശിക്ഷാരീതികൾ അതിക്രൂരമായി നടപ്പാക്കും. പശുവിെൻറ കാലും പീഡനത്തിന് വിധിക്കപ്പെട്ട ആളുടെ കാലും കൂട്ടിക്കെട്ടി നീചമായ രീതിയിൽ കൊല നടത്തും. വീട്ടിൽ പെണ്ണിന് മുല വന്നാൽ രണ്ട് ചക്രം കൊടുക്കണമായിരുന്നെന്ന് മുതിർന്ന ആളുകൾ പറഞ്ഞുകേൾക്കാറുണ്ട്.ആണുങ്ങൾക്ക് രണ്ട് ചക്രം തലക്കരമായും കൊടുക്കണമായിരുന്നു.

  • ആദിവാസിയായിപ്പോയി എന്നതിെൻറ പേരിൽ സാഹിത്യ രംഗത്ത് നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

എന്നോട് ചിലർ ചോദിച്ചിട്ടുണ്ട് എന്തിനാണ് ആദിവാസി സാഹിത്യം, ഒരു സാഹിത്യം പോരെ എന്ന്. ഞാൻ മറുചോദ്യം ഉന്നയിച്ചു. നമ്മുടെ സംസ്കാരത്തിന് 5000 കൊല്ലത്തെ പഴക്കം ഉണ്ട് എന്ന് കരുതുക. ഇതുവരെ ഇവിടെത്തെ സാഹിത്യം നിങ്ങളുടെതായിരുന്നു. ഞങ്ങൾക്ക് എന്ത് പ്രയോജനമാണ് ഇതുവരെ ഉണ്ടായത്. ഞങ്ങളെ മനുഷ്യരാണെന്ന് കാണാൻ പോലും നിങ്ങളുടെ സാഹിത്യത്തിനായില്ല. ഞങ്ങളിൽ ചിലർ അത് തിരിച്ചറിയുന്നു. .ഇപ്പോൾ ഞങ്ങൾ സൃഷ്ടികൾ നടത്തുന്നു. അത് വിലയിരുത്തുന്നത് നിങ്ങളാണ്.അവാർഡുകൾ പ്രഖ്യാപിക്കുേമ്പാൾ എെൻറ പേര് എവിടെയും വരാത്തതിെൻറ ഒരു കാരണം അതാണെന്ന് ഞാൻ കരുതുന്നു. എനിക്ക് അതിൽ പരാതി ഇല്ല. മുഖ്യധാര പ്രസാദകരിൽ നിന്നുപോലും അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്.

  • ആദിവാസികൾക്ക് നേരെയുള്ള പൊതുസമൂഹത്തിെൻറ കാഴ്ചപ്പാട് മാറുന്നില്ല. മധുവിനെ തല്ലിക്കൊന്നത് ഒടുവിലത്തെ ഉദാഹരണമാണ്?

ആദിവാസികളും ദലിതരുംകൊന്നാടുക്കപ്പെടേണ്ടവരല്ല. അവരും ഇൗ രാജ്യത്തെ പൗരന്മാരാണ്. അവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ല. മധുവിെൻറ കൊലപാതകം ആദ്യത്തേതല്ല. പണ്ടുകാലം മുേമ്പ ആദിവാസികൾ പൊതുസമൂഹത്തിെൻറ ക്രൂരതകൾക്ക് ഇരകളാണ്. അവർ കൊന്നൊടുക്കപ്പെടുന്നു. അവരുടെ പെണ്ണുങ്ങൾ നശിപ്പിക്കപ്പെടുന്നു. ഏറ്റവും അവസാനത്തേതാണ് മധു എന്ന് പറയാറായിട്ടില്ല. നാളെയും ഇതേ സംഭവങ്ങൾ ആവർത്തിക്കപ്പെടാം. സമൂഹമാണ് മധുവിനെ അങ്ങനെ ആക്കിയത്.അത്തരം ധാരാളം പേർ ആദിവാസി സമൂഹത്തിലുണ്ട്.പ്രബല സമുദായക്കാർ തെറ്റുചെയ്താൽ പൊറുക്കാൻ പൊതുസമൂഹത്തിനാകും.എന്നാൽ ആദിവാസിയാണ് ചെയ്തതെങ്കിൽ 'അവനെ കൊല്ലടാ' എന്ന് ആക്രോശിക്കാൻ ആൾക്കാരുണ്ടാകും. സമൂഹം അത്രയൊന്നും മാറിയിട്ടില്ലെന്നും അവസ്ഥ രൂക്ഷമാകുകയാണ് ചെയ്തതെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

  • ആദിവാസി`^ദലിത് വിഭാഗങ്ങളോടുള്ള പൊതുസമുഹത്തിെൻറയും രാഷ്ട്രീയ പാർട്ടികളുടെയും കാഴ്ചപ്പാടുകൾ മാറിയില്ല എന്നാണോ.

സമൂഹം പുരോഗമിച്ചു എങ്കിലും മനുഷ്യസമൂഹത്തിെൻറ പ്രത്യേകിച്ച് കേരളീയരുടെ മനസ്സിൽ നിന്ന് ജാതിയും തൊട്ടുതീണ്ടലുമൊന്നും പോയിട്ടില്ല. എന്തിന് രാഷ്ട്രീയ കക്ഷികളുടെ മനോഭാവം പോലും മാറിയിട്ടില്ല. ഞങ്ങളുടെ സമൂഹത്തിെൻറ ഭൂരിഭാഗവും ഇന്നും മുഖ്യധാരയിൽ നിന്ന് അകന്ന് തന്നെയാണ്. അവരുടെ ജീവിതം അധികം മാറിയിട്ടില്ല. സമൂഹത്തിെൻറ അകംമനസ്സിൽ ഇന്നും അവർ തീണ്ടാപ്പാടകലെതന്നെയാണ്. ഒരു വലിയ വിഭാഗത്തിെൻറ സേവകരായി മാറ്റാനുള്ള വിദ്യാഭ്യാസ സാഹചര്യമേ ഇവർക്കും ലഭിച്ചുള്ളൂ. ദൗർഭാഗ്യമെന്ന് പറയെട്ട ഇത്തരം വിദ്യാഭ്യാസം നേടി സമൂഹത്തിെൻറ മേൽതട്ടിലെത്തിയവരാകെട്ട ആദിവാസിയാണെന്ന് തുറന്നുപറയാൻ വിമുഖത കാട്ടുന്നു. ഒരുവൻ പഠിക്കാൻ തുടങ്ങുേമ്പാൾ തെൻറ ആദിവാസി സ്വത്വവും ജീവിതരീതിയും മറക്കാൻ തുടങ്ങുന്നു. അവരിൽ സവർണ മനോഭാവം വളരുന്നു. പരമാവധി തങ്ങളുടെ സമൂഹത്തിൽ നിന്ന് അകന്നുനിൽക്കുന്നു. ജീവിത രീതി പോലും മാറുന്നു. പക്ഷേ അവെൻറ ഒാഫീസിലെ വാച്ച്മാന് പോലും അറിയാം അവൻ ആദിവാസിയാണെന്ന്. അവർ മാറിനിന്ന് ഇവരെ പരിഹസിക്കുകയും ചെയ്യും. എെൻറ നേട്ടം എന്നത് എനിക്കും എെൻറ ജനസമൂഹത്തിനും അവകാശപ്പെട്ടതാണ് എന്ന മനോഭാവം സൃഷ്ടിക്കപ്പെടുന്നില്ല.

  • മുഖ്യധാരയിൽ നിന്ന് തിരസ്കരിക്കപ്പെട്ടവരാണ് ആദിവാസികളും ദലിതരും. ഇൗ രണ്ടു സമൂഹത്തെയും ഒരേ തരത്തിൽ കൂട്ടിക്കെട്ടുേമ്പാൾ തന്നെ തികച്ചും വ്യത്യസ്തമായ സാമൂഹിക സാഹചര്യങ്ങളാണ് ഇരു സമൂഹങ്ങളും നേരിടുന്നത്. നമുക്കറിയാം .ദലിത് അവസ്ഥയല്ല, ആദിവാസി അവസ്ഥ. താങ്കൾ വിഷയത്തെ എങ്ങനെ കാണുന്നു?

ദലിതർ പ്രബല സമുദായങ്ങളുടെ പിന്നാമ്പുറത്തുള്ളവരാണ്. ആദിവാസികളാണെങ്കിൽ വിദൂര പ്രദേശങ്ങളിൽ അവന് തോന്നുന്നപോലെ ജീവിക്കുന്നവർ. അവരുടെ ഇടയിൽ രാജാക്കന്മാർ പോലുമുണ്ട്. ബ്രാഹ്മണനും ദലിതനും തമ്മിലെ മുഖപരിചയം പോലും ദലിതനും ആദിവാസിയും തമ്മിലില്ല. അവർ ജീവിക്കുന്ന പരിസരം വേറെയാണ്. ആദിവാസിക്ക് വല്ലപ്പോഴുമേ പൊതുസമൂഹത്തിെൻറ മുമ്പിൽ വരാറുള്ളൂ. പക്ഷേ സർക്കാരുകൾ പോലും പലപ്പോഴും മറന്നുപോകുന്ന പേരാണ് ആദിവാസികളുടെത്.

  • ദലിത് വിഷയം പോലെ പരിഗണന ആദിവാസികൾക്ക് കിട്ടുന്നില്ല എന്ന് കരുതുന്നുണ്ടോ?

ദലിത് വിഭാഗങ്ങൾ എന്നത് പ്രബല സമുദായത്തോട് ചേർന്ന് പൊതുസമൂഹവുമായി ഇടചേർന്ന് ജീവിക്കുന്നവരാണ്.അവർ എപ്പോഴും കണ്ടുമുട്ടുന്നു. ആദിവാസി ജനവിഭാഗങ്ങളാകെട്ട പൊതുസമൂഹത്തിൽ നിന്ന് മാറി ജീവിക്കുന്നവരാണ്. അവരുടെ സാന്നിധ്യം നിങ്ങൾ ഇടപെടുന്ന മേഖലകളിൽ കാണാനാകില്ല. തികച്ചും വ്യത്യസ്തമായ സാമൂഹിക സാഹചര്യമുള്ള ചിതറിക്കിടക്കുന്ന ചെറുകൂട്ടങ്ങളടങ്ങിയതാണ് ആദിവാസി സമൂഹം. അവരിൽ പല രാഷ്ട്രീയമുള്ളവരുണ്ടാകാം. രാഷ്ട്രീയമില്ലാത്തവരുണ്ടാകാം. ഉൗരാളികൾ, മന്നാൻ, മലപ്പണ്ടാരങ്ങൾ തുടങ്ങി അനേകം ആദിവാസി സമൂഹങ്ങൾ കേരളത്തിൽതന്നെയുണ്ട്.

ഒരുപക്ഷേ ഇവരിൽ ആദിവാസി സമൂഹത്തിൽ നിന്ന് ഒരു നേതാവ് ഉയർന്നുവരുന്നു എന്നിരിക്കെട്ട. പല വിഭാഗങ്ങളും ഇയാളെ അംഗീകരിക്കാൻ വൈമനസ്യം കാണിക്കും. അതായത് ആദിവാസി ജനതക്ക് വേണ്ടി എന്ന പൊതു ആവശ്യമോ, പൊതുബോധമോ ഉണരുന്നില്ല എന്നതാണ് കാരണം. അതേസമയം മുഖ്യാധാരയിൽ നിന്ന് ഇവരിൽ മാറ്റമുണ്ടാക്കണം എന്ന ആത്മാർഥ സമീപനം ഉണ്ടാകുന്നില്ല. രാഷ്ടീയക്കാരുടെയും എഴുത്തുകാരുടെയും ആത്മാർഥ മനോഭാവം ഉണ്ടെങ്കിൽ ഇവർ എന്നേ മെച്ചപ്പെേട്ടനെ.

  • വിരമിച്ച ശേഷമുള്ള എഴുത്തുജീവിതത്തെപ്പറ്റി പറയാമോ. പുതിയ രചനകൾ ഏതൊക്കെയാണ്.?

'കൃഷ്ണനെല്ലിെൻറ ചോറ്' എന്ന ചെറുകഥ സമാഹാരമാണ് ഒടുവിൽ പുറത്തിറങ്ങിയത്.14 കഥകളുണ്ട് അതിൽ. അത് വെറും കഥ മാത്രമല്ല, എെൻറ പൂർവികർ പകർന്നുതന്ന അറിവുകൂടിയാണ്. നടന്നതാണോ എന്നറിയില്ല. സൂര്യോദയത്തിന് മുമ്പ് മുളച്ച് സൂര്യാസ്തമയത്തിന് വളർന്ന് കുലച്ച് നെൽമണിയായി പാകപ്പെട്ട് കൊഴിഞ്ഞു വീഴുന്ന അപൂർവ ഒൗഷധമാണ് കൃഷ്ണനെല്ല്. നല്ല നീലനിറത്തിലാണിത്. അച്ഛാച്ചെൻറ അനിയെൻറ വീട്ടിൽ ഒരു വലിയപ്പൂപ്പൻ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞുതന്നതാണ് കൃഷ്ണനെല്ലിനെപ്പറ്റി. നൂറിലേറെ വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. സ്കൂളിൽ പഠിക്കുന്നതിന് മുമ്പായിരുന്നു സംഭവം. വെറ്റിലയും പാക്കും ഇടിച്ചുകൊടുക്കുന്നതിനിടെയായിരുന്നു അദ്ദേഹം കഥയോ കാര്യങ്ങളോ പറഞ്ഞിരുന്നത്. ഇലവീഴാപ്പൂഞ്ചിറക്ക് സമീപമുള്ള മലഞ്ചെരുവിൽ കാട്ടിൽപോയ മലയരന്മാർക്ക് നീല നിറമുളള ഒൗഷധഗുണമുള്ള വലിയ ചോറ് ഉണ്ടാവുന്ന നെൽവിത്ത് കിട്ടിയ കഥയായിരുന്നു അദ്ദേഹം പറഞ്ഞത്.മലകളുടെ ഉച്ചിയിൽ ഉണ്ടാകുന്ന ദിവ്യൗഷധങ്ങളിലൊന്നാണ് ഇത്. ഇത്തരത്തിൽ പൂർവികരിൽ നിന്ന് പറഞ്ഞുകേട്ട അറിവുകളാണ് ഞാൻ അൽപം മേെമ്പാടിയോടെ കഥകളായി അവതരിപ്പിക്കാറ്. കഥകളുടെ ചില ഭാഗങ്ങൾ യുക്തിക്ക് നിരക്കാത്തതാണെങ്കിൽ മുറിച്ചുകളയാറുമുണ്ട്.എെൻറ 18ാമത് പുസ്തകമാണിത്.

  • ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്...

മലയരശൻമാരുടെ ചരിത്രവുമായി ബന്ധപ്പെടുത്തി ഒരു നോവൽ പൂർത്തിയാക്കാനുണ്ട്.

22 ചാപ്റ്ററേ കഴിഞ്ഞിട്ടുള്ളൂ. െഎതിഹ്യങ്ങളും ആദിവാസി അറിവുകളുമൊക്കെ കൂടിച്ചേരുന്ന നോവലാണിത്.ഞങ്ങളുടെ പുതുതലമുറക്ക് പോലും അന്യമായ െഎതിഹ്യങ്ങളേറെയുണ്ട് അതിൽ. അവയെ സമകാലീന സംഭവങ്ങളുമായി കൂട്ടിയിണക്കിയാണ് രചന.

Tags:    
News Summary - 'What has your literature given us' asks Malayalam's first tribal literary figure.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.