തിരുവനന്തപുരം: പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയപ്രമേയത്തിെൻറ പ്രധാന ലക്ഷ്യം സി.പി.എമ്മിനെ സ്വയം ശക്തിപ്പെടുത്തുകയും സ്വതന്ത്ര രാഷ്ട്രീയ ഇടപെടലിന് ശേഷി വർധിപ്പിക്കുകയും. പാർട്ടി കേരളമെന്ന ഒരു സംസ്ഥാനത്തേക്ക് മാത്രമായി ഒതുങ്ങുന്നതെന്ത് എന്ന ചോദ്യത്തിന് പരിഹാരം കാണുന്ന വഴികളാവും ഒക്ടോബർ 22 മുതൽ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യുക.
കേരളത്തിൽ ആദ്യമായി ഭരണതുടർച്ച ലഭിച്ച സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രനേതൃത്വത്തിെൻറ സ്വയം വിമർശനാത്മകമായ അേന്വഷണം. സംസ്ഥാനങ്ങളിൽ ശക്തിയുണ്ടാകാതെ ദേശീയ രാഷ്ട്രീയത്തിൽ നിർണായക പങ്ക് വഹിക്കാനാവില്ലെന്ന ബോധ്യപ്പെടലിൽ നിന്നാണിത്. കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിനുണ്ടായ തിരിച്ചടി വിശദമായി പരിശോധിച്ചാണ് പാർട്ടി കോൺഗ്രസിന് മുന്നിലേക്ക് കരട് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. രാജ്യത്ത് ഇടത്പക്ഷം ശക്തിയാർജിക്കാത്തതിന് കാരണമെന്തന്ന അന്വേഷണത്തിനൊപ്പം ഇനിയെന്തുവേണമെന്നതിലേക്ക് കൂടിയുള്ള അന്വേഷണമാവും പ്രമേയത്തിെൻറ കാതൽ.
ദേശീയതലത്തിൽ ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് കഴിഞ്ഞ കോൺഗ്രസ് തന്നെ അംഗീകരിച്ചു. ഒപ്പം പാർലമെൻറിലും പുറത്തും വിവിധ വിഷയങ്ങളിൽ ജനാധിപത്യ കക്ഷികളുമായി സഹകരിക്കാനും സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പ് സഖ്യമോ സഹകരണമോ ആവാമെന്നും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അസം, ബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യവുമുണ്ടാക്കി. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യം വേണമോ എന്നത് പ്രസക്തമല്ല.
കോൺഗ്രസ് ശക്തമായ രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും സി.പി.എം ശക്തിയേയല്ലതാനും. വിവിധ കക്ഷികളുമായും മുന്നണികളുമായും സഖ്യത്തിലേർപ്പട്ട സംസ്ഥാനങ്ങളിലെല്ലാം പാർട്ടിയുടെ വളർച്ച മുരടിച്ച് താഴേക്ക് പോയതായാണ് വിലയിരുത്തൽ. തമിഴ്നാട്ടിലും കർണാടകയിലും ജാതിവിരുദ്ധസമരങ്ങളിൽ ഏർപ്പെട്ടിട്ടും വളർച്ച താഴോട്ടാണ്. ഒരുകാലത്തെ കോട്ടകളായ ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞപ്പോൾ കേരളം മാത്രമാണ് അപവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.