ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും - പാർവതി തിരുവോത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ സിനിമാ മേഖലയിലെ പല ശക്തരായ വ്യക്തികളുടെയും ശ്രമം നടന്നു. എന്നാല്‍ തെരഞ്ഞെടുപ്പെത്തിയാല്‍ സ്ത്രീ സൗഹൃദമാവുന്ന സര്‍ക്കാര്‍ അപ്പോള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നും പാര്‍വതി പറഞ്ഞു. സൂര്യ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു നടി.

'റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ട് പോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കമ്മിറ്റികള്‍ക്ക് ശേഷം കമ്മിറ്റി. മൂന്ന് വര്‍ഷം നമ്മള്‍ കാത്തിരുന്നു. അതിനു ശേഷം അവര്‍ മറ്റൊരു കമ്മിറ്റി വെക്കുന്നു. അത് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം ഈ കമ്മിറ്റി പഠിച്ചത് പഠിക്കാന്‍ വേറൊരു കമ്മിറ്റി വേണമെന്ന് പറയും. നമുക്ക് തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ കാത്തിരിക്കാം. പെട്ടന്ന് ആ റിപ്പോര്‍ട്ട് പുറത്തു വരും. പെട്ടന്നവര്‍ സ്ത്രീ സൗഹൃദ സര്‍ക്കാരാവും,' പാര്‍വതി പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ നമ്മള്‍ ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയും. ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നുവെന്നും പാർവതി പറഞ്ഞു.

ഞാന്‍ ജോലി ചെയ്യുന്ന തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഭീഷണിയുണ്ടായി. ആദ്യ കാലത്ത് ചിലരുടെ മോശം പെരുമാറ്റത്തെ പറ്റി പരാതിപ്പെട്ടപ്പോള്‍ അത് കുഴപ്പമില്ല അവരങ്ങനെയായിപ്പോയി വിട്ടേക്ക് എന്ന തരത്തിലാണ് മറുപടി ലഭിച്ചത്. ആദ്യ കാലങ്ങളില്‍ ഞാനങ്ങനെ ചെയ്തു. പിന്നീട് സഹപ്രവര്‍ത്തകരായ പലരും ഇത്തരംഅനുഭവങ്ങൾ നേരിടുന്നുണ്ടെന്ന് മനസ്സിലായെന്നും പാർവതി പറഞ്ഞു. 

Tags:    
News Summary - When the Hema Committee report comes out, there will be many idols that we worship - Parvati Thiruvoth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.