കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്ന കെ.പി അനിൽകുമാറിനെ പരിഹസിച്ച് മുതിർന്ന നേതാവ് എം.പിയുമായ കെ. മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്ത് എന്നായിരുന്നു കെ. മുരളീധരന്‍റെ ആദ്യപ്രതികരണം. ആ ചാപ്റ്റർ ക്ലോസ് ചെയ്തു. ഇനി അതിനെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു.
മുതിർന്ന നേതാക്കൾ കോൺഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടാങ്ക് ഫുൾ ആയിക്കഴിഞ്ഞാൽ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്തുപോയവർ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
കോൺസിൽ നിന്ന് രാജിവെച്ച് വളരെ നാടകീയമായാണ് കെ.പി. അനിൽകുമാർ സി.പി.എമ്മിൽ ചേർന്നത്. രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലുടനീളം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് അനിൽകുമാർ വിമർശിച്ചത്. പാർട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ താൻ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനിൽകുമാർ രാജി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.