'ആരുടെ മകനായാലും പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം'; പി.ജയരാജ​ന്റെ മകന് താക്കീതുമായി കൊടിയേരി

കണ്ണൂർ: സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് പി.ജയരാജനെ ഒഴിവാക്കിയതിനുപിന്നാലെ നടന്ന അനുകൂല പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കാൻ നോക്കേണ്ടെന്നും, സ്വന്തം നിലപാട് പി ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ജയരാജന്‍റെ മകൻ ജെയ്ൻ രാജ് ഇട്ട പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ആരുടെ മകനായാലും പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണം' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.


സിപിഎം സംസ്ഥാനസെക്രട്ടറിക്കസേരയിൽ മൂന്നാമൂഴം ലഭിച്ച ശേഷം കണ്ണൂരിൽ നടന്ന സ്വീകരണയോഗത്തിന് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം. പി.ജയരാജന്‍റെ വീഡിയോ ഷെയർ ചെയ്ത് 'ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇട‍നെഞ്ചിൽത്തന്നെ' എന്നായിരുന്നു മകൻ ജെയ്ൻ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു. 'റെഡ് ആർമി ഒഫിഷ്യൽസ്' എന്ന ഫെയ്സ്ബുക്ക് പേജിലും ഇതുസംബന്ധിച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'പി.ജയരാജൻ ഇത്തവണ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളിൽ അല്ല ജനഹൃദയങ്ങളിൽ ആണ് സ്ഥാനം..' എന്നിങ്ങനെയായിരുന്നു പോസ്റ്റുകൾ. ഇതിനാണ് കൊടിയേരി മറുപടി പറഞ്ഞിരിക്കുന്നത്.


'ജനഹൃദയങ്ങളിൽ ഉള്ളത് ഒരാൾ മാത്രമല്ല. പാർട്ടി നേതാക്കളെല്ലാം ജനഹൃദയങ്ങളിലുണ്ട്. പാർട്ടി മെമ്പർമാർ പാർട്ടി നയങ്ങളെ കുറിച്ച് ഫെയ്സ് ബുക്കിൽ അഭിപ്രായം പറയരുത്. ഒറ്റക്കെട്ടായെടുത്ത തീരുമാനം പി ജയരാജൻ ഉൾപ്പടെ അംഗീകരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കുന്നു.

സംസ്ഥാനസെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. പൊതുയോഗത്തിലായിരുന്നു പ്രതികരണം. പാർട്ടിയിൽ എന്തു പദവി കിട്ടുമെന്ന് നോക്കിയിട്ടല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്ന് ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.