പാലക്കാട്: മന്ത്രിമാരും എം.എൽ.എമാരുമടക്കമുള്ള സി.പി.എം നേതാക്കൾക്കെതിരെ ബി.ജെ.പി നേതാക്കൾ നിരന്തരം തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നിയമനടപടിക്ക് മുതിരാതെ സി.പി.എമ്മുകാർ ഓടിയൊളിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് മന്ത്രിയാക്കിയതെന്നുമുള്ള ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ചാനൽ ചർച്ചക്കിടെ മുൻമന്ത്രി കെ.ടി. ജലീലിനെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ ഭീകരവാദിയെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ജലീലിന് നൽകുമെന്നും ബൽറാം അറിയിച്ചിരുന്നു. എന്നാൽ, ‘ജലീൽ’ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിൻറെയും മുമ്പിൽ പോകാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും നിയമനടപടി വേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനം എന്നുമായിരുന്നു ജലീലിന്റെ പ്രതികരണം. അത് തന്റെ മാത്രം ആശങ്കയല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഭീകരവാദി പ്രയോഗത്തിൽ കേസു കൊടുക്കാൻ ഉപദേശിച്ച് യു.ഡി.എഫിലെ മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ രംഗത്തിറങ്ങിയിട്ടുണ്ട്. ചില നിഷ്കളങ്കരെങ്കിലും അത് ''ആത്മാർത്ഥമായാണെന്ന്" ചിന്തിച്ചിരിക്കാം.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ചോദിച്ചതിനാണ് ഡൽഹി മുഖ്യമന്ത്രിക്ക് 25000 രൂപ പിഴ ചുമത്തിയത്. നമ്മുടെ രാജ്യത്ത് എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. വെറുതേ വടി കൊടുത്ത് അടി വാങ്ങേണ്ടെന്ന് കരുതിയാണ് കേസിനും കൂട്ടത്തിനും പോകേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചത്.
എനിക്കൊരു കിഴുക്ക് കിട്ടുന്നത് കണ്ട് രസിക്കാൻ തക്കം പാർത്തിരിക്കുന്നവരാണ് നിയമ നടപടിക്ക് വാശി പിടിപ്പിക്കുന്ന എൻ്റെ പുതിയ അഭ്യുദയ കാംക്ഷികൾ’ എന്നും ജലീൽ പരിഹസിച്ചിരുന്നു.
അതേസമയം, ഭീകരവാദത്തിന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത് വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമായ ഒന്നാണെന്ന് ബൽറാം ചൂണ്ടിക്കാട്ടി. ‘ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇത്. കാരണം ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണ്. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു കൂടിയായ പ്രമുഖ മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം എത്ര കഴമ്പില്ലാത്തതാണെങ്കിലും അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്.
നേരത്തേ എൽഡിഎഫ് പക്ഷത്തുള്ള കെ.ടി.ജലീൽ എംഎൽഎക്ക് നേരെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമ നടപടിയൊന്നും വേണ്ട എന്നായിരുന്നു ജലീലിന്റെ തീരുമാനം. മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ ബിജെപി നേതാക്കൾ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നിയമനടപടികൾക്ക് മുതിരാതെ സിപിഎമ്മുകാർ ഓടിയൊളിക്കുന്നത്?’ -വി.ടി. ബൽറാം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.