തദ്ദേശ ഫലം വന്നപ്പോൾ ഏവരെയും അമ്പരപ്പിച്ചതാണ് എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളിൽ ട്വൻറി 20 കൂട്ടായ്മ കൈവരിച്ച വൻ വിജയം. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും വെങ്ങോലയിൽ പ്രബല സാന്നിധ്യമായി മാറുകയും ചെയ്തത് ദേശീയതലത്തിൽ തന്നെ വാർത്തയായി. വികസന മാതൃകയുടെ വിജയമെന്ന് ട്വൻറി 20 അവകാശപ്പെടുേമ്പാൾ വ്യവസായികൾ രാഷ്ട്രീയ രംഗം കൈയടക്കുന്ന അപകടകരമായ പ്രവണതയാണിതെന്ന ആശങ്കയും മറുവശത്തുയരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രത്യക്ഷ പിന്തുണയില്ലാതെ വിജയിച്ചതെങ്ങനെ? കൂട്ടായ്മയുടെ സംഘാടകരും എതിർക്കുന്നവരും ഉയർത്തുന്ന വാദങ്ങളുടെ യാഥാർഥ്യമെന്ത്? കിഴക്കമ്പലത്ത് നടക്കുന്നതെന്തെന്ന് 'മാധ്യമം' അന്വേഷിക്കുന്നു.
വിദേശരാജ്യങ്ങളിലെപോലെ റോഡുകൾ...നൂറുരൂപക്ക് കുടുംബത്തിനാവശ്യമായ വീട്ടുസാധനങ്ങൾ... -തദ്ദേശ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് വാട്ട്സ്ആപ്പിൽ വൈറലായ വിഡിയോയിലെ വിവരണമാണ്. രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ പ്രവർത്തിച്ചാൽ എല്ലാ പഞ്ചായത്തുകളും ഇതുപോലെയാകുമെന്ന സന്ദേശവുമായാണ് വിഡിയോ അവസാനിക്കുന്നത്.
കിഴക്കമ്പലം എന്ന നാടിനെക്കുറിച്ചും അവിടത്തെ ട്വൻറി 20 കൂട്ടായ്മയെക്കുറിച്ചും അതോടെ കേരളം ചർച്ച ചെയ്തു. തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയതോടെ കിഴക്കമ്പലം കൂടുതൽ പ്രസിദ്ധമായി. വിജയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയരവെ ട്വൻറി 20 ചീഫ് കോഓഡിനേറ്ററും കിറ്റക്സ് ഗാർമെൻറ്സ് എം.ഡിയുമായ സാബു എം.ജേക്കബ് പ്രവർത്തനങ്ങളും വിജയ രഹസ്യവും വിശദീകരിക്കുന്നു.
രാഷ്ട്രീയത്തിലേക്കില്ല എന്ന പ്രഖ്യാപനവുമായാണ് ട്വൻറി 20 രൂപമെടുക്കുന്നത്. എന്നാൽ, തൊട്ടടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ കിഴക്കമ്പലത്ത് മത്സരിച്ചു. കാരണം?
നമ്മുടെ വ്യവസായം വളരുമ്പോൾ ഈ നാടും വളരണം എന്നായിരുന്നു പിതാവ് എം.സി. ജേക്കബിെൻറ വികസന സങ്കൽപം. 2012ൽ അദ്ദേഹം വിടപറഞ്ഞപ്പോൾ സ്വപ്നം പൂർത്തിയാക്കാൻ ഞാനും സഹോദരൻ ബോബി എം.ജേക്കബും തുടക്കമിട്ടതാണ് ട്വൻറി 20.
ഇതിനായി നടത്തിയ പഠനത്തിൽ ഒരു ടാർപായക്കു കീഴിൽ മൺഭിത്തി പടുത്തുയർത്തി അതിനകത്ത് മനുഷ്യനും പട്ടിയും ആടുമെല്ലാം ഒന്നിച്ചു കഴിയുന്ന സ്ഥിതിയുണ്ടെന്ന് മനസ്സിലായി. ഒരു നേരമെങ്കിലും മര്യാദക്ക് ഭക്ഷണം കഴിക്കാത്ത ഒരുപാടു പേർ ഉണ്ടെന്നുമറിഞ്ഞു. അവർക്കുവേണ്ടി എന്തു ചെയ്യാമെന്ന ചിന്തയിലാണ് അടിസ്ഥാന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. അധികാരമില്ലാതെ സ്വപ്നങ്ങൾ യാഥാർഥ്യമാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്, അത് ജനങ്ങളേറ്റെടുത്തു.
കിഴക്കമ്പലെത്ത വിജയം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇത് പ്രതീക്ഷിച്ചതാണോ?
കഴിഞ്ഞ തവണ നാമനിർദേശ പത്രിക എങ്ങനെ നൽകണമെന്നുപോലും അറിയില്ലായിരുന്നു. ഒന്നു രണ്ടു വർഷത്തിനകം എല്ലാം പഠിച്ചു. അഞ്ചു വർഷം കൊണ്ട് രാഷ്ട്രീയക്കാരേക്കാൾ മെച്ചപ്പെട്ട ഇടപെടലുകൾ നടത്തി. ഞങ്ങളുടെ പിന്തുണ വിശാലമാവാൻ തുടങ്ങിയപ്പോഴാണ് എല്ലാ പാർട്ടികളും ഞങ്ങൾക്കെതിരെ തിരിഞ്ഞത്. സമീപ പഞ്ചായത്തുകളിൽ കുറഞ്ഞ കാലത്തെ പ്രചാരണം തിരിച്ചറിഞ്ഞുവെന്നാണ് വ്യക്തമാക്കുന്നത്. ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും.
കിഴക്കമ്പലത്തെ ദേശീയതലത്തിൽ മികച്ച പഞ്ചായത്താക്കുമെന്നായിരുന്നു പ്രഖ്യാപനം. എത്ര പൂർത്തീകരിക്കാനായി?
കിഴക്കമ്പലത്തെ കുറിച്ച് ആളുകൾ കേൾക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കി, റോഡുകൾ, സ്കൂളുകൾ നിർമിച്ചു എന്നിങ്ങനെ. എന്നാൽ, കേൾക്കാത്ത കുറേയുണ്ട്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതാണ് ഒന്ന്. ഉള്ളത് പെറ്റികേസുകളായിരിക്കും. അല്ലാതെ അടിപിടി, കത്തികുത്ത്, കൊലപാതകം തുടങ്ങിയവയൊന്നും ഇല്ല.
മരണനിരക്ക് കുറഞ്ഞതാണ് മറ്റൊന്ന്. പോഷകാഹാരം കിട്ടിയപ്പോൾ അസുഖം കുറഞ്ഞു, രോഗികൾക്ക് മികച്ച ചികിത്സയും നൽകുന്നു. അഞ്ചു വർഷം അടിസ്ഥാന പ്രശ്നങ്ങളാണ് പരിഹരിച്ചത്, ഇനി ഷോപ്പിങ് മാൾ, മൾട്ടിപ്ലക്സ്, ഹെൽത്ത് സെൻറർ, കോച്ചിങ് സെൻറർ, റവന്യൂ ടവർ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. 39 ലക്ഷം ബാധ്യതയുണ്ടായിരുന്ന പഞ്ചായത്തിനെ ഇത്ര വികസനം നടത്തിയിട്ടും 13.57 കോടി മിച്ചം വെക്കും വിധത്തിലേക്ക് മാറ്റി.
ഫണ്ട് വിനിയോഗത്തിൽ കിഴക്കമ്പലം പിന്നിലാണെന്ന ആരോപണമുണ്ട്?
ഫണ്ടുചെലവഴിക്കുന്നതിലൂടെ വിലയിരുത്തുന്ന മാനദണ്ഡം എന്നത് തെറ്റാണ്. ഫണ്ട് ആർക്കും ചെലവഴിക്കാം, പ്രയോജനപ്പെടുന്നുണ്ടോയെന്നതാണ് മുഖ്യം. വിദേശരാജ്യങ്ങളിലെ ഒരു പ്രദേശത്തിെൻറ വികസനം നിർണയിക്കുന്നത് സന്തോഷസൂചികയാണ്. കേരളത്തിലോ ഇന്ത്യയിലോ ഇത്തരമൊരു നിർണയമില്ല. ഈ മാനദണ്ഡത്തിലൂടെ നോക്കിയാൽ ഇന്ത്യയിൽ ഞങ്ങൾ ഒന്നാമതായിരിക്കും.
നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങുമെന്ന പ്രഖ്യാപനം വന്നു, എവിടെയെല്ലാമാണ് മത്സരിക്കുക?
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലേക്കിറങ്ങണമെന്ന് വിചാരിച്ചതല്ല, എന്നാൽ ഈ തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്നങ്ങളാണ് നിമിത്തമായത്. ഇവിടെയാരും നന്നാവാൻ സമ്മതിക്കില്ല എന്ന നിലപാടെടുത്ത് എല്ലാ സംവിധാനങ്ങളെയും ഉപയോഗിച്ച് അടിച്ചമർത്തുന്ന സാഹചര്യമുണ്ടായപ്പോൾ. ആഭ്യന്തര തല ചർച്ചകളേ ആയിട്ടുള്ളൂ. കൂടുതൽ വിശദമാക്കാനായിട്ടില്ല.
ട്വൻറി 20 ഒരു കോർപറേറ്റ് രാഷ്ട്രീയ സംവിധാനമാണ് എന്നാണ് ആരോപണം?
ഇതിനുള്ള പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ ജനം നൽകിയത്. കോർപറേറ്റാണ്, സി.എസ്.ആർ ആണ്, ബ്രിട്ടീഷ് ഭരണമാണ്, രാജഭരണമാണ് എന്നെല്ലാം തുടക്കം മുതൽ കേട്ടതാണ്. ആരോപിക്കുന്നത് രാഷ്ട്രീയത്തിെൻറ മറവിൽ കൊള്ള നടത്തുന്നവരാണ്. ഒട്ടനവധി രാഷ്ട്രീയക്കാർ ബിസിനസ് ചെയ്യുന്നുണ്ട്. വ്യവസായിയായതുകൊണ്ട് രാഷ്്ട്രീയം പാടില്ലെന്നുണ്ടോ? അവരുടെ മേഖലയിലേക്ക് ഒരാൾ വരുമ്പോഴുള്ള മനഃപ്രയാസത്തിൽ നിന്നു പറയുന്നതാണിതെല്ലാം. ഞാൻ ബിസിനസുകാരനാണെന്നു കരുതി കോർപറേറ്റ് ആവണം എന്നുണ്ടോ, എെൻറ തൊഴിൽ ചെയ്താണ് രാഷ്ട്രത്തെ സേവിക്കുന്നത്.
സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന വികസനങ്ങളെ കുറിച്ചും ആരോപണം ഏറെ ഉയർന്നതാണ്?
ഇതും നേരത്തേ പറഞ്ഞതിലൊന്നുമാത്രമാണ്. 2012ൽ ട്വൻറി 20 തുടങ്ങുമ്പോൾ സി.എസ്.ആർ ബിൽ പോലും വന്നിട്ടില്ല. അതുകൊണ്ടുതന്നെ തെറ്റാണത്. കേരളത്തിൽ ധനവാന്മാരുടെ, അല്ലെങ്കിൽ കോർപറേറ്റുകളുടെ പട്ടികയെടുത്താൽ 211ാം സ്ഥാനമാണ് എനിക്ക്. എന്നേക്കാൾ ധനവാൻമാരായ 210 പേർ ഉണ്ട്. ഇവർക്കില്ലേ സി.എസ്.ആർ, എന്തുകൊണ്ടത് ചെയ്യുന്നില്ല. ആരെങ്കിലും നന്മ ചെയ്യുമ്പോൾ അധിക്ഷേപിച്ച്, ആക്ഷേപിച്ച് ഇല്ലാതാക്കാനുള്ള തന്ത്രം മാത്രമാണത്.
കിറ്റെക്സിലെ മാലിന്യം നാടിനെ ബാധിക്കുന്നുവെന്ന് പരാതിയും പ്രതിഷേധവും പലതവണ ഉയർന്നിട്ടുണ്ടല്ലോ?
1993 ൽ തുടങ്ങിയ സ്ഥാപനമാണിത്. അന്നൊന്നുമില്ലാത്ത മലിനീകരണപ്രശ്നം ട്വൻറി 20 തുടങ്ങിയപ്പോഴാണ് ഉയർന്നത്. ലക്ഷ്യം വ്യക്തം. രണ്ടാമത്തെ കാര്യം, മാലിന്യമുണ്ടെങ്കിൽ എന്തുകൊണ്ടാണ് സർക്കാറുകൾ നടപടിയെടുക്കാത്തത്. നോട്ടീസ് പോലും നൽകുന്നില്ല. വസ്തുതാപരമെങ്കിൽ എന്തുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തകരോ മാധ്യമങ്ങളോ ഇടപെടുന്നില്ല? 2012ൽ ഹൈകോടതി നിർദേശാനുസരണം ഭീമൻ പരിശോധന നടന്നു, എല്ലാം നിയമവിധേയമാണെന്ന റിപ്പോർട്ടാണ് ലഭിച്ചത്. കേന്ദ്ര ഹരിത ൈട്രബ്യൂണലിൽ പോയപ്പോഴും സമാന അനുഭവമാണ് നേരിടേണ്ടി വന്നത്
മാലിന്യ സംസ്കരണം എങ്ങനെയാണ് നടപ്പാക്കുന്നത്‍?
നമ്മുടെ രാജ്യത്ത് മാലിന്യത്തെ കെമിക്കലി സംസ്കരിക്കുന്ന രീതിയാണ്. അത് ശുദ്ധമെന്ന് പുറത്തേക്കു തോന്നും, എന്നാൽ ജനറ്റിക്കലി ഒരുപാട് പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഘടകങ്ങൾ ശുദ്ധീകരിച്ചതിനകത്തുണ്ടാവും. വികസിത രാജ്യങ്ങളിൽ മാലിന്യത്തെ ജൈവികമായാണ് സംസ്കരിക്കുന്നത്. ബാക്ടീരിയകളെ ഉപയോഗിച്ചാണ് ഈ പ്രക്രിയ.
ഈ തരത്തിലുണ്ടാവുന്ന ചത്ത ബാക്ടീരിയകളെ മികച്ചൊരു വളമായാണ് ഉപയോഗിക്കുന്നത്. ഞങ്ങൾ ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങളും നടപ്പാക്കുന്നുണ്ട്. എന്തുകൊണ്ട് ജനം ഒന്നും പറയുന്നില്ല. അനാവശ്യ ആരോപണമുയർത്തുന്നവരാണ് യഥാർഥ മാലിന്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.