മാനന്തവാടി: മാനന്തവാടി ജനവാസ മേഖലയിൽ ഒരാഴ്ചക്കിടെ ഇറങ്ങി ഭീതിപരത്തിയത് രണ്ടാനകൾ. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട കാട്ടാനകളാണ് മാനന്തവാടിയിൽ ഒരാളുടെ ജീവനും കർഷകരുടെ കൃഷിയും നശിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനത്തെ 15 മണിക്കൂറിനു മേലെ മുൾമുനയിൽ നിർത്തിയ തണ്ണീർക്കൊമ്പനെ ഒടുവിൽ മയക്കുവെടിവെച്ചു പിടികൂടുകയായിരുന്നു. കഴിഞ്ഞ ജനുവരി പത്തിന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി പിന്നീട് ബന്ദിപ്പൂർ വനത്തിൽ വിട്ട ‘തണ്ണീർ’ എന്ന കാട്ടാനയാണ് നാട്ടിൽ ഭീതിവിതച്ചത്. ബന്ദിപ്പൂർ വനത്തിൽനിന്ന് 200 കിലോമീറ്ററോളം സഞ്ചരിച്ചാണ് മൂന്ന് ആനകൾ മാനന്തവാടിയിലെത്തിയത്. ഈ ആനയെ അന്നു വൈകീട്ടുതന്നെ മയക്കുവെടിവെച്ചു പിടികൂടിയെങ്കിലും ബന്ദിപ്പൂരിൽ ചെരിയുകയായിരുന്നു.
കർണാടക വനം വകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി വയനാട് അതിർത്തിയിലുണ്ടെന്ന് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
വയനാട് സൗത്ത് ഡിവിഷനു കീഴിലെ പാതിരിയിലാണ് ആനയുള്ളത്. കർണാടക വനം വകുപ്പിൽനിന്ന് വിവരം തേടുന്നുണ്ടെന്നുമാണ് പറഞ്ഞത്. വനംവകുപ്പ് ഇതിനെ ട്രാക്ക് ചെയ്യാനുള്ള ശ്രമം നടത്തുന്നതിനിടെയിലാണ് ശനിയാഴ്ച പുലർച്ച ജനവാസ മേഖലയിലെത്തിയ ആന ഒരാളെ കൊന്നത്.
മാനന്തവാടി: ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് അജി. ജനുവരി 29ന് തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസമായി ലക്ഷ്മണനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചപ്പോഴാണ് കാപ്പിത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്.
ഒരാഴ്ച മുമ്പാണ് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിച്ചത്. പുല്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലാണ്. കഴിഞ്ഞ സെപ്റ്റംബർ 12ന് വെള്ളമുണ്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ കൊല്ലപ്പെട്ടിരുന്നു. പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചനാണ് (53) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.30ന് വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ചിറപ്പുല്ല് തവളപ്പാറ ഭാഗത്തായിരുന്നു സംഭവം. വനംവകുപ്പിന്റെ താൽക്കാലിക വാച്ചറായ തങ്കച്ചന് വിനോദസഞ്ചാരികളുമായി പോകുമ്പോഴാണ് ആന ആക്രമിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. 2021 ജനുവരിയിൽ വയനാട്ടിലെ റിസോർട്ടിൽ വിനോദസഞ്ചാരിയായ കണ്ണൂർ സ്വദേശി കോളജ് അധ്യാപിക ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജിലെ സൈക്കോളജി വിഭാഗം മേധാവി ഷഹാനയാണ് (26) രാത്രി മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിലുണ്ടായ കാട്ടാനയാക്രമണത്തിൽ മരിച്ചത്.
മാനന്തവാടി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നഗരത്തിൽ പ്രതിഷേധക്കാർ വാഹനം തടഞ്ഞതോടെ പെരുവഴിയിലായി യാത്രക്കാർ. രാവിലെയുണ്ടായ സംഭവങ്ങൾ അറിയാതെ ദൂരെ ദിക്കുകളിൽ നിന്നടക്കം എത്തിയ യാത്രക്കാർ കുടുങ്ങി. നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പ്രതിഷേധക്കാർ അനുവദിക്കാഞ്ഞതിനെ തുടർന്ന് ഹൈസ്കൂളിന് സമീപത്ത് താഴെയങ്ങാടി റോഡ് ജങ്ഷനിലാണ് കൽപറ്റ, ബത്തേരി ഭാഗത്തേക്ക് പോവേണ്ട ബസുകളെല്ലാം നിർത്തിയിട്ടത്.
ഇവിടെത്തന്നെയാണ് യാത്രക്കാരെ ഇറക്കിയതും. പ്രായമായവരടക്കം ഇതുകാരണം കുഴഞ്ഞു. ടൗണിന്റെ ഒരു ഭാഗത്തേക്കും ഓട്ടോറിക്ഷപോലും പോകാത്തതിനാൽ പൊരിവെയിലത്ത് കിലോമീറ്ററുകൾ നടന്ന പ്രായമായ പലരും തളർന്നുവീണു. മൈസൂരു റോഡിലും തലശ്ശേരി റോഡിലുമെല്ലാം ടൗണിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കാതെ പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു.
മാനന്തവാടി: പാതിരി വനത്തിൽ ദിവസങ്ങളായി നിലയുറപ്പിച്ച കർണാടക ആന ബേലൂർ മഗ്ന വെള്ളിയാഴ്ചയാണ് അവിടെനിന്ന് യാത്ര തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്ക് നെയ്ക്കുപ്പ വനത്തിലെത്തിയ ആന ശനിയാഴ്ച പുലർച്ച കൂടൽ കടവ് വഴി ചെറുകാട്ടൂരും പിന്നീട് കൊയിലേരിയിലും താന്നിക്കലിലും എത്തി അവിടെനിന്ന് പുഴ മുറിച്ചുകടന്ന് കമ്മനയിലേക്ക് നീങ്ങിയെങ്കിലും തിരിച്ച് താന്നിക്കലിലേക്ക് മടങ്ങി.
അവിടെനിന്ന് കാവുംകുന്ന് കോളനി വഴി രാവിലെ ആറു മണിയോടെ താഴെ അമ്പത്തിനാലിലും മേലേ അമ്പത്തിനാലിലും എത്തി. ഇവിടെനിന്നുള്ള സിഗ്നൽ കിട്ടാതായതോടെ തൊട്ടടുത്ത വനത്തിലേക്ക് ആന കയറിയിരിക്കാം എന്ന അനുമാനത്തിലായിരുന്നു വനപാലകർ. എന്നാൽ, ആന ചെറൂർ കുറുക്കൻമൂല വഴി ഏഴേ പത്തോടെ ചാലിഗദ്ദയിലെത്തി അജീഷിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള കുന്നിൽ നിലയുറപ്പിച്ചു.
ഇവിടെനിന്ന് വനപാലകർ പതിനൊന്നരയോടെ പടക്കം പൊട്ടിച്ച് കുറുവ വഴി കാട്ടിലേക്ക് കയറ്റിയെങ്കിലും തിരികെയെത്തി ചാലിഗദ്ദയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ഒരുക്കങ്ങൾ വനംവകുപ്പ് തുടങ്ങി. മയക്കുവെടി വിദഗ്ധരും രണ്ട് കുങ്കിയാനകളും സ്ഥലത്തെത്തി. മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിൽ എത്തിക്കാനാണ് തീരുമാനം.
മാനന്തവാടി: സ്ഥിരമായി പച്ചക്കറി ഉൾപ്പെടെ കൃഷികൾ നശിപ്പിച്ചതിനെ തുടർന്ന് കർണാടക ഹാസൻ വനം ഡിവിഷനിലെ ബേലൂരിൽനിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന എന്ന് പേരിട്ട മോഴയാനയാണ് അജീഷിനെ കൊന്നതെന്ന് സ്ഥിരീകരിച്ചു.
2023 നവംബർ 30ന് ബേലൂരിൽനിന്ന് പിടികൂടി വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന ബന്ദിപ്പൂർ ടൈഗർ റിസർവിലെ മൂലഹള്ളിയിൽ തുറന്നുവിടുകയായിരുന്നു. ഇവിടെനിന്ന് 2024 ജനുവരി അഞ്ചിന് വയനാട് വന്യജീവി സങ്കേതത്തിൽ എത്തിയതായി വനം ജീവനക്കാർക്ക് വിവരം ലഭിച്ചിരുന്നു. നാലു ദിവസം മുമ്പ് പാതിരി വനത്തിൽ നിലയുറപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.