കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും വയനാട്ടിൽ ദാരുണമരണം. വയനാട് -മലപ്പുറം അതിർത്തിയിലെ പരപ്പൻപാറ കോളനിയിലാണ് വ്യാഴാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ ചോലനായ്ക്ക വിഭാഗത്തിലെ മിനി കൊല്ലപ്പെട്ടത്. കോളനിയിലെ താമസക്കാരിയാണിവർ.
ഭർത്താവ് സുരേഷിന്റെ കാലിനടക്കം ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു ഇവർ. വനത്തിനുള്ളിൽ ചാലിയാർ പുഴയുടെ തീരത്താണ് പരപ്പൻപാറ കോളനി. ചോല നായ്ക്കർ വിഭാഗത്തിൽപ്പെടുന്ന ഏതാനും ചില ആദിവാസി കുടുംബങ്ങളാണ് കോളനിയിലുള്ളത്. വനവിഭവങ്ങൾ ശേഖരിച്ചാണ് ഇവരുടെ ഉപജീവനം.
വന്യമൃഗങ്ങളുടെ ആക്രമണം വയനാട്ടിൽ തുടർക്കഥയാവുകയാണ്. മൂന്നുമാസത്തിനുള്ളിൽ ഇത് നാലാമത്തെയാളാണ് ഇത്തരത്തിൽ കൊല്ലപ്പെടുന്നത്. പുൽപള്ളി പാക്കത്തെ പോൾ, വാകേരിയിലെ പ്രജീഷ്, മാനന്തവാടി കുറുക്കൻമൂലയിലെ അജീഷ്, തിരുനെല്ലിയിലെ ലക്ഷ്മണൻ എന്നിവരാണ് മൂന്നു മാസങ്ങൾക്കിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഏറ്റവും ഒടുവിലത്തെ സംഭവമാണ് പരപ്പൻപാറ കോളനിയിലെ മിനിയുടെ ദാരുണാന്ത്യം. ഇതിൽ പ്രജീഷ് കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ബാക്കിയെല്ലാവരുടെയും ജീവൻ കാട്ടാനക്കലിയിലാണ് പൊലിഞ്ഞത്.
എട്ടര ലക്ഷം മനുഷ്യരുള്ള വയനാട്ടിലെ വനത്തോട് ചേർന്ന മേഖലകളെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. 43 വർഷത്തിനിടെ ജില്ലയിൽ വന്യജീവികളുടെ ആക്രമണത്തിൽ 152 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. ഇതിൽ 53പേരും കഴിഞ്ഞ 10 വർഷത്തിനിടെയാണ് കൊല്ലപ്പെട്ടത്. ഇതിൽ 43പേരെയും കൊലപ്പെടുത്തിയത് ആനയാണ്. കടുവ ഏഴുപേരെയും കാട്ടുപോത്ത് രണ്ടുപേരെയും കൊലപ്പെടുത്തി.
മിക്കയിടത്തെയും വന്യജീവി പ്രതിരോധ മാർഗങ്ങൾ തകർന്ന നിലയിലാണ്. വൻതോതിൽ കൃഷിനാശവുമുണ്ടാകുന്നു. വന്യജീവികളുടെ എണ്ണം കൂടിയതിനാൽ തീറ്റയടക്കം ലഭിക്കാത്തിനാൽ ഇവ ജനവാസ മേഖലകളിലെത്തുന്നുണ്ട്.
വനാതിർത്തിയോട് ചേർന്ന് കൃഷി നടത്തുന്നതിനാൽ കാർഷിക വിളകളാൽ ആകർഷിക്കപ്പെട്ടും മൃഗങ്ങളെത്തുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ സംരക്ഷണം ഉറപ്പുവരുത്തുന്നതരത്തിൽ 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ് ശക്തമായി ഉന്നയിക്കപ്പെടുന്നത്. മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതു മൂലം മനുഷ്യജീവന് സംരക്ഷണം നൽകാത്ത സ്ഥിതിയുണ്ടെന്നാണ് കർഷകരുടെ ആരോപണം.
വന്യജീവി ആക്രമണം പെരുകിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുതായി 13 ദ്രുതപ്രതികരണ സേന (റാപിഡ് റെസ്പോൺസ് ടീം-ആർ.ആർ.ടി) കൂടി രൂപവത്കരിക്കാനുള്ള നടപടികൾ സർക്കാർതലത്തിൽ നടക്കുന്നുണ്ട്.
പേപ്പാറ, അഞ്ചൽ, റാന്നി, മൂന്നാർ, മലയാറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, അട്ടപ്പാടി, നിലമ്പൂർ നോർത്ത്, കോഴിക്കോട്, കൽപറ്റ, കണ്ണൂർ (ആറളം), കാസർകോട്, പീരുമേട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് നിലവിൽ ആർ.ആർ.ടികളുള്ളത്. നിലവിൽ വന്യജീവി ആക്രമണം ഉണ്ടായാൽ ആർ.ആർ.ടികൾ ഇല്ലാത്ത മേഖലകളിലാണെങ്കിൽ മറ്റിടങ്ങളിൽ നിന്ന് സംഘം എത്തേണ്ട സ്ഥിതിയാണ്. ഇത് രക്ഷാപ്രവർത്തനത്തെയടക്കം ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.