മാനന്തവാടിയിൽ കലക്ടറെയും എസ്.പിയെയും തടഞ്ഞ് ജന രോഷം

മാനന്തവാടി: വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. മാനന്തവാടി നഗരത്തിലും മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിലുമാണ് നാട്ടുകാർ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. സ്ഥലത്തെത്തിയ കലക്ടറെയും എസ്.പിയെയും പ്രതിഷേധക്കാർ തടഞ്ഞു. കാട്ടാനയെ മയക്കുവെടി വെക്കാൻ ഉടൻ ഉത്തരവിറങ്ങുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

മാനന്തവാടിയിൽ നിന്നുള്ള പ്രധാന റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചു. മാനന്തവാടി- കോഴിക്കോട്, മാനന്തവാടി- മൈസൂരു, മാനന്തവാടി- തലശ്ശേരി റോഡുകളാണ് ഉപരോധിച്ചത്. ഇതേതുടർന്ന് വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു. 

Full View

കാട്ടാന ആക്രമണം നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ലെന്ന് വാർഡ് കൗൺസിലർ ടി.ഡി. ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയിലും പ്രദേശത്ത് ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആനയെ കുറിച്ചുള്ള ഒരു വിവരവും വനം വകുപ്പ് ഉദ്യോഗസ്ഥർ കൈമാറിയില്ലെന്നും കൗൺസിലർ ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെയാണ് മാനന്തവാടി പയ്യമ്പള്ളിയിലെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചത്. തൊഴിലാളികളെ വിളിക്കാൻ പോയ അജിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഉടൻ തന്നെ അയൽവാസിയായ കണ്ടത്തിൽ ജോമോന്‍റെ വീടിന്‍റെ മതിൽ അജി അടക്കമുള്ളവർ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിന് പിന്നാലെ മതിൽ തകർത്ത് മുറ്റത്തെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു.

കർണാടകയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. താന്നിക്കൽ മേഖലയിലാണ് ആനയുടെ സാന്നിധ്യം റോഡിയോ കോളർ സന്ദേശം വഴി ആദ്യം സ്ഥിരീകരിച്ചത്. നിലവിൽ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി 54 ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാനയുള്ളത്.

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Tags:    
News Summary - Wild Elephant attack: Massive protests in Mananthavady town, roads blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.