പാലക്കാട്: കാടിറങ്ങിയ കാട്ടാനകൾ പാലക്കാട് ജില്ലയുടെ ജനവാസ മേഖലകളിൽ ഭീതിവിതക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. തിരുവില്വാമലയിൽനിന്ന് തിരിച്ചുനടക്കാൻ തുടങ്ങിയ ആനകൾ വ്യാഴാഴ്ച ഉച്ചയോടെ മങ്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. വനംവകുപ്പ് അറിയിച്ചതിനെ തുടർന്ന് ട്രെയിനുകൾ വേഗം കുറക്കാനും ഹോൺ മുഴക്കുന്നത് ഒഴിവാക്കാനും ലോക്കോ പൈലറ്റുമാർക്ക് നിർദേശം നൽകി. എഗ്മോർ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 22 മിനിറ്റും ഷാലിമാർ-എറണാകുളം എക്സ്പ്രസ് 16 മിനിറ്റും വൈകിയോടി. വൈകീട്ട് അഞ്ചരയോടെ ആനകൾ നദി കടന്നതോടെ ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായി. സ്റ്റേഷനിലേക്ക് ആനകൾ വീണ്ടുമെത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മങ്കര പ്രദേശത്തെ സ്കൂളുകൾക്കും വ്യാഴാഴ്ച അവധി നൽകി.
ആനകളെ തിരിച്ച് മലമ്പുഴ വനമേഖലയിലേക്ക് കയറ്റിവിടാനുള്ള ശ്രമം രണ്ട് ദിവസത്തിനകം വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇവയെ ആദ്യം അയ്യർമലയിലേക്കും പിന്നീട് തെന്മല, പറളി, മുണ്ടൂർ വഴി മലമ്പുഴ വനമേഖലയിലേക്കും തുരത്തും. തൽക്കാലം റബർ ബുള്ളറ്റ്, മയക്കുവെടി, കുങ്കിയാനകൾ എന്നിവ ഉപയോഗിക്കേണ്ടതില്ലെന്നാണ് വനംവകുപ്പ് തീരുമാനം. മയക്കുവെടി വെക്കാനോ മറ്റ് നടപടികൾക്കോ വ്യാഴാഴ്ച വനം ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജനം തിങ്ങിക്കൂടുന്നത് ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. ആനകൾ തിരിച്ചുപോകുന്നില്ലെങ്കിൽ മയക്കുവെടി വെക്കാനോ കുങ്കിയാനകളെ കൊണ്ടുവരാനോ സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.