കാടുകയറാതെ കാട്ടാനകൾ; മുൾമുനയിൽ രാവും പകലും

പത്തിരിപ്പാല/കോങ്ങാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മൂന്ന്​ ദിവസമായിട്ടും കാടുകയറാതായതോടെ ജനം ഭീതിയിൽ. വെള്ളിയാഴ്ച രാത്രിയിൽ അകലൂർ ജനവാസ മേഖലക്ക് സമീപം തമ്പടിച്ച കാട്ടാനകൾ ശനിയാഴ്ച പുലർച്ച വീണ്ടും ജനവാസ മേഖലയിലെത്തിയതോടെ രാവും പകലും ജനം മുൾമുനയിലായി. 

ശനിയാഴ്ച പുലർച്ച അകലൂർ വഴി മൗണ്ട് സീന, നഗരിപുറം, പെരടിക്കുന്ന് ചേറുമ്പാല കൊട്ടക്കുന്ന് വഴി അപ്പക്കാട് മലയിലെത്തിയാണ് ആനകൾ തമ്പടിച്ചത്. ​വരുന്നവഴി അകലൂർ ദേശത്തെ പുരുഷോത്തമൻ വാര്യരുടെ വീടി​​​​െൻറ മതിൽ തകർത്തു. രാത്രി രണ്ടരയോടെ സംസ്ഥാനപാത മുറിച്ചുകടന്ന ആനകൾ ജനവാസ മേഖലയിലൂടെയായിരുന്നു പുലരും വരെ യാത്ര.
 
ചേറുമ്പാലയിലെത്തിയ ആനകൾ സുകുമാരൻ, സെയ്ത് മുഹമ്മദ് എന്നിവരുടെ വീടിന് മുന്നിലെ കമ്പിവേലി തകർത്തു. കപ്പ, വാഴ എന്നിവയും നശിപ്പിച്ചു. വൈകീട്ട് നാലോടെ കൊട്ടക്കുന്നിന് സമീപം ജനവാസ മേഖലയിലൂടെ കടന്ന് ആറോടെയാണ് അപ്പക്കാട് തമ്പടിച്ചത്. ആനയിറങ്ങിയതറിഞ്ഞ് രാവിലെ മുതൽതന്നെ പലരും പുറത്തിറങ്ങിയില്ല. രാവിലെ എട്ടരയോടെയാണ് ആന നാട്ടിൽത്തന്നെയുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്. തുടർന്ന് പലയിടത്തും വനപാലകർ തിരച്ചിൽ നടത്തി. ഇതിനിടെ കാട്ടാനകൾ കുണ്ടളശ്ശേരിയിലെത്തിയെന്ന വ്യാജപ്രചാരണം ഉദ്യോഗസ്ഥരെ വട്ടംകറക്കി.
 
വെള്ളിയാഴ്ച ആനകളെ പടക്കംപൊട്ടിച്ച് തുരത്തുന്നതിനിടെ രണ്ടു വനംവകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. കോന്നി സ്വദേശിയായ അരുൺ, രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ആനകളെ തുരത്താൻ ശ്രമിക്കവെ പടക്കം കൈയിൽനിന്ന്​ പൊട്ടി വനം വാച്ചർ അയ്യപ്പനും പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടും പടക്കം പൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാഞ്ഞിരംപാറ പറയംകാട് വഴി കല്ലൂർ അയ്യർമലയിലേക്ക് കടത്തിവിടാനായിരുന്നു ശ്രമം. പക്ഷേ, ഒരു മണിക്കൂറോളം മലയുടെ മുകളിലൂടെ തുരത്തി എത്തിച്ച ആനകൾ വീണ്ടും തിരിഞ്ഞ് കൊട്ടക്കുന്നിലെ ജനവാസ മേഖലയിലൂടെ തലങ്ങും വിലങ്ങും ഓടിയതോടെ വനപാലകരും പൊലീസും ജനവും ആനകളെ പിന്തുടർന്നു. 

കൊട്ടക്കുന്ന്, പടിപ്പുരക്കാട് പള്ളികളിലെ ഉച്ചഭാഷിണികളിലൂടെ അടിക്കടി ജനങ്ങൾക്ക് നിർദേശം നൽകി. വാഹനത്തിൽ മൈക്ക് കെട്ടിയും മുന്നറിയിപ്പ് നൽകി. ജനവാസ മേഖലയിലൂടെ നീങ്ങിയ കാട്ടാനകൾ കൊട്ടക്കുന്ന് പള്ളിക്ക് സമീപത്തുകൂടി വന്ന് റോഡ് മുറിച്ച് പാടത്തേക്കിറങ്ങി വീണ്ടും അകവണ്ടിയിലെത്തി. 

രാത്രി ഏഴരയോടെ ആനകൾ ജനവാസ മേഖലയിലെ കുണ്ടുകാവ് മുളക് പറമ്പ് എം.സി.ബി.യു.പി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിലയുറപ്പിച്ചു. എട്ടരയോടെ കേരളശ്ശേരി മേഖലയിലേക്ക് കടന്ന ആനകൾ ഏറെ കറങ്ങി തടുക്കശ്ശേരിക്കടുത്ത് വടശ്ശേരിയിലെത്തി. 

പാലക്കാട് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം ആനകളെ പിന്തുടരുന്നുണ്ട്. വയനാട്ടിൽ നിന്നുള്ള കാട്ടാന വിദഗ്​ധരും സംഘത്തെ അനുഗമിക്കുന്നുണ്ട്. മങ്കര എസ്.ഐ പ്രകാശ​​​​െൻറ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. സി.സി.എഫ്‌ രാജേഷ്, രവീന്ദ്രൻ, സി.എഫ്. അടൽ അസൻ, ഡി.എഫ്.ഒമാരായ വിമൽ, ജയപ്രകാശ് ശശികുമാർ എന്നിവരും സ്ഥലത്തുണ്ട്.

 
 
 

Tags:    
News Summary - wild elephant palakkad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.