കണ്ണൂർ: കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കണ്ണൂർ ലോക്സഭ സീറ്റിൽ വീണ്ടും മത്സരിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. രണ്ട് പദവികളും ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കാത്തത് കൊണ്ടാണ് മൽസരിക്കുന്നില്ലെന്ന മുൻ തീരുമാനത്തിന് കാരണമെന്നും സുധാകരൻ വ്യക്തമാക്കി.
20 സീറ്റ് നേടാൻ വിട്ടുവീഴ്ചക്ക് തയാറാണ്. സിറ്റിങ് എം.പി മാറിനിൽക്കണമെന്ന ആഗ്രഹം പ്രകടപ്പിച്ചാൽ തള്ളികളയില്ല. പകരം ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തും. കണ്ണൂരിൽ കെ.കെ. ശൈലജ ശക്തയായ എതിരാളിയല്ല. അവർ പ്രഗത്ഭ സ്ഥാനാർഥിയാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ സീറ്റിൽ കെ.സി. വേണുഗോപാൽ മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അദ്ദേഹം തീരുമാനം അറിയിച്ചിട്ടില്ല. സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ 10 ദിവസം മതിയെന്നും സുധാകരൻ പറഞ്ഞു.
കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് നൽകിയാൽ പകരം കൂടുതൽ നിയമസഭ സീറ്റുകൾ കേരള കോൺഗ്രസിന് നൽകും. ജയസാധ്യത മുൻനിർത്തിയാണ് സീറ്റ് ചോദിച്ചത്.
എല്ലാവർക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥിയുണ്ട്. അക്കാര്യം കേരള കോൺഗ്രസിന് ബോധ്യപ്പെട്ടെന്നും കെ. സുധാകരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.