കോഴിക്കോട്: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ സ്പീക്കർ തയ്യാറാണോ എന്ന് സുരേന്ദ്രൻ ചോദിച്ചു. ആരോപണത്തിൽ തനിക്കെതിരേ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നു പറയുന്നതല്ലാതെ നടപടി സ്വീകരിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിച്ചു ജനങ്ങളോട് മാപ്പുപറയാൻ ശ്രീരാമകൃഷ്ണൻ തയാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ആരോപണങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല. നിയമസഭാ സ്പീക്കറെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രതയൊ മര്യാദയൊ സ്പീക്കർ കാണിച്ചിട്ടില്ല. സ്പീക്കർ ഉൗരാളുങ്കലിനുവേണ്ടി വലിയ അഴിമതി നടത്തി. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണിത്. ഉൗരാളുങ്കൽ സൊസൈറ്റി സി.പി.എം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ശ്രീരാമകൃഷ്ണൻ സി.പി.എമ്മിന്റെ പ്രമുഖനേതാവാണ്. പാലാരിവട്ടം പാലത്തിൽ ഇബ്രാഹിംകുഞ്ഞു ചെയ്ത അതേ അഴിമതിയാണു സ്പീക്കർ ചെയ്തത്. ഇയാൾക്ക് സ്വപ്നയും സരിത്തുമായി സാധാരണ ബന്ധമല്ല ഉള്ളത്. അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം പുറത്തുകൊണ്ടുവരാൻ കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.എം രവീന്ദ്രന്റെ കര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിൻ്റെ ഒത്താശ കൊണ്ടാണ് സി.എം രവീന്ദ്രനെതിരായ അന്വേഷണം വൈകിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.