മുക്കത്ത് ഭീതിപരത്തി ചെന്നായ്; നാല് പേർക്ക് കടിയേറ്റു

മുക്കം: കോഴിക്കോട് മുക്കത്തിന് സമീപം തോട്ടക്കാട് അയൽവാസികളായ നാല് പേർക്ക് ചെന്നായുടെ കടിയേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30) പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ് കടിയേറ്റത്.

വീട്ടിനുള്ളിൽ വെച്ചാണ് ശ്രീരാജിന് കടിയേറ്റത്. ഓടി അകത്ത് കയറിയ ചെന്നായ് ശ്രീരാജിന്‍റെ കഴുത്തിലും തോളിലും കടിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിയത്തിയപ്പോൾ ചെന്നായ് ഇവർക്ക് നേരെയും തിരിഞ്ഞു. മുണ്ടയിൽ മാണിക്ക് കണ്ണിന് സമീപമാണ് കടിയേറ്റത്. മറ്റുള്ളവരുടെ കാൽമുട്ടിലും കൈവിരലുകളിലും കടിയേറ്റു.

പരിക്കേറ്റവരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ശേഷംവിദഗ്ധ ചികിത്സക്കായി രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തോട്ടക്കാട് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പൈക്കാടൻ മലയുടെ താഴ്ഭാഗത്തെ വനമേഖലയിൽ നിന്നാണ് ചെന്നായ വന്നതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് വർഷം മുമ്പ് തോട്ടക്കാട് ഭാഗത്ത് നിന്ന് ആടിനെ ചെന്നായ പിടിച്ച് കൊണ്ടുപോയിരുന്നു.

താമരശ്ശേേരി വനം വകുപ്പ് റെയ്ഞ്ച് ഓഫിസർ സാജു, സെക്ഷൻ ഓഫിസർ ജലീൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് അസ്ലം, അഷ്റഫ് എന്നിവർ തോട്ടക്കാട് വീടുകളും പ്രദേശവും സന്ദർശിച്ചു. ചെന്നായയുടെ കാലടിപ്പാടുകൾ കണ്ടെത്തി. പന്നികളുടെയും മയിലുകൾ, കുറുക്കൻ, മുള്ളൻപന്നികൾ, വിവിധയിനം പാമ്പുകൾ എന്നിവയുടെ ശല്യംമൂലം പൊറുതിമുട്ടുന്നതിനിടെ ചെന്നായ് കൂടി ഇറങ്ങിയതിനെ തുടർന്ന് ഭീതിയിൽ കഴിയുകയാണ് നാട്ടുകാർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.