ആലപ്പുഴ: കുടുംബകോടതിയിൽ എത്തിയ യുവതിയും പിതാവും ചേർന്ന് എതിർവിഭാഗം അഭിഭാഷകന്‍റെ തലക്ക് ഹെൽമറ്റുകൊണ്ട് അടിച്ചു. പരിക്കേറ്റ ആലപ്പുഴ ബാറിലെ അഭിഭാഷകൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ശനിയാഴ്ച ഉച്ചക്ക് 12.50നായിരുന്നു സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ വാദം കേൾക്കാനാണ് യുവതിയും പിതാവും കോടതിയിൽ എത്തിയത്. ഇതിനുശേഷം പുറത്തിറങ്ങിയ യുവതിയും അഭിഭാഷകനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ, അഭിഭാഷകന്‍റെ ബൈക്കിൽ വെച്ചിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് യുവതിയുടെ പിതാവ് തലക്ക് അടിക്കുകയായിരുന്നു. യുവതിയും അഭിഭാഷകനെ മർദിച്ചതായി പരാതിയുണ്ട്.
മുഖത്ത് മുറിവേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. വാക്കേറ്റത്തിനിടെ യുവതിക്കുനേരെ അഭിഭാഷകന്‍റെ ആക്രമണവും ഉണ്ടായതായി പറയപ്പെടുന്നു. സമീപത്തെ ഓട്ടോഡ്രൈവർ എത്തിയാണ് പിടിച്ചുമാറ്റിയത്.
യുവതിയുടെ ഭർത്താവും അഭിഭാഷകനും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. അഭിഭാഷകൻ ഇരുവർക്കുമെതിരെ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.