തൃശൂർ: ഭർത്താവിന്‍റെ വീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ് ജില്ല പൊലീസ് മേധാവിയോട് ഉത്തരവിട്ടു. 30 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും പരാതി യാഥാർഥ്യമാണെങ്കിൽ ഐ.പി.സി സെക്ഷൻ 304^ബി പ്രകാരം സ്ത്രീധന പീഡന മരണത്തിന് കേസെടുക്കാവുന്നതാണെന്നും കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് നിർദേശിച്ചു.
ദേശമംഗലത്താണ് സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര ധനുവച്ചപുരം സ്വദേശിനിയാണ് മരിച്ച റിനി. തൃശൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് ഷൊർണൂർ ദേശമംഗലം ആനാംകാട്ട് വീട്ടിൽ സജാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മൂന്ന് വയസ്സുള്ള മകനും മൂന്നു മാസം പ്രായമുള്ള മകളുമുണ്ട്. സ്ത്രീധനത്തെ ചൊല്ലി റിനിയെ ഭർത്താവും ഭർത്താവിന്‍റെ അമ്മയും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ അമ്മ റൂബി നൽകിയ പരാതിയിൽ പറയുന്നു.
റിനിക്ക് പൊള്ളലേറ്റെന്നറിഞ്ഞ് തൃശൂർ മെഡിക്കൽ കോളജിൽ എത്തിയപ്പോൾ ഭർത്താവിന്‍റെ അമ്മ കാളി തന്നെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്ന് റിനി മരണമൊഴി നൽകിയതായി പരാതിയിൽ പറയുന്നു. ഇതിന് ഭർത്താവും കൂട്ടുനിന്നു. മൊബൈലിൽ റെക്കോഡ് ചെയ്ത മൊഴി പരാതിക്കാരി കമീഷനിൽ ഹാജരാക്കി. കുട്ടികളുടെ സംരക്ഷണം തങ്ങൾക്ക് നൽകണമെന്ന് റൂബി കമീഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.