സ്​ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ വനിത കമീഷൻ കേസെടുത്തു

തിരുവനന്തപുരം: ​സ്​ത്രീവിരുദ്ധ പരാമർശം നടത്തിയതിന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിത കമീഷൻ കേസെടുത്തു. മുല്ലപ്പള്ളിയുടെ പരാമർശത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. മുല്ലപ്പള്ളി പ്രസ്​താവന പിൻവലിച്ച്​ മാപ്പ്​ പറയണമെന്ന്​ വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പ്രതികരിച്ചിരുന്നു.

സോളാര്‍ കേസിലെ പരാതിക്കാരിയെ ഉദ്ദേശിച്ച് പ്രസംഗത്തിനിടെ മുല്ലപ്പള്ളി പറഞ്ഞ വാക്കുകളാണ് വിവാദമായത്.സോളാര്‍ കേസ് മുൻനിര്‍ത്തി യു.ഡി.എഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാ ദിനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

'സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അവരുടെ കഥ കേരളം കേട്ട് മടുത്തതാണ്. ഒരു സ്ത്രീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പീന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട് ആവര്‍ത്തിക്കാതെ നോക്കും. -മുല്ലപ്പള്ളി പറഞ്ഞു.

'ദിവസവും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു. രാജ്യമാസകലം ഞാന്‍ ബലാംത്സംഗത്തിന് വിധേയമായിരിക്കുന്നു എന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ച് ഒരുക്കികൊണ്ട് തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഈ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം നടക്കില്ല. ജനങ്ങള്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും' -എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - women commission case against mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.