തൃശൂർ: സ്ത്രീകൾ സമൂഹത്തിന്റെ നട്ടെല്ലാണെന്നും രാഷ്ട്രത്തെ മുന്നോട്ടു നയിക്കാൻ ഇവരും അധ്വാനിക്കണമെന്നും കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. 2047ഓടെ രാജ്യത്തെ വികസിത രാഷ്ട്രമാക്കാൻ ലക്ഷ്യമിട്ട് ഓരോ പൗരന്മാരും പ്രവർത്തിക്കണം. കേരള കാർഷിക സർവകലാശാലയും ഭാരതീയ കാർഷിക ഗവേഷണ കൗൺസിലും (ഐ.സി.എ.ആർ) സംയുക്തമായി സംഘടിപ്പിച്ച വനിത കാർഷിക സംരംഭക മേഖല സമ്മേളനം 2024 വെള്ളാനിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് കാർഷിക ഉൽപന്ന കയറ്റുമതിക്ക് സഹായകമായ ശീത സംഭരണികൾ, ഭക്ഷ്യ പരിശോധന ലാബുകൾ തുടങ്ങിയവ ഒരുക്കാൻ സംസ്ഥാന സർക്കാറുകളോട് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ആരംഭിച്ച ഡി.പി.ആർ ക്ലിനിക്കുകൾ സംരംഭകത്വ വികസന കാർഷിക രംഗത്ത് വൻ മുന്നേറ്റത്തിന് കാരണമായതായി ചടങ്ങിൽ സംസാരിച്ച സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഒല്ലൂരിൽ തുടങ്ങിയ ‘ഒല്ലൂർ കൃഷി സമൃദ്ധി കൂട്ടായ്മ’ വനിത കാർഷിക സംരംഭകത്വ രംഗത്തെ പ്രസക്തമായ മുന്നേറ്റമാണെന്ന് റവന്യൂ മന്ത്രി കെ. രാജനും പറഞ്ഞു.
കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് അധ്യക്ഷത വഹിച്ചു. കാഴ്ച പരിമിതികളെ അവഗണിച്ച് കേരളത്തിലെ മികച്ച സംരംഭകയായി വളർന്ന ഗീത സലീഷിനെ ചടങ്ങിൽ കേന്ദ്ര മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ഐ.സി.എ.ആർ അടാരി ഡയറക്ടർ ഡോ. വെങ്കടസുബ്രഹ്മണ്യം, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, നാഷനൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. പളനിമുത്തു, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. മധു സുബ്രഹ്മണ്യം, വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.