മലയാളിയുടെ കാതോരത്ത് ഇപ്പോഴും റേഡിയോ പാടുന്നു

തൊടുപുഴ: വിരലനക്കങ്ങളില്‍ വാര്‍ത്തയുടെയും സംഗീതത്തിന്‍െറയും നേരമ്പോക്കുകളുടെയും തിരയടിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെ പ്രളയത്തിനുമുന്നിലും മലയാളിയുടെ കാതോരത്ത് റേഡിയോ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു. ടെലിവിഷന്‍ ചാനലുകളുടെയും നവമാധ്യമങ്ങളുടെയും തള്ളിക്കയറ്റത്തിനിടയിലും ഓഫ് ചെയ്തുവെക്കാനാകാത്ത ഗൃഹാതുരതയായി റേഡിയോ മലയാളിയെ പിന്തുടരുകയാണ്. വാര്‍ത്തകളും വിവരങ്ങളും നാടകവും ഇഷ്ടഗാനങ്ങളും നര്‍മസല്ലാപങ്ങളുമായി അടുക്കളയിലും വാഹനത്തിലും മൊബൈല്‍ ഫോണിലും മലയാളനാടിന്‍െറ വ്യത്യസ്ത ബാന്‍ഡുകളിലുള്ള അഭിരുചികളെ ഇപ്പോഴും ട്യൂണ്‍ ചെയ്യുന്നത് റേഡിയോതന്നെ.
സംഗീതത്തിന്‍െറ മഹാസാഗരമാണ് ഇന്‍റര്‍നെറ്റ്. അതില്‍നിന്ന് ഇഷ്ടപ്പെട്ടത് കൈയിലുള്ള മൊബൈലിലൂടെ തൊട്ടെടുക്കാം. എന്നിട്ടും കേരളത്തിലെ റേഡിയോ ശ്രോതാക്കളില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് സംഗീതപരിപാടികളാണെന്ന് ആകാശവാണിയുടെ ഓഡിയന്‍സ് റിസര്‍ച് യൂനിറ്റ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 43.7 ശതമാനം പേരും ഇഷ്ടപ്പെടുന്നത് സംഗീതപരിപാടികളാണ്. ഇതില്‍തന്നെ ചലച്ചിത്രഗാനങ്ങള്‍ക്കാണ് ഇപ്പോഴും ശ്രോതാക്കള്‍ കൂടുതല്‍-22.9 ശതമാനം. രണ്ടാംസ്ഥാനത്ത് ശാസ്ത്രീയ സംഗീതമാണ്-12.1 ശതമാനം. 3.6 ശതമാനം ശ്രോതാക്കള്‍ ഭക്തിഗാനങ്ങളും 1.9 ശതമാനം ലളിതസംഗീതവും ആസ്വദിക്കുന്നവരാണ്.
എട്ടോളം വാര്‍ത്തചാനലുകളുള്ള മലയാളത്തില്‍ ആകാശവാണി ശ്രോതാക്കളില്‍ 22.9 ശതമാനംപേര്‍ വാര്‍ത്തകള്‍ കേള്‍ക്കുന്നവരാണ്. മലയാളത്തെ അപേക്ഷിച്ച് ഇംഗ്ളീഷ് വാര്‍ത്തകള്‍ക്കാണ് ശ്രോതാക്കള്‍ കൂടുതല്‍ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 3.4 ശതമാനംപേര്‍ വീതം മലയാളം പ്രാദേശിക വാര്‍ത്തകളും ഡല്‍ഹിയില്‍നിന്നുള്ള മലയാളം വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ 9.0 ശതമാനം പേര്‍ കേള്‍ക്കുന്നത് ഇംഗ്ളീഷ് വാര്‍ത്തകളാണ്. 3.4 ശതമാനംപേര്‍ ഹിന്ദി വാര്‍ത്തകളും 1.1 ശതമാനം പേര്‍ സംസ്കൃത വാര്‍ത്തകളും കേള്‍ക്കുന്നു. 2.4 ശതമാനം പേര്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ഇഷ്ടപ്പെടുന്നവരാണ്.
ആധികാരികതയും വിശ്വാസ്യതയുമാണ് ആകാശവാണി വാര്‍ത്തകളുടെ ജനപ്രീതി നിലനിര്‍ത്തുന്ന പ്രധാന ഘടകം. ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ട പരിപാടികള്‍ കേള്‍ക്കാന്‍ താല്‍പര്യമുള്ളവരാണ് 4.5 ശതമാനം ശ്രോതാക്കള്‍. 1.8 ശതമാനം ശ്രോതാക്കള്‍ നാടകവും 1.4 ശതമാനംപേര്‍ സാഹിത്യ പരിപാടികളും 2.9 ശതമാനംപേര്‍ ചര്‍ച്ച, പ്രഭാഷണം എന്നിവയും ആസ്വദിക്കുന്നവരാണെന്നും പഠനം സൂചിപ്പിക്കുന്നു. ആകാശവാണി നിലയങ്ങളും സ്വകാര്യ എഫ്.എം സ്റ്റേഷനുകളും ഉള്‍പ്പെടെ 15ഓളം റേഡിയോ നിലയങ്ങളാണ് കേരളത്തിലുള്ളത്.

Tags:    
News Summary - world radio day 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.