യാക്കോബായ സഭയിൽ ഭിന്നത മുറുകുന്നു; കാതോലിക്ക ബാവയുടെ രാജി പാത്രിയാർക്കീസ് ബാവ അംഗീകരിച്ചു

കോലഞ്ചേരി: യാക്കോബായ സഭയിൽ ഭിന്നത മുറുകുന്നതിനിടെ മെത്രാപ്പോലീത്തൻ ട്രസ്​റ്റി സ്ഥാനത്തുനിന്നുള്ള കാതോലിക്ക ബാവയുടെ രാജി പാത്രിയാർക്കീസ് ബാവ അംഗീകരിച്ചു. കാതോലിക്ക, മെത്രാപ്പോലീത്തൻ ട്രസ്​റ്റി സ്ഥാനങ്ങളിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കത്ത് പരിഗണിച്ചാണ് സഭ മേലധ്യക്ഷനായ ഇഗ്​നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ തീരുമാനം.

ഈ മാസം അവസാനവാരം ത​​െൻറ മലങ്കര സന്ദർശനത്തി​​െൻറ ഭാഗമായി സഭ സമിതികൾ വിളിച്ചുചേർക്കാനും അതിൽ കാര്യങ്ങൾ തീരുമാനിക്കാനും പാത്രിയാർക്കീസ് ബാവ നിർദേശിച്ചിട്ടുണ്ട്. കാതോലിക്ക ബാവയെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ മുതിർന്ന മെത്രാപ്പോലീത്തമാരായ എബ്രഹാം മാർ സേവേറിയോസ്, തോമസ് മാർ തിമോത്തിയോസ്, ജോസഫ് മാർ ഗ്രിഗോറിയോസ് എന്നിവരടങ്ങിയ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സഭയിലെ ആഭ്യന്തര തർക്കത്തെ തുടർന്ന് കഴിഞ്ഞ 27നാണ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കാതോലിക്ക ബാവ കത്ത് നൽകിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളിൽ ചിലർ തനിക്കെതിരെ പ്രവർത്തിക്കുന്നതായും നവമാധ്യമങ്ങൾ വഴി അവഹേളിക്കുന്നതായും പരാതിയിൽ ആരോപിച്ചിരുന്നു. സഭ അൽമായ ട്രസ്​റ്റി സി.കെ. ഷാജി ചുണ്ടയിൽ, വൈദിക ട്രസ്​റ്റി ഫാ.സ്ലീബ പോൾ വട്ടവേലിൽ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം. അതേസമയം സമാന ആരോപണങ്ങളുന്നയിച്ച് കാതോലിക്ക ബാവക്ക് പിന്തുണയുമായി രണ്ട് മെത്രാപ്പോലീത്തമാരടക്കം ഒമ്പത്​ വർക്കിങ്​ കമ്മിറ്റി അംഗങ്ങൾ പാത്രിയാർക്കീസ് ബാവക്ക് പരാതി നൽകിയിട്ടുണ്ട്. ബാവയെ മെത്രാപ്പോലീത്തൻ ട്രസ്​റ്റി സ്ഥാനത്ത് നിലനിർത്തണമെന്നാണ് ഇവരുടെ ആവശ്യം.


പ്രശ്നങ്ങൾക്ക് കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഭക്ക് കീഴിലാക്കാനുള്ള നീക്കം
കോലഞ്ചേരി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഭക്ക് കീഴിലാക്കാനുള്ള പുതിയ ഭരണസമിതിയുടെ നീക്കമാണ് യാക്കോബായ സഭയിലെ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണം. കാതോലിക്ക ബസേലിയോസ് പ്രഥമൻ ബാവയെ മറയാക്കി ഒരു വിഭാഗം ആ നീക്കത്തെ ചെറുക്കുകയാണ്. 18 വർഷത്തിന്​ ശേഷമാണ് കഴിഞ്ഞ നവംബർ 19ന് യാക്കോബായ സഭയിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നത്. സഭ സെക്രട്ടറി സ്ഥാനത്തേക്ക് കാതോലിക്ക ബാവ പക്ഷത്തെ പീറ്റർ.കെ.ഏലിയാസും അൽമായ ട്രസ്​റ്റി, വൈദിക ട്രസ്​റ്റി സ്ഥാനങ്ങളിലേക്ക് കാതോലിക്ക വിരുദ്ധ പാനലിലെ സി.കെ. ഷാജി ചുണ്ടയിൽ, ഫാ.സ്ലീബ പോൾ വട്ടവേലിൽ എന്നിവരുമാണ് വിജയിച്ചത്. 18 വർഷമായി കണക്കോ ബജറ്റോ ഇല്ലാതിരുന്ന സഭയിൽ ഇക്കാര്യങ്ങളിൽ മാറ്റം വരുത്താനാണ് പുതിയ ഭരണസമിതി ശ്രമിച്ചത്. കോടികൾ വരുമാനമുണ്ടായിരുന്ന സഭക്ക് മൂവായിരത്തിൽ പരം രൂപ മാത്രമായിരുന്നു നീക്കിയിരുപ്പ്​.

തെരഞ്ഞെടുപ്പി​​െൻറ ഭാഗമായി തയാറാക്കിയ ഓഡിറ്റ് റിപ്പോർട്ടിലും കോടികളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിന് പിന്നാലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തായി. ഇത് ചർച്ചയായതോടെ കാതോലിക്ക ബാവ രാജി ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ്​ കേസ് നടത്തിപ്പുകൾക്കായി പുതിയ കേന്ദ്രീകൃത അക്കൗണ്ട് തുറക്കണമെന്ന നിർദേശം പുതിയ ഭരണസമിതി മുന്നോട്ടു​െവച്ചത്. എന്നാൽ, കാതോലിക്ക ബാവ അംഗീകരിച്ചില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്നും സഭക്ക് കീഴിലാക്കണമെന്നും പുതിയ ഭാരവാഹികൾ ആവശ്യപ്പെട്ടു. ചേലാട് ഡ​െൻറൽ കോളജ്, മലേക്കുരിശ് ബി.എഡ് കോളജ്, പിറവം ബി.പി.സി കോളജ്, പിറമാടം ബി.പി.എസ്. കോളജ്, പുത്തൻകുരിശ് സ​െൻറ്​ തോമസ് കോളജ് എന്നിവയാണ് സഭക്ക് കീഴിലുള്ളത്. കോടികൾ വരുമാനമുള്ള ഈ സ്ഥാപനങ്ങൾ ഇപ്പോഴും മുൻ ഭരണസമിതിയിലെ പ്രമുഖ​​െൻറ കൈകളിലാണ്. സ്ഥാപനങ്ങളുടെ മുഴുവൻ പ്രവർത്തനങ്ങളും പുതിയ ഭരണസമിതിയെ അറിയിച്ച് ചെയ്യണമെന്ന് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകിയെങ്കിലും അത് അവഗണിച്ചു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സഭസമിതികൾ വിളിച്ചുചേർക്കണമെന്ന അൽമായ ട്രസ്​റ്റി, വൈദിക ട്രസ്​റ്റി തുടങ്ങിയവരുടെ ആവശ്യവും കാതോലിക്ക ബാവ അംഗീകരിച്ചില്ല. ചേർന്ന യോഗമാകട്ടെ അജണ്ട ആരംഭിക്കുംമുമ്പ് പിരിച്ചുവിട്ടു. ഇതിനെ തുടർന്നാണ് അൽമായ ട്രസ്​റ്റിയും വൈദിക ട്രസ്​റ്റിയും ഇക്കാര്യം ആവശ്യപ്പെട്ട് കാതോലിക്ക ബാവക്ക്​ കത്ത് നൽകിയത്. കത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്​ കാതോലിക്ക ബാവയെ പ്രകോപിപ്പിക്കുകയായിരുന്നു.


Tags:    
News Summary - yacobaya sabha conflicts -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.