കൊച്ചി: ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ബാന്ധവം വേണ്ടെന്ന് കരട് രാഷ്ട്രീയ പ്രമേയത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി പ്രഖ്യാപിച്ചിരിക്കെ, സംസ്ഥാന സമ്മേളനത്തിൽ കോൺഗ്രസിനെക്കുറിച്ച് മിണ്ടാതെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെ സി.പി.എം സ്വയം ശക്തിപ്രാപിക്കേണ്ടതിന്റെയും ഇടത് ഐക്യത്തിന്‍റെയും ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം, കോൺഗ്രസ് എന്ന വാക്ക് ഉച്ചരിക്കാതെ ജനാധിപത്യ ശക്തികളെ ഒപ്പംചേർക്കണമെന്ന് മാത്രം പറഞ്ഞുവെച്ചു.
തുടർഭരണത്തിൽ എത്തിയ എൽ.ഡി.എഫ് സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സി.പി.എം നേതൃത്വം മൃദുഹിന്ദുത്വം ആരോപിച്ച് അവരെ കടന്നാക്രമിക്കുകയാണ്. ബി.ജെ.പിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നതാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ വാദം.
23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തപ്പോൾ കേരള ഘടകത്തിന്റെ വാദത്തിനാണ് പിന്തുണ ലഭിച്ചത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയെ എതിർക്കാൻ കേന്ദ്ര നേതൃത്വത്തിന്‍റെ അനുവാദം ഇല്ലാതെ കോൺഗ്രസുമായി രണ്ടു തെരഞ്ഞെടുപ്പിൽ സഖ്യത്തിൽ ഏർപ്പെട്ടെങ്കിലും തികഞ്ഞ പരാജയമായിരുന്നു. ഇത് കോൺഗ്രസുമായി ചേർന്ന് ബി.ജെ.പി വിരുദ്ധ പോരാട്ടമെന്ന സി.പി.എമ്മിലെ യെച്ചൂരി വിഭാഗത്തിന്റെ മുനയൊടിക്കുന്നതായി.
പാർലമെൻറിലും പുറത്തും ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസ് ഉൾപ്പെടെ മതേതര ജനാധിപത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കാമെന്നാണ് സി.പി.എം നിലപാട്. എന്നാൽ, കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് കരട് രാഷ്ട്രീയ പ്രമേയം അടിവരയിട്ട് വ്യക്തമാക്കുന്നു. ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്നത് തെരഞ്ഞെടുപ്പിലൂടെ മാത്രം സാധ്യമാകുമെന്ന് സി.പി.എം കരുതുന്നില്ലെന്ന് യെച്ചൂരി പറഞ്ഞു. ''അതിന് രാഷ്ട്രീയവും സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ മേഖലകളിൽ പ്രവർത്തനവും അനിവാര്യമാണ്. ഇതിന് സി.പി.എം ശക്തിപ്പെടണം. രാഷ്ട്രീയമായി ഇടപെടലിനുള്ള ശേഷിയും സ്വതന്ത്രമായ ശക്തിയും സി.പി.എം കൈവരിക്കണം. അതിലായിരിക്കണം ശ്രദ്ധ.
ജനകീയ പ്രക്ഷോഭങ്ങളിലൂടെ ഇടതു ശക്തികളുടെ ഐക്യം ശക്തിപ്പെടുത്തണം. വർഗസമരം വർധിപ്പിക്കണം. അതിന്റെ തുടർച്ചയായി ജനാധിപത്യ ശക്തികളെ ഒപ്പം ചേർക്കാനാകണം. അവരുമായി കൂട്ടുചേർന്ന് ബദൽ നയങ്ങൾ മുന്നോട്ടുവെക്കാൻ കഴിയണം. ഇടതുശക്തികളുടെ ഈ മുന്നേറ്റം നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് വരും. ആ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക പ്രധാന ഉത്തരവാദിത്തമാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാൻ ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കു''മെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.