കൊച്ചി: ഗാനഗന്ധർവൻ യേശുദാസ് 81ാം പിറന്നാളാഘോഷിക്കാൻ ഈ മാസം10 ന് മൂകാംബികാ സന്നിധിയിലെത്തില്ല. 48 വർഷമായി മുടങ്ങാതെ തന്‍റെ പിറന്നാൾ കുടുംബ സമേതം മൂകാംബിയമ്മയുടെ അടുത്താണ് ഭജനയിരുന്ന് കൊണ്ടാടിയിരുന്നത്.യു.എസിലെ ഡള്ളാസിലുള്ള യേശുദാസ് സുഹൃത്തും ഗാനരചയിതാവുമായ ആർ.കെ. ദാമോദരനുമായുള്ള ഫോൺ സംഭാഷണത്തിലാണ് ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ അമ്മയുടെ നടയിലെത്താനാവില്ലെന്ന് അറിയിച്ചത്.
ജനുവരി 10ന് ജൻമദിനവും 13ന്(ഉത്രാടം നക്ഷത്രം) പിറന്നാളും അടുത്തടുത്ത് വരുന്നതിനാൽ ഈ ദിവസങ്ങളിൽ മൂകാംബിക സന്നിധിയിലുണ്ടാകണമെന്ന ആഗ്രഹം രണ്ട് മാസം മുൻപ് വിളിച്ചപ്പോൾ അദ്ദേഹം ദാമോദരനുമായി പങ്കുവച്ചിരുന്നു. വരാനാവില്ലെങ്കിലും ദമ്പതീ സമേതം ചെയ്യേണ്ട ചണ്ഡികാഹോമം ഒഴിച്ചുള്ള പിറന്നാൾ പൂജാകർമങ്ങളെല്ലാം നടത്താൻ മുഖ്യ അർച്ചകൻ ഗോവിന്ദ അഡിഗയെ ഏൽപ്പിച്ചിട്ടുണ്ട്.
ഡള്ളാസിലെ വീട്ടു പൂജാ മുറിയിൽ വിളക്ക് കൊളുത്തി ജപധ്യാന ഗാനാരാധന ചെയ്യുമെന്നും പ്രാർഥനാനിരതനായി ദേവീ ക്ഷേത്ര ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.മാർച്ചിൽ വിമാന സർവീസ് ആരംഭിക്കുന്നതോടെ നാട്ടിലെത്തുന്നതാണ്. പിറന്നാളിനോടനുബന്ധിച്ച് സംഗീതഞ്ജൻ കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള മൂകാംബികാ സംഗീതോൽസവം പതിവു പോലെ ഇത്തവണയുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.