inl 98789

യോഗി വർഗീയത ചീറ്റുന്നത് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താൻ -ഐ.എൻ.എൽ

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതരാണെന്നും മറിച്ചുള്ള പ്രചാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നുമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം സംഘപരിവാറിന്റെ പ്രചാരണം മാത്രമാണെന്ന് ഐ.എൻ.എൽ. യോഗിയുടെ യു.പിയിൽ മുസ്‌ലിംകൾ അങ്ങേയറ്റത്തെ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണെന്ന യാഥാർഥ്യം അംഗീകരിക്കാൻ അദ്ദേഹം തയാറല്ല എന്ന് മാത്രമല്ല, സത്യം ചൂണ്ടിക്കാട്ടുമ്പോൾ  വർഗീയ വിഷംചീറ്റി ഭയപ്പെടുത്താൻ മുതിരുകയുമാണ്.

ഹിന്ദുക്കളും അവരുടെ പാരമ്പര്യവും സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം മുസ്‌ലിംകളും സുരക്ഷിതമായിരിക്കുമെന്ന യോഗിയുടെ സിദ്ധാന്തം, ഇവിടെ മുസ്‌ലിംകളിൽ നിന്ന് ഹിന്ദുക്കൾ ഭീഷണി നേരിടുകയാണെന്ന ആർ.എസ്.എസ് 'ശാഖ' യിൽ പഠിപ്പിക്കുന്ന പച്ചക്കള്ളം, പരസ്യമായി ആവർത്തിക്കലാണ്. വഖഫ് ഭേദഗതി ബില്ലിലൂടെ ബി.ജെ.പി സർക്കാർ മുസ്‌ലിം പള്ളികളും സ്വത്തുക്കളും പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണത്തെ അദ്ദേഹം നേരിടുന്നത് കടുത്ത ഭീഷണിയിലൂടെയാണ്.

മുസ്‌ലിംകൾ അവരുടെ ചരിത്രം മനസ്സിലാക്കുന്ന ദിവസം എല്ലാം കെട്ട്കെട്ടി ഓടിപ്പോകേണ്ടി വരുമത്രെ. 100 ഹിന്ദു കുടുംബത്തിന് നടുവിൽ ജീവിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതമാണെന്നും എന്നാൽ 100 മുസ്‌ലിം കുടുംബങ്ങളോടൊപ്പം ജീവിക്കുന്ന 50 ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരല്ലെന്നുമുള്ള യോഗിയുടെ വിഷലിപ്തമായ കണ്ടുപിടിത്തം ഒരു ഭരണാധികാരിയുടെ വർഗീയ മനസ്സിനെയാണ് തുറന്നുകാട്ടുന്നത്. എട്ടു നൂറ്റാണ്ടുകാലം മുസ്‌ലിംകൾ ഈ രാജ്യം ഭരിച്ചിട്ടും ആ വിഭാഗം ഇന്നും കേവലം ന്യൂനപക്ഷമായി തുടരുന്നത് പ്രജകളെ മതം നോക്കി വേർതിരിക്കാത്ത സഹിഷ്ണുത ഉയർത്തിപ്പിടിച്ച ഒരു നാഗരികതയുടെ തെളിവാണ്. രാജ്യത്ത് എവിടെയെങ്കിലും മുസ്‌ലിംകളിൽ നിന്ന് ഹിന്ദു സഹോദരങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെങ്കിൽ യോഗി ആദിത്യനാഥ് അത് ചൂണ്ടിക്കാണിക്കട്ടെയെന്ന് ഐ.എൻ.എൽ സംസ്ഥാന ജനൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - Yogi is spewing communalism to scare minorities INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.