തിരുവനന്തപുരം: കോവിഡ് കാലത്തെ സംസ്ഥാന സർക്കാർ നടപടികളെയും ഒപ്പം സംസ്ഥാന സർക്കാറിന്‍റെ പൊതുഗതാഗത നയത്തെയും പരിഹസിച്ചുള്ള ഗതാഗത സെക്രട്ടറിയുടെ പരാമർശങ്ങൾ വിവാദത്തിൽ.കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് യൂനിയന്‍റെ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് സി.എം.ഡി കൂടിയായ ബിജു പ്രഭാകർ വിവാദ പ്രതികരണങ്ങൾ നടത്തിയത്.
'ലോക്ഡൗണിൽ താൻ സി.എം.ഡിയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ ഇരുത്തിക്കൊണ്ട് പോകാം, നിന്നാൽ കൊറോണ പിടിക്കുമെന്നാണ് വിദഗ്ധർ എഴുതിക്കൊടുക്കുന്നത്. മോട്ടോർ വെഹിക്കിളുകാർ എവിടെ കണ്ടാലും പിടിക്കും.അടുത്തടുത്ത് ഇരുന്ന് പോയാൽ കൊറോണ പിടിക്കില്ല. എന്നാൽ, അടുത്ത് നിന്ന് പോയാൽ രോഗം പിടിക്കും. ഇതായിരുന്നു സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നിലപാടെ'ന്നും ബിജു പ്രഭാകർ പരിഹസിച്ചു.
ഇതോടൊപ്പം പൊതുഗതാഗത വിഷയത്തിലും സ്വകാര്യവത്കരണത്തിലുമടക്കം തന്‍റെ നിലപാടുകളും ബിജു പ്രഭാകർ വ്യക്തമാക്കി. 'പൊതുഗതാഗത കാര്യത്തിൽ എനിക്ക് വ്യക്തിപരമായി വിയോജിപ്പുള്ളത് കേന്ദ്രത്തിന്‍റെയും സംസ്ഥാന സർക്കാറിന്‍റെയും നിലപാടുകളിലാണ്.
പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നിലപാടുകളല്ല പലപ്പോഴും ഇവർ പിന്തുടരുന്നത്. 'മെട്രോ' എന്ന ഒറ്റ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളൂ. 20 ലക്ഷം ആളുകളെ കൊണ്ടുപോകുന്ന കെ.എസ്.ആർ.ടി.സിക്കുവേണ്ടി എത്ര രൂപയാണ് ചെലവഴിക്കുന്നത്.
താനാരെയും കുറ്റം പറയുന്നില്ല. ഞങ്ങളെ പോലുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും പുതുതായി വരുന്നവർക്കും മന്ത്രിമാർക്കുമെല്ലാം എഴുതിക്കൊടുക്കുന്ന'തെന്നും ബിജു പറഞ്ഞു.
ബിജു പ്രഭാകർ പറഞ്ഞതിങ്ങനെ:
'ഞാനും പറഞ്ഞേനെ സ്വകാര്യവത്കരിക്കണമെന്ന്'
...കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ കൈയിലുള്ള വസ്തുക്കളെല്ലാം തന്നെ വിറ്റഴിക്കാനുള്ള നിലപാടിനെ പൂർണമായും അംഗീകരിക്കുന്നയാളാണ് ഞാൻ.
ഇതിന്‍റെ (കെ.എസ്.ആർ.ടി.സിയെ) സെക്രട്ടറി മാത്രമായിരുന്നെങ്കിൽ ഞാനും പറഞ്ഞേനെ നമുക്കിതിനെ സ്വകാര്യവത്കരിക്കാമെന്ന്. പക്ഷേ, സി.എം.ഡി ആയതുകൊണ്ടും ഇത് നിലനിൽക്കേണ്ടത് നമ്മുടെയെല്ലാം ആവശ്യമായത് കൊണ്ടുമാണ് ഇതിനെ കാര്യക്ഷമമാക്കണമെന്ന് ചിന്തിക്കുന്നത്.
...ബിവറേജസിൽനിന്ന് രണ്ടെണ്ണം വാങ്ങി വീട്ടിൽ കൊണ്ടുപോയി അടിച്ചാൽ കൊറോണ വരുമെന്നാണ് പറഞ്ഞത്.
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ മയക്കുമരുന്നിലേക്ക് ചെറുപ്പക്കാർ മാറിയത് അന്ന് ബിവറേജസ് അടിച്ചിട്ടത് കൊണ്ട് മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.