കോട്ടയം: ചങ്ങനാശ്ശേരിയിൽ യുവ ഡോക്ടറെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി പണം തട്ടിയ ഫോൺ കോൾ എത്തിയത് വിദേശത്തു നിന്ന്. തിരുവനന്തപുരം സൈബർ ഓപറേഷൻ ടീം ആണ് ഇത് കണ്ടെത്തിയതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി എസ്.പി.ഷാഹുൽ ഹമീദ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് പെരുന്നയിൽ താമസിക്കുന്ന ഡോക്ടർക്ക് തട്ടിപ്പ് സംഘത്തിന്റെ കോൾ വരുന്നത്. ഇന്ത്യ പോസ്റ്റിന്റെ മുംബൈയിലുള്ള ഓഫിസിൽ ഡോക്ടറുടെ പേരിൽ കൊറിയർ വന്നിട്ടുണ്ടെന്നും അതിൽ നിയമവിരുദ്ധ വസ്തുക്കളാണെന്നുമായിരുന്നു അറിയിപ്പ്. ഇത് മുംബൈ പൊലീസിന് കൈമാറുകയാണെന്നും ചൊവ്വാഴ്ച രാവിലെ അവർ ബന്ധപ്പെടുമെന്നും അറിയിച്ചു. ഫോൺ എടുക്കണം, ജോലിക്ക് പോകരുത് എന്ന് പറഞ്ഞുവെന്നും എസ്.പി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പത്തോടെ വീണ്ടും ഫോൺ വന്നു. ഡോക്ടറുടെ അക്കൗണ്ടുമായി കള്ളപ്പണ ഇടപാടുകൾ നടത്തുന്നവർക്ക് ബന്ധമുണ്ടെന്നായിരുന്നു തെറ്റിദ്ധരിപ്പിക്കുന്ന അറിയിപ്പ്. ഉടൻ അധാർ വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടു. ഡോക്ടർ ഇതു നൽകി. പിന്നാലെ സുപ്രീംകോടതിയുടെയും ആർ.ബി.ഐയുടെയും എന്ന പേരിൽ രേഖകൾ അയക്കുകയായിരുന്നു.
പരിശോധനക്കായി അക്കൗണ്ടിലെ തുക മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും അറിയിച്ചു. ഫോണിന്റെ മുമ്പിൽ നിന്ന് മാറരുതെന്നും വെർച്വൽ അറസ്റ്റാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡോക്ടറുടെ എസ്.ബി.ഐ അക്കൗണ്ടിൽ ഓൺലൈൻ ഇടപാട് ഇല്ലാത്തതിനാൽ, ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷനിലെ ശാഖയിൽ നേരിട്ടെത്തുകയായിരുന്നു. വീട്ടിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് ഡോക്ടർ എത്തിയത് ജീവനക്കാരിൽ സംശയമുളവാക്കി.
പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ പെരുന്നയിലെ വീട്ടിലെത്തി ഡോക്ടറെ കണ്ട് സംസാരിച്ചപ്പോഴും നിഷേധാത്മകമായാണ് പ്രതികരിച്ചത്. പൊലീസ് ബലം പ്രയോഗിച്ച് ഡോക്ടറുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനിടെ വിഡിയോ കോളിൽ മുംബൈ പൊലീസ് എന്നപേരിൽ കോൾ വന്നു.
കോളിൽ ഉണ്ടായിരുന്ന ആൾക്കാർ കൂടുതൽ പണം ആവശ്യപ്പെടുകയും പുറത്തേക്ക് പോകരുതെന്ന് ഹിന്ദിയിൽ പറയുകയും ചെയ്തു. ഇതോടെ കേരള പൊലീസാണെന്ന് അറിയിക്കുകയും യൂണിഫോം കാണുകയും ചെയ്തപ്പോൾ സംഘം ഫോൺ സ്വിച്ച് ഓഫ് ചെയ്തു പോകുകയായിരുന്നു. സംഭവസമയത്ത് ഡോക്ടർ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും എസ്.പി പറഞ്ഞു.
കോട്ടയം: വെർച്വൽ അറസ്റ്റിലാണെന്ന് വ്യക്തമാക്കി ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറിൽനിന്ന് തട്ടിപ്പ് സംഘം പണം വാങ്ങിയത് പട്നയിലുള്ള അക്കൗണ്ടിലേക്ക്. ഓൺലൈൻ ഇടപാട് നടത്താനുള്ള സംവിധാനം ഇല്ലാത്തതിനാൽ ഡോക്ടർ നേരിട്ട് ബാങ്കിലെത്തിയാണ് പണം അയച്ചുനൽകിയത്. പട്നയിലെ ഒറ്റപ്പെട്ട പ്രദേശത്തുള്ള ബ്രാഞ്ചിലേക്കാണ് പണം അയക്കേണ്ടതെന്ന് കണ്ടതോടെ ജീവനക്കാരും സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതോടെ ഇടപാട് തട്ടിപ്പാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടറോട് പറഞ്ഞിരുന്നതായി എസ്.ബി.ഐ സർവിസ് മാനേജർ മീന ബാബു പറഞ്ഞു. പേരും വിവരങ്ങളുമൊക്കെ ബുദ്ധിമുട്ടിയാണ് ഡോക്ടർ പറഞ്ഞത്. അദ്ദേഹത്തിന്റെ പരിഭ്രാന്തിയും സംശയം ഇരട്ടിപ്പിച്ചു. ഇതോടെ വീണ്ടും തട്ടിപ്പെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും സുഹൃത്താണെന്ന് ഡോക്ടർ പറഞ്ഞു.
ഉടൻ അയക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നതോടെ പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നും അവർ പറഞ്ഞു. പിന്നീട് ഇന്റേണൽ സെക്യൂരിറ്റി സിസ്റ്റത്തിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതിനുപിന്നാലെ ബാങ്ക് അധികൃതർ ഇദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും സുഹൃത്താണെന്ന നിലപാടിൽതന്നെ ഡോക്ടർ ഉറച്ചുനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.