പറവൂർ: പെരിയാറിന്റെ കൈവഴിയായ കടൽവാതുരുത്ത് പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായത് അശ്രദ്ധമായ ഡ്രൈവിങ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പ്. അപകടസ്ഥലവും ഡോക്ടർമാർ സഞ്ചരിച്ച കാറും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയിൽ കടൽവാതുരുത്ത് കടവിലാണ് അപകടം.
കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എ.ആർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ മതിലകം പാമ്പിനേഴത്ത് ഒഫൂർ-ഹഫ്സ ദമ്പതികളുടെ മകൻ ഡോ. അജ്മൽ ആസിഫ് (28), കൊല്ലം മയ്യനാട് തട്ടാമല തുണ്ടിയിൽ ഡോ. അദ്വൈത് (28) എന്നിവരാണ് മരിച്ചത്. ഗൂഗ്ൾ മാപ്പിൽ വഴി കൃത്യമായി കാണിക്കുന്നുണ്ട്. മേഖലയിലെ ദിശാ ബോർഡുകളും ഗൂഗ്ൾ മാപ്പും ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാത 66 ഒഴിവാക്കി ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് കടൽവാതുരുത്തിൽ എത്തിയത്.
ഹോളിക്രോസ് കവലയിൽനിന്ന് ഇടത്തേക്ക് തിരിയാതെ നേരെ കടൽവാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു. ദേശീയപാതയിലൂടെ വന്ന കാർ ലേബർ കവലയിൽനിന്ന് ഇടത്തേക്ക് പോകേണ്ടതിനു പകരം വലത്തേക്കു തിരിഞ്ഞു കടൽവാതുരുത്തിൽ എത്തിയതാണെന്ന് അപകടത്തിൽനിന്ന് രക്ഷപ്പെട്ട യുവതി ആദ്യം പൊലീസിന് നൽകിയ മൊഴി തെറ്റാണ്. യുവതിക്കും വാഹനം ഓടിച്ച ഡോ. അദ്വൈതിനും വഴി കൃത്യമായി അറിയില്ലായിരുന്നു.
വാഹനത്തിന് തകരാർ ഉണ്ടായിരുന്നില്ല. സുരക്ഷക്കായി പുഴയുടെ സമീപം റോഡ് അവസാനിക്കുന്നതിന് 25 മീറ്റർ മുമ്പെങ്കിലും ബാരിക്കേഡ് വെക്കണമെന്ന് പി.ഡബ്ല്യു.ഡിയോടും ചേന്ദമംഗലം പഞ്ചായത്തിനോടും ആവശ്യപ്പെടുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്കുമാർ പറഞ്ഞു. ഗൂഗ്ൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഉണ്ടായെങ്കിലും ഇത് തെറ്റാണെന്ന് കഴിഞ്ഞ ദിവസം വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.