ചാരുംമൂട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻകണ്ടം ഭാഗത്ത് ഷാ മൻസിലിൽ ഷായെയാണ് (26) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നൂറനാട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്: ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ പെൺകുട്ടിയുടെ സ്വർണാഭരണങ്ങൾ ഇയാൾ പണയംവെച്ചിരുന്നു.
ഈ ആഭരണങ്ങൾ തിരികെ നൽകാമെന്ന് പറഞ്ഞും വിവാഹ വാഗ്ദാനം നൽകിയും ഭരണിക്കാവിലുള്ള വാടകവീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നൂറനാട് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ പരിശോധനയിൽ ഇയാൾക്ക് നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ മെസേജുകൾക്ക് മറുപടി അയക്കുന്ന പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി സ്വർണാഭരണങ്ങൾ കൈക്കലാക്കി ശാരീരികമായി പീഡിപ്പിച്ച് ഉപേക്ഷിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വെഞ്ഞാറംമൂട് സ്റ്റേഷനിൽ പ്രതിക്കെതിരെ സമാനമായ കേസുണ്ട്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
സ്വർണാഭരണങ്ങൾ നഷ്ടപ്പെടുന്ന പെൺകുട്ടികൾ വീട്ടിൽ പറയാതിരിക്കുന്നത് ഇയാൾക്ക് സഹായകരമായിരുന്നു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐമാരായ എസ്. നിതീഷ്, സുഭാഷ് ബാബു, സി.പി.ഒമാരായ സിനു വർഗീസ്, ജയേഷ്, പ്രസന്നകുമാരി, വിഷ്ണു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.