യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: വ്യാജ ഐഡി കാര്‍ഡ് കേസില്‍ നാല് പ്രവര്‍ത്തകർ കസ്റ്റഡിയില്‍

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയില്‍. കേസില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി, അടൂര്‍ സ്വദേശി വികാസ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോൺ​ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് പിടിയിലായതെന്ന് പറയുന്നു.

പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിരിക്കയാണ്. ഇവ ഉപയോ​ഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. ഡി.വൈ.എഫ്.ഐ പരാതിയിലായിരുന്നു അന്വേഷണം. 10 പരാതികൾ വേറെയും പൊലീസിനു ലഭിച്ചിട്ടുണ്ട്.

പുറത്തു വന്നതു മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോ​ഗിച്ച് വ്യാജ രേഖകൾ നിർമിക്കപ്പെട്ടതായി അന്വേഷണ സംഘം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പന്തളത്തു നിന്നു പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കാനും നിർദേശിച്ചിരിക്കുകയാണ്. സർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പി.വി. രതീഷിനും തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ നൽകാൻ യൂത്ത് കോൺ​ഗ്രസ് കേന്ദ്ര തെര‍ഞ്ഞെടുപ്പ് അതോറിറ്റിക്കും നോട്ടീസ് അയച്ചു.

വിഷയത്തിൽ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകിയിരുന്നില്ല. മൂന്ന് ദിവസത്തെ സമയ പരിധി അവസാനിച്ചതിനാൽ നിയമപരമായ നടപടികളുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. 

Tags:    
News Summary - Youth Congress election: Four activists in custody in fake ID card case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.