തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം മേയ് 23 മുതല്‍ 26 വരെ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ‘നീതി നിഷേധങ്ങളില്‍ നിശ്ശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല’ എന്നതാണ് പ്രമേയം.
21ന് വൈസ് പ്രസിഡന്‍റുമാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ നേതൃത്വത്തില്‍ രക്തസാക്ഷി ഛായാചിത്ര ജാഥ കാസർകോട് പെരിയയില്‍നിന്ന് ആരംഭിക്കും. 22ന് തിരുവനന്തപുരത്തുനിന്ന് വൈസ് പ്രസിഡന്‍റുമാരായ കെ.എസ്. ശബരീനാഥ്, എസ്.എം. ബാലു എന്നിവര്‍ നയിക്കുന്ന പതാകജാഥയും വൈക്കത്ത് നിന്ന് വൈസ് പ്രസിഡന്‍റുമാരായ എന്‍.എസ്. നുസൂര്‍, എസ്.ജെ. പ്രേംരാജ് എന്നിവര്‍ നയിക്കുന്ന കൊടിമര ജാഥയും ആരംഭിക്കും. 23ന് വൈകീട്ട് തൃശൂരിൽ മൂന്ന് ജാഥകളും സമാപിക്കും.
സാംസ്കാരിക സംഗമം 22ന് നടക്കും. 24ന് വൈകീട്ട് കുടുംബസംഗമം പുഴയോരം ഗാര്‍ഡന്‍സില്‍ നടക്കും. 25ന് ഉച്ചക്ക് മൂന്നിന് ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി തൃശൂര്‍ സ്വരാജ് റൗണ്ടിൽ സംഘടിപ്പിക്കും. 26ന് പ്രതിനിധി സമ്മേളനം തൃശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിൽ നടക്കും. 20ന് സൗഹൃദ ഫുട്‌ബാള്‍ മത്സരം സംഘടിപ്പിക്കും.
ഗുണ്ട പ്രവര്‍ത്തനത്തിന് പകരം ആള്‍മാറാട്ടമാണ് എസ്.എഫ്.ഐയുടെ പുതിയ രീതിയെന്നും കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐയുടെ ആള്‍മാറാട്ടം നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, ജില്ല പ്രസിഡന്റ് ഒ.ജെ. ജനീഷ്, സംസ്ഥാന ഭാരവാഹികളായ ജോബിൻ ജേക്കബ്, രാഹുല്‍ മാങ്കൂട്ടത്തില്‍, അനീഷ് കാട്ടാക്കട, ഷിബിന, റിജി റഷീദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.